മുംബൈ ചെറുവിമാനാപകടം; സ്വന്തം ജീവന്‍ ബലി നല്‍കി അവൾ രക്ഷിച്ചത് ആയിരക്കണക്കിന് പേരുടെ ജീവന്‍, വനിതാ പൈലറ്റിന് രാജ്യമെമ്പാടും ആദരവ്

by News Desk 6 | June 29, 2018 9:58 am

ഇന്നലെ ഉച്ചയോടയാണ് മുംബൈ നഗരത്തിലെ ഘാട്കോപ്പര്‍ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ വനിതാ പൈലറ്റിന്റെ കൃത്യമായ തീരുമാനമാണ് വന്‍ അപകടത്തില്‍ നിന്നും മുംബൈയെ രക്ഷിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടിട്ടും വിമാനം കെട്ടിടങ്ങളിൽ ഇടിക്കാതെ കാത്ത വനിതാ പൈലറ്റ് രക്ഷിച്ചത് ഒട്ടേറെ പേരുടെ ജീവനാണ്. ഇവരുൾപ്പെടെ രണ്ടു പൈലറ്റുമാരും രണ്ട് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർമാരും തകർന്ന വിമാനത്തിന് അടിയിൽപ്പെട്ട വഴിയാത്രക്കാരനുമാണ് അപകടത്തില്‍ മരിച്ചത്. ഒട്ടേറെ ഫ്ലാറ്റ് സമുച്ചയങ്ങളുള്ള മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.

പന്ത്രണ്ട് സീറ്റുളള ചെറു വിമാനം പരിശോധനപ്പറക്കൽ നടത്തുന്നതിനിടെ ഉച്ചയ്ക്ക് 1.10നാണ് തകര്‍ന്നുവീഴുന്നത്. ഘാട്കോപ്പറിൽ ഒട്ടേറെ ഫ്ലാറ്റ് സമുച്ചയങ്ങളുള്ള മേഖലയ്ക്കു മുകളിൽ വച്ച് നിയന്ത്രണം നഷ്ടമായ ഉടൻ വനിതാ പൈലറ്റ് മറിയ സുബേരി പുതിയ കെട്ടിടത്തിനായി നിലമൊരുക്കൽ ജോലി നടക്കുന്ന സ്ഥലത്തേക്കാണ് വിമാനം ഇടിച്ചിറക്കിയത്. വൻ ശബ്ദത്തോടെ പൊട്ടിത്തകർന്ന വിമാനത്തിന് ഉടന്‍ തീപിടിച്ചു. ഗുഡ്ക കമ്പനി ഉടമ ദീപക് കോത്താരിയുടെ യുവൈ ഗ്രൂപ്പിന്റേതാണു കിങ് എയർ സി 90 വിമാനം. യുപി സർക്കാരിന്റെ ഉടമസ്ഥയിലായിരുന്ന ഇത് 2014ൽ മുംബൈ ആസ്ഥാനമായ യുവൈ വാങ്ങുകയായിരുന്നു. അറ്റകുറ്റപ്പണിക്കു ശേഷം ജുഹു എയ്റോഡ്രോമിൽ നിന്നു പരിശോധനാ പറക്കൽ നടത്തി മുംബൈ വിമാനത്താവളത്തിലെ ബേസിലേക്കു മടങ്ങവെയാണ് ദുരന്തം. വിമാനം തകര്‍ന്നുവീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

തകർന്നു വീണ കെട്ടിടത്തിനു സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് തീഗോളമായി വിമാനം വന്നുപതിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. വിമാനത്തിലെ വനിതാ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണു സംഭവം വൻ ദുരന്തത്തില്‍ കലാശിക്കാതിരിക്കുന്നതിനു സഹായിച്ചതെന്ന് മുൻ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ പറഞ്ഞു. സ്വന്തം ജീവൻ ത്യജിച്ചാണ് പൈലറ്റ് വിമാനം താരതമ്യേന തിരക്കു കുറഞ്ഞയിടത്ത് ഇടിച്ചിറക്കിയതെന്നും പട്ടേൽ ട്വീറ്റ് ചെയ്തു. വനിതാപൈലറ്റിന് അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു.

