അയര്‍ലണ്ടില്‍ നടന്ന ടീച്ചേര്‍സ് കോണ്‍ഫറന്‍സില്‍ വെച്ചാണ് അപര്‍ണ്ണ ജയകൃഷ്ണനെ പരിചയപ്പെട്ടത്. ആംഗലേയ സാഹിത്യത്തിലെ പ്രണയ കവികളായ വോര്‍ദ്‌സ്‌വോര്‍ത്തിന്റെയും കീറ്റ്സിന്റെയും കവിതകളെ ആസ്പദമാക്കി ‘പ്രകൃതിയും പ്രണയവും കവിതയില്‍’ എന്നാ വിഷയത്തില്‍ ഒരു മണിക്കൂറോളം നീണ്ടു നിന്ന പ്രഭാഷണവും അവതരണവും. കവിത ഇഷ്ട്ടപ്പെട്ടിരുന്നെങ്കിലും റൊമാന്റിക് പോയട്രിയില്‍ ഇത്രയും ഭംഗി ഒളിഞ്ഞു കിടക്കുന്നതായി അപര്‍ണ്ണക്ക് മുന്‌പെങ്ങും അനുഭവപ്പെട്ടിരുന്നില്ല. വായനയുടെ ലോകം അത്ര വിപുലമല്ലെങ്കിലും, പ്രണയം പോലെ കാല ദേശ ഭാഷാന്തരങ്ങള്‍ ഇല്ലാത്ത കവിത അപര്‍ണ്ണക്ക് എന്നും ഒരു ഹരമാണ്‍. അന്യ ദേശത്ത് അഭിനന്ദനം അറിയിക്കാനെത്തിയ മലയാളി സാന്നിദ്ധ്യം ജയകൃഷ്ണനും ആഹ്ലാദം പകര്‍ന്നു.
തന്റെ ഗവേഷണ വിഷയം റൊമാന്റിക് പോയട്രി തന്നെ ആണ് എന്ന് അറിയിച്ചപ്പോള്‍ സംസാരത്തിന് ദൈര്‍ഘ്യമേറി. അങ്ങനെ കവിതയ്ക്ക് വേണ്ടി അവര്‍ പരസ്പരം മെയില്‍ അഡ്രസ് കൈമാറിപ്പിരിയുകയാണ് ഉണ്ടായത്. ഇവിടെ എത്തുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് തോന്നാം കാള വാലു പൊക്കുമ്പോഴേ നമുക്കറിയാം എന്തിനാന്ന്. എന്നാല്‍ ഇത് അങ്ങനെയല്ല ജയകൃഷ്ണന്‍ എന്ന നല്ല സമരിയാക്കാരന്‍ വിവാഹിതനും ഒരു പൂമ്പാറ്റക്കുട്ടിയുടെ പിതാജിയും ആണ്‍.

അന്ന് പരസ്പരം ബൈ പറഞ്ഞ ശേഷം അപര്‍ണ്ണയും ജയകൃഷ്ണനും അവരവരുടെ തിരക്കുകളില്‍ മുഴുകി. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ഒരു അസൈന്‍മെന്റിന്റെ കാര്യത്തിനാണ് അപര്‍ണ്ണ ആദ്യമായി ജയകൃഷ്ണന് ആദ്യമായി മെയില്‍ അയച്ചത്. ജെ എന്‍ യു വിലെ ഇംഗ്ലീഷ് പ്രൊഫസറുടെ തിരക്കൊഴിഞ്ഞു ഒരു മറുപടി കിട്ടാന്‍ അപര്‍ണ്ണക്ക് ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു. പിന്നെയും വൈകിയൊരു ശരത്കാല സന്ധ്യയില്‍ സമയ പരിമിതിയെ കുറിച്ച് പരാമര്‍ശിക്കവേ കുടുംബ കാര്യങ്ങളിലേക്ക് സംസാരം കടന്നു വന്നു. എന്തേ ഇങ്ങനെ ഒറ്റയ്ക്ക് ? വിദേശ സംസ്‌കാരത്തിന്റെ അനുകരണമാണോ എന്ന് ജയകൃഷ്ണന്‍ പകുതി തമാശ ആയും പകുതി ഗൌരവമായും ചോദിച്ചപ്പോള്‍ എന്ത് പറയണം എന്ന് അറിയാതെ അപര്‍ണ്ണ ഒന്ന് പരുങ്ങി.

