പൊള്ളിച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിയോട് തിരുനാവരശ് എന്ന ചെറുപ്പക്കാരന്‍ സൗഹൃദം സ്ഥാപിക്കുന്നു. തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥനയും. ഒരു ദിവസം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് തിരുനാവക്കരശ് പെണ്‍കുട്ടിയെ കാറിലേക്ക് ക്ഷണിക്കുന്നു. വിസമ്മതം കാണിച്ചപ്പോള്‍ നിര്‍ബന്ധിച്ചു കയറ്റി. കാര്‍ പോകുന്ന വഴിയില്‍ വച്ച് മറ്റു മൂന്നുപേര്‍ കൂടി കാറിനുള്ളിലേക്ക് കയറി. തുടര്‍ന്നു നാലുപേരും കൂടി പെണ്‍കുട്ടിയെ പീഢിപ്പിച്ചു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലും പകര്‍ത്തിയശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

തനിക്കുണ്ടായ ദുരന്തം 19 കാരിയായ പെണ്‍കുട്ടി തന്റെ സഹോദരനോട് പറഞ്ഞു. സഹോദരന്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ശബരിരാജന്‍ എന്ന റിഷ്വന്ത്, സതീഷ്, വസന്തകുമാര്‍ എന്നിവരെ ഫെബ്രുവരി 25 ന് പിടികൂടി. പിടിയിലായവരില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് മാര്‍ച്ച് 5 ന് തിരുനാവാക്കരശിനെയും കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരകളാകുന്ന നൂറുകണക്കിന് പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ ആ ഫോണില്‍ ഉണ്ടായിരുന്നു.

തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഇപ്പോള്‍ ഈ കേസ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച വിഷയവും ഇതാണ്. പൊള്ളാച്ചിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ ശബരീരാജന്‍, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ ഏഴുവര്‍ഷത്തിനിടയില്‍ നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചിരിക്കുന്നതെന്നാണ് പൊലീസിന വിവരം കിട്ടിയിരിക്കുന്നത്. പീഡനങ്ങളുടെയെല്ലാം ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരേ ഗൂണ്ട അക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. പിടിയിലായ നാലു പ്രതികളും ഇരുപത് വയസിന് അടുത്ത് മാത്രം പ്രായമുള്ളവരാണ്.

പിടിയിലായവര്‍ക്കൊപ്പം ചില ഉന്നതരുടെ മക്കളും ഉണ്ടെന്ന ആരോപണം ശക്തമായിരിക്കുന്നതോടെ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബി സിഐഡി ക്ക് വിട്ടിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഡിഎംകെയാണ് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. എ ഐ എ ഡി എം കെ മന്ത്രി എസ് പി വേലുമണി, എംഎല്‍എ എന്‍ ജയരാമന്‍ എന്നിവരുടെ മക്കള്‍ക്ക് പ്രതികളുമായി ബന്ധം ഉണ്ടെന്നാണ് ഡിഎംകെയുടെ ആരോപണം. സര്‍ക്കാര്‍ ഈ കേസില്‍ ഇടപെട്ടിട്ടുണ്ടെന്നും ഇതേ കുറിച്ചും അന്വേഷിക്കുന്നതിനായി സിബിഐയെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. പൊള്ളാച്ചിയില്‍ ഈ വിഷയത്തിന്റെ പേരില്‍ വലിയ പ്രകടനങ്ങളും ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തുകയുണ്ടായി.

പ്രതികളുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ ആകെ ഞെട്ടിക്കുന്നതാണ്. തങ്ങളുടെ വലിയിലാകുന്ന പെണ്‍കുട്ടികളെ പലതരത്തിലുള്ള ശാരീരിക-മാനസിക പീഡനങ്ങള്‍ക്കായിരുന്നു പ്രതികള്‍ വിധേയരാക്കിയിരുന്നത്. കൂടാതെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്‌മെയിലിംഗും നടത്തിയിരുന്നു. ഇതുവഴി വന്‍ സാമ്പത്തിക നേട്ടവും പ്രതികള്‍ ഉണ്ടാക്കിയിരുന്നു.

സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടികളുമായി പ്രതികള്‍ സൗഹൃദം ഉണ്ടാക്കുന്നത്. പിന്നീട് ഈ സൗഹൃദം ഉപയോഗിച്ച് പെണ്‍കുട്ടികളെ തങ്ങളുടെ അരികിലേക്ക് ഇവര്‍ എത്തിക്കും. തുടര്‍ന്ന് ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്യും. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തും. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഇരകളായ പെണ്‍കുട്ടികളെ വീണ്ടും ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണം ചെയ്യും.

നാണക്കേടും ഭീഷണിയും ഭയന്നു ഇതുവരെയാരും പ്രതികള്‍ക്കെതിരേ പരാതി നല്‍കാന്‍ തയ്യാറായില്ല എന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്. പ്രതികളില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതു വഴി തിരിച്ചറിഞ്ഞ ചില പെണ്‍കുട്ടികളെ പൊലീസ് സമീപിച്ചെങ്കിലും ഇവര്‍ പരാതി നല്‍ക്കാന്‍ തയ്യാറില്ലെന്നാണ് പറയുന്നത്. പരാതി നല്‍കാന്‍ മുന്നോട്ടുവരാന്‍ താത്പര്യം കാണിക്കാത്തവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ കൊണ്ടുവന്നു രഹസ്യ മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. പ്രതികള്‍ ഏതെങ്കിലും പെണ്‍വാണിഭ സംഘങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവരാണോ എന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവവും പ്രതികളുമായി ബന്ധപ്പെട്ടാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരകളായവരെ കണ്ടെത്തുകയാണ് ഇപ്പോള്‍ അന്വേഷണം സംഘം ശ്രമിക്കുന്നത്.

അതേസമയം പരാതിക്കാരിയായ പെണ്‍കുട്ടിയെ കുറിച്ച് വ്യാജപ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ കോയമ്പത്തൂര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വ്യാജപ്രാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നു കളക്ടര്‍ കെ രാജാമണി അറിയിച്ചിട്ടുണ്ട്.

അതേസമയം ഈ സംഭവം തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധത്തിനു കളമൊരുക്കിയിരിക്കുകയാണ്. ചലച്ചിത്ര, മാധ്യമ- സാമൂഹ്യപ്രവര്‍ത്തകരും വിവിധ സ്ത്രീ സംഘടനകളും എസ് എഫ് ഐ പോലുള്ള വിദ്യാര്‍ത്ഥി-യുവജന സംഘടനകളും ഡിഎംകെയുമെല്ലാം പ്രതിഷേധപ്രകടനങ്ങളും സമരങ്ങളുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. കോയമ്പത്തൂര്‍ കളക് ട്രേറ്റിനു മുന്നില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു. പ്രതികളെയെല്ലാം ഗൂണ്ടാ ആക്ടിനു കീഴില്‍ കൊണ്ടുവരണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നും രാഷ്ട്രയക്കാരുടെ അവരുടെ മക്കളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആരെയും രക്ഷപ്പെടാന്‍ അനവദിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു എസ് എഫ് ഐ യുടെ സമരം. എ ഐ എ ഡി എം കെ സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിത്വമില്ലാതായെന്ന ആരോപണം ഉയര്‍ത്തിയാണ് ഡിഎംകെയുടെ പ്രതിഷേധം. കനിമൊഴിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി തെരുവില്‍ ഇറങ്ങിയത്. അതേസമയം തങ്ങള്‍ക്കെതിരേ വ്യാജപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് എ ഐ എഡി എംകെ നേതാക്കള്‍ ഡിഎംകെ്‌യ്‌ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.