ക്യാപ്റ്റൻ പ്രദീപ് രജ്പുത്, ക്യാപ്റ്റൻ മരിയ, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ സുരഭി ഗുപ്ത, ജൂനിയർ ടെക്നിഷ്യൻ മനീഷ് പാണ്ഡെ എന്നിവർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സുരഭി രണ്ടുമാസം ഗർഭിണിയായിരുന്നു. ഒരു വഴിയാത്രക്കാരനും അപകടത്തിൽ മരിച്ചു. വിമാനാപകടത്തിനു പിന്നിൽ ഉടമകളായ കമ്പനിയുടെ കെടുകാര്യസ്ഥതയാണെന്നു മരിയയുടെ ഭർത്താവ് കുറ്റപ്പെടുത്തി. മോശം കാലാവസ്ഥ കാരണം വിമാനം പറത്താനാകില്ലെന്നാണു തന്നോടു മരിയ പറഞ്ഞത്. പിന്നെയും വിമാനം പറന്നുയർന്നെങ്കില്‍ അതിനു പിന്നിൽ കമ്പനിയായിരിക്കുമെന്നും ഭർത്താവ് മാധ്യമങ്ങളോടു പറഞ്ഞു.

20 വർഷത്തെ പഴക്കമുള്ള വിമാനമാണ് അപകടത്തിന് ഇടയാക്കിയത്. എന്നാൽ കാലപ്പഴക്കം കാരണമാണോ വിമാനം തകർന്നതെന്നു വ്യക്തമല്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു.

Endnotes:
  1. തകർപ്പൻ അടിയോടുകൂടി !!! മുംബൈ ഇന്ത്യൻസ് പോയിന്റ പട്ടികയിൽ ഒന്നാമത്; പഞ്ചാബിന്റെ കൂറ്റൻ സ്കോറിന് മുൻപിൽ പതറാതെ മുംബൈയ്ക്ക് 8 വിക്കറ്റിന്റെ ആധികാരിക വിജയം: http://malayalamuk.com/ipl-2017-10mi-vs-kxip-mumbai-indians-vs-kings-xi-punjab-report/
  2. അറിയാം സ്ത്രീയുടെ മഹത്വത്തെ; അംഗീകരിക്കാം ആ മനസ്സിനെ; ഇന്ന് ലോക വനിതാ ദിനം; ആ സ്ത്രീ പുണ്യത്തെ ലോകമെമ്പാടും ആദരിക്കുന്ന ഈ ദിവസത്തില്‍, ഒരു സ്ത്രീയെന്നതില്‍ നമുക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാം: http://malayalamuk.com/sevanam-uk-9/
  3. വ്രതാരംഭത്തിന് മുമ്പായി പുലര്‍ച്ചെ എഴുന്നേറ്റവര്‍ രക്ഷകരായി; ലണ്ടന്‍ തീപിടുത്തത്തില്‍ വെന്തു മരിക്കാതെ നിരവധിപ്പേരെ രക്ഷിച്ചത് റംസാന്‍ നോമ്പ്: http://malayalamuk.com/grenfil-tower-fire/
  4. മുടക്കിയ കോടികൾ ആരൊക്കെ തിരിച്ചു നൽകും ! ഐപിഎൽ കോടികൾ കടന്ന താരലേലം, ഒരു അവലോകനം……ടീമുകൾ കൂടുതൽ നോട്ടമിട്ടത് ആരെയാണ്?: http://malayalamuk.com/most-price-player-and-wicketkeeper-ipl/
  5. ഭീകരാക്രമണത്തിന്റെ ഭാഗമായി എട്ടു തവണ ഇന്ത്യയിലെത്തിയിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി; ഏഴു തവണ എത്തിയത് മുംബൈയില്‍: http://malayalamuk.com/david-callman-reach-india/
  6. ദേശീയ വനിതാ കമ്മീഷന്‍ എന്താ മൂക്ക് ചെത്തുമോ? ബത്ത തന്നാല്‍ ഡല്‍ഹിയില്‍ വരാം ഇല്ലെങ്കില്‍ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെ; വിവാദ പ്രസ്താവനയുമായി പി.സി ജോര്‍ജ് വീണ്ടും: http://malayalamuk.com/pc-george-mla-on-national-women-commission/

Source URL: http://malayalamuk.com/%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b8%e0%b5%8d/