എങ്കിലും ശരീര ഭാഷ പരസ്പരം കാണാതെയുള്ള ആശയ വിനിമയമായതിനാല്‍ അപര്‍ണ്ണക്ക് തന്റെ ചമ്മിയ മുഖം അകലെയുള്ള ആള്‍ കാണാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. ദിവസങ്ങള്ക്ക് ശേഷം അപര്‍ണ്ണ അറിയിച്ചു കോളേജ് അദ്ധ്യാപിക ആകാന്‍ വര്ഷങ്ങളുടെ തപസ്യ ആണ് വേണ്ടി വന്നത്. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ മറ്റെല്ലാം മറന്നു പോയിരുന്നു, ലക്ഷ്യത്തിലെത്തിക്കഴിഞ്ഞപ്പോഴോ സമയവും വൈകി, വേറെയും ഒരുപാട് തടസങ്ങള്‍. ജനിതക ദോഷം മുതല്‍ ജാതക ദോഷം വരെ! ഏഴു വര്ഷത്തെ പഠനം, പിന്നെ നെറ്റ് തുടങ്ങിയ നൂലാ മാലകള്‍. കൈക്കൂലി കൊടുത്ത് ജോലി നേടില്ലാന്നും അദ്ധ്യാപനം തന്നെ ആണ് തന്റെ തട്ടകം എന്നും ഉറപ്പിച്ചിരുന്നു. അല്പം വൈകി എങ്കിലും അത് നേടിയെടുത്തപ്പോള്‍ ഉണ്ടായ ആനന്ദ ലബ്ധിക്കു അതിരുകളില്ലായിരുന്നു.

അപര്‍ണ്ണയുടെ മനസ്സ് പ്രണയം വിളയാത്ത ഊഷര ഭൂമി ആയതു കൊണ്ടൊന്നുമല്ല അതുണ്ടാകാതെ പോയത്. ചുറ്റുവട്ടത്തെ ചൂടിന് അതൊക്കെ കരിയിച്ചു കളയാനുള്ള പ്രാപ്തി ഉണ്ടായിരുന്നത് കൊണ്ടാണ് അത്തരം മൃദുല വികാരങ്ങള ഒന്നും അവിടെ വിളയാന്‍ ഇടയില്ലാതെ പോയത്. ഡിഗ്രി ക്ലാസില്‍ വീട്ടില് നിന്ന് പഠിച്ചപ്പോള്‍ തന്നെ വീട്ടില് എന്നും വഴക്കും ബഹളവും ആയിരുന്നു. ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നതാണ് റിട്ടയേര്‍ഡ് പട്ടാളക്കാരനായ അച്ഛന്റെ ചിട്ട. പെണ്ണ് ഒരുങ്ങിയാല്‍ കുറ്റം, പുറത്തിറങ്ങിയാല്‍ കുറ്റം ഉദ്യോഗത്തിന് പോയാല്‍ കുറ്റം തുടങ്ങി പുരാതന ദുരാചാരങ്ങളുടെ വിളഭൂമിയാണ് ആ മനസ്സ്.

ഏതു കാര്യവും കുറേ കേട്ടും അനുഭവിച്ചും കഴിയുമ്പോള്‍ മനസ്സ് മടുക്കുമല്ലോ. പിന്നെ ഒന്നും ബാധിക്കാത്ത ഒരു അവസ്ഥ എത്തും. അമ്മ അത്തരം ഒരു നിസ്സംഗതയില്‍ എത്തി കഴിഞ്ഞിരുന്നു. കുഞ്ഞമ്മ ഒക്കെ ഇടപെട്ടാണ് സ്വസ്ഥമായി പഠിക്കാന്‍ ഹോസ്റ്റല്‍ ആണ് നല്ലതെന്ന് പറഞ്ഞ് തന്നെ MA ക്ക് ആയപ്പോള്‍ അവിടുന്ന് രക്ഷിച്ചെടുത്തു കൊണ്ട് ഹോസ്റ്റലില്‍ ആക്കിയത്. ജോലി വേണം എന്ന് ശഠിച്ചപ്പോള്‍ അഴിഞ്ഞാടി നടക്കാനുള്ള സ്വാതന്ത്ര്യത്തിനാണ് എന്ന് പറഞ്ഞു കുറ്റപ്പെടുത്തി. ഒടുവില്‍ മലബാറിലുള്ള ഒരു കോളേജില്‍ ജോലി കിട്ടുമ്പോള്‍ ജീവിതത്തിലെ മൂന്നു പതിറ്റാണ്ടോളം കഴിഞ്ഞിരുന്നു. ഇടയ്ക്കിടെ ചില ആലോചനകള്‍ ഒക്കെ വന്നും പോയുമിരുന്നിരുന്നു. പക്ഷെ ഇത്ര കഷ്ട്ടപ്പെട്ടു നേടിയ ജോലി കളഞ്ഞു വിദേശത്തേക്ക് പോയിട്ട് എന്ത് കാര്യം? അത് കൊണ്ട് നാട്ടില്‍ തന്നെ ജോലിയുള്ള വരനെ കാത്തിരുന്നു കാലം വീണ്ടും കടന്നു പോയി.

അതീവ സുന്ദരി ഒന്നുമല്ല അപര്‍ണ്ണ. മുട്ടോളമെത്തുന്ന മുടിയും കറുപ്പ് നിറവും ഐശ്വര്യമുള്ള മുഖവുമുള്ള സാധാരണ പെണ്‍കുട്ടി. പക്ഷെ അനുഭവം കൊണ്ട് ഒന്നവള്‍ മനസ്സിലാക്കി. കാലം എത്ര പുരോഗമിച്ചാലും മലയാളിയുടെ സൌന്ദര്യോപാധികളില്‍ ഒന്നാം സ്ഥാനം തൊലിവെളുപ്പാണ് എന്ന്. പക്ഷെ നല്ല ആത്മ വിശ്വാസവും സ്വന്തമായ അഭിപ്രായവും തന്റേടവും ഉണ്ടായിരുന്നത് കൊണ്ട് അവള്‍ എവിടെയും തല കുനിച്ചില്ല. തന്നെ ഇഷ്ട്ട്‌പ്പെടാന്‍ കഴിയുന്നോരാള്‍ വരുന്നതും കാത്തു അവള്‍ കഴിഞ്ഞു പോന്നു. ശിശിരവും ഗ്രീഷ്മവും പലത് വന്നു പോയി. ഇനിയും വരാതെ പോയ വസന്തവും കാത്തു അവള്‍ പ്രതീക്ഷയോടെ കര്‍ത്തവ്യ നിരതയായി മുന്നോട്ടു പോയി.

മുപ്പതു പിന്നിട്ട അവിവാഹിത; അവള്‍ ഇനി എത്ര നിഷ്‌കളങ്ക ആയാലും ആളുകള് വെറുതെ വിടില്ല, പ്രത്യേകിച്ചും ഗ്രാമങ്ങളില്‍. നാട്ടുകാര്‍ അവളുടെ ചുമലില്‍ ഒരു പരാജയ പ്രണയത്തിന്റെയോ ഭാവി ഒളിച്ചോട്ടത്തിന്റെയോ ഭാണ്ഡം ചാര്‍ത്തിക്കൊടുക്കും. ധാരാളം ആലോചനകള്‍ വന്നു പോയി. ഒന്നുകില്‍ വിവരമില്ലാത്ത വിദേശ ജോലിക്കാര്, അല്ലെങ്കില്‍ നാട്ടില്‍ ജോലിയുള്ള അത്യാഗ്രഹികള്‍, ഇത് രണ്ടുമല്ലെങ്കില്‍ ഒരുതരത്തിലും സഹിക്കാന്‍ പറ്റാത്ത അല്പ്പന്മാര്‍. ഇനി എല്ലാം ഒരു വിധം ഒത്തുവന്നാല്‍ ജാതകം എന്ന വാസുകി ഫണം വിടര്‍ത്തിയോടിക്കും.

ഉദ്യോഗസ്ഥയായ മകള്‍ടെ മംഗല്യം വൈകിയാല്‍ ആദായത്തിനായി അവിവാഹിതയാക്കി നിര്‍ത്തിയിരിക്കുന്നു എന്ന് അച്ഛനമ്മമാരും ക്രൂശിക്കപ്പെടും. ആ അപവാദത്തിനു മുന്നില് ആത്മാഭിമാനത്തിന് മുറിവേറ്റ അച്ഛന്‍ വെളിച്ചപ്പാടായി. ഓരോ ആലോചന മുടങ്ങുമ്പോഴും ശകാരപ്പെരുമഴ. അച്ഛന്റെ ഭാഗം ചേരണോ മകളുടെ ഭാഗം ചേരണോ എന്നറിയാതെ തൃശങ്കു സ്വര്‍ഗ്ഗത്തിലാകുന്ന അമ്മ. ഒടുവില്‍ എല്ലാത്തില്‍ നിന്നും ഒരു മോചനത്തിനായി കണ്ടു പിടിച്ച വഴിയാണ് വിദേശത്തൊരു PhD . ഒന്നുമില്ലാത്തവര്‍ക്കും ജാഡ കാണിക്കാന്‍ മാത്രമല്ല ഡോക്ടറേറ്റ് കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ട്. റിസര്‍ച്ചിനൊപ്പം പാര്‍ട്ട് ടൈം ജോലിയും തരപ്പെട്ടതോടെ അപര്‍ണ്ണ പരിക്കില്ലാതെ ഒരു വിധം സ്വസ്ഥമായി ജീവിച്ചു പോന്നു. ആഴമുള്ളോരു ജലാശയം പോലെ നിശ്ചലമായി കിടന്ന ആ മനസ്സിലേക്കാണ് ജയകൃഷ്ണന്‍ കല്ലെറിഞ്ഞു കല്ലോലങ്ങള്‍ ഇളക്കി കടന്നു പോയിരിക്കുന്നത്.

ദിവസങ്ങള്ക്ക് ശേഷം അപര്‍ണ്ണ ജയകൃഷ്ണന്റെ ചോദ്യത്തിന് പ്രതികരിച്ചതിങ്ങനെ. ‘അദ്ധ്യാപനം എന്ന ലക്ഷ്യവും വീട്ടിലെ അലക്ഷ്യവും ഒക്കെ ആയി ഒറ്റപ്പെട്ടു പോയി. ഇപ്പോള്‍ ഈ ഏകാന്ത ജീവിതത്തിന്റെ സ്വാതന്ത്ര്യം ഞാന്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു’. സാറിന്റെ കുടുംബം? എന്ന മറുചോദ്യത്തിന് ഏറെ താമസിയാതെമറുപടി വന്നു. വിവാഹിതനാണ് ഏഴു വയസ്സുള്ള ഒരു മകളുണ്ട്, ഇപ്പോള്‍ നാട്ടിലാണ്. ഞങ്ങള്‍ ബന്ധം പിരിഞ്ഞിട്ടു രണ്ടു വര്‍ഷമാകുന്നു. സാഹിത്യവും ബാങ്കിലെ കണക്കും തമ്മില്‍ ചേര്‍ന്ന് പോയില്ല. കേട്ടത് അശുഭകരമായ വാര്‍ത്ത ആണെങ്കിലും അപര്‍ണ്ണക്ക് ആശ്വാസമാണ് തോന്നിയത്. അവള്‍ പോലുമറിയാതെ അവള്‍ അയാളെ പ്രണയിച്ചു തുടങ്ങിയിരുന്നു.

മൂന്നു പതിറ്റാണ്ടിന്റെ മൂപ്പ് എത്തിയ പ്രണയം. കൂടുതല്‍ സമയവും അവര്‍ക്കിടയിലെ ചര്ച്ച സാഹിത്യവും കവിതയും അദ്ധ്യാപനവും ഒക്കെ ആയിരുന്നു. ജയകൃഷ്ണന്റെ രചനകളുടെ ആരാധികയും നല്ലൊരു വായനക്കാരിയുമായി മാറിക്കഴിഞ്ഞിരുന്നു അപര്‍ണ്ണ. അദ്ധ്യാപനത്തിലെ നവീന സാധ്യതകളെ കുറിച്ചും തിരുത്തി എഴുതപ്പെടെണ്ട പഴയ വ്യവ്സ്ഥിതിയെകുറിച്ചും കുരങ്ങിന്റെ കയ്യിലെ പൂമാല പോലെ പാടേ തകര്‍ന്നു പോയ കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ചും ഒക്കെ അവര്‍ ചര്‍ച്ച ചെയ്തു. അവള്‍ക്കു അയാള് ജെകെ ആയി, ചിലപ്പോള്‍ ജയേട്ടനായി, മറ്റു ചിലപ്പോള്‍ കൃഷ്ണന്‍ ആയി. അയാള് അവളെ അമ്മു എന്നു വിളിക്കാന്‍ ഇഷ്ട്ടപ്പെട്ടു.

കാലം മിന്നല്‍ വേഗത്തില്‍ കുതിച്ചു പാഞ്ഞു. വേനലിലും ശിശിരത്തിലും ഒക്കെ അപര്‍ണ്ണക്ക് മനസ്സില്‍ വസന്തമായിരുന്നു. മനസ്സാകെ മഞ്ഞിന്റെ കുളിര്‍. ഒരു പൂ ചോദിച്ചപ്പോള്‍ ഒരു പൂക്കാലം കിട്ടിയ പ്രതീതി. ഒരിക്കല്‍ അമ്മയുടെയും മകളുടെയും ഫോട്ടോ അവള്‍ക്കു അയച്ചു കൊടുത്തു ജയകൃഷ്ണന്‍. വെളുത്തു മെലിഞ്ഞു സുന്ദരി എങ്കിലും വളരെ ധാര്‍ഷ്ട്യവും ഗൌരവവും സ്ഫുരിക്കുന്ന മുഖം. ആരെയും വരച്ച വരയില്‍ നിരത്താന്‍ പോന്നവളെന്നു തോന്നിക്കുന്ന ശരീര ഭാഷ. മോള്‍ ജയകൃഷ്ണനെ പോലെ സൌമ്യമായ മുഖവും നിഷ്‌ക്കളങ്കമായ ചിരിയും. അമ്മയല്ലെങ്കിലും അവളെ ഒന്നാലിംഗനം ചെയ്തു നെഞ്ചോടണയക്കാന്‍ അപര്‍ണ്ണക്ക് കൊതി തോന്നി.

വീണ്ടും ജയ കൃഷ്ണന്റെ ഗൌരവമായൊരു സന്ദേശം അപര്‍ണ്ണയെ തേടിയെത്തി. അമ്മയുടെ കത്തുണ്ടായിരുന്നു, ഏറെക്കാലമായുള്ള ആവശ്യം വീണ്ടും. ഞാന്‍ പോയി രമ്യയോട് ഒന്ന് കൂടി സംസാരിച്ചു നോക്കണം, ‘അന്നപൂര്‍ണ്ണ ഒരു പെണ്‍കുട്ടിയാണ്, അവള്‍ക്കു നാളെ അച്ഛനും അമ്മയും വേണം, രമ്യ നല്ലവള്‍ ആണ്. അതല്ല നിങ്ങള്ക്ക് ഇനി ഒരിക്കലും ഒത്തു പോകാന്‍ പറ്റില്ല എങ്കില്‍ നീ എത്രയും പെട്ടന്ന് മറ്റൊരു വിവാഹം കഴിക്കണം’ ഇങ്ങനെ പോകുന്നു ഉപദേശങ്ങള്‍. ഞാന്‍ അമ്മയോട് അപര്‍ണ്ണയെ കുറിച്ച് പറഞ്ഞു! സമ്മതമെങ്കില്‍ ജൂലൈയില്‍ നാട്ടിലേക്ക് വരണം. കൊച്ചിയില്‍ വന്നാല്‍ മതി. നമുക്ക് ഒരുമിച്ചു തൃപ്പൂണിത്തുറയില്‍ പോയി അമ്മയെ കണ്ടിട്ട് അപര്‍ണ്ണ വീട്ടിലേക്കു പൊയ്‌ക്കൊള്ളു. ഒരു തീരുമാനമായിട്ടു വീട്ടില്‍ അറിയിച്ചാല്‍ മതി. അല്ലെങ്കില്‍ ഇനി അച്ഛന്‍ പ്രശനം ആക്കിയാലോ. ഒരു കാര്യം ഞാന്‍ ഉറപ്പു തരാം ഇവിടെ ജാതകത്തിന് പ്രസക്തിയില്ല. പിന്നെ അപര്‍ണ്ണ നേരെത്തെ എത്തി രണ്ടു ദിവസം റിലാക്‌സ് ചെയ്യൂ. എന്റെ ഫ്‌ലാറ്റിന്റെ കീ തരാന്‍ ഞാന്‍ കസിന്‍ ദീപയോട് പറയാം. ദീപ അപര്‍ണ്ണക്ക് നല്ലൊരു കൂട്ടായിരിക്കും. വേണ്ട സഹായങ്ങള്‍ ഒക്കെ അവള്‍ ചെയ്‌തോളും. അപര്‍ണ്ണക്ക് താന്‍ ഒരു അപ്പൂപ്പന്‍ താടി പോലെ പറന്നു ഉയരുന്നതായി തോന്നി.

അടുത്ത ആറു മാസക്കാലം അപര്‍ണ്ണ കവിതയെക്കാളും അദ്ധ്യാപനത്തെക്കാളും സമയം ചിലവഴിച്ചത് തനിക്കു വേണ്ടി തന്നെ ആണ്‍. മധ്യാഹ്ന്‌നത്തോട് അടുത്തു മങ്ങിത്തുടങ്ങിയ സൌന്ദര്യം തേച്ചു മിനുക്കി എടുക്കാന്‍. പണ്ട് മുത്തശ്ശി പറയാറുണ്ടായിരുന്നു ‘മണ്ണും പെണ്ണും സംരക്ഷിക്കുന്നിടത്തോളമേ ഉള്ളു, അതിന്റെ മേന്മ അത് കിട്ടുന്നവനെ ആശ്രയിച്ചിരിക്കും എന്ന്’!. തന്നെ സംരക്ഷിക്കാനും സൌന്ദര്യം ആസ്വദിക്കാനും ആരും വന്നില്ല അത് കൊണ്ട് തന്നെ സൌന്ദര്യ ചിന്തകള് ഇതേ വരെ മനസ്സിലേക്ക് വന്നിട്ടുമില്ല. പക്ഷെ ഇപ്പോള്‍ അപര്‍ണ്ണ കണ്ണാടിക്കു മുന്നില്‍ തന്നെത്തന്നെ കാണാന്‍ തുടങ്ങി. ഭക്ഷണത്തിലും, മനസ്സു സന്തോഷമാക്കി വെയ്ക്കാനും ശ്രദ്ധിച്ചു. മുടങ്ങാതെ യോഗ ചെയ്തു. കടല്‍ക്കരയില്‍ മണ്ണ് മൂടി ക്ലാവ് പിടിച്ചു കിടന്ന ഒരു പ്രതിമയെ തുടച്ചു മിനുക്കും പോലെ ഓരോ അയവയവങ്ങളിലും അവള്‍ ശ്രദ്ധ ചെലുത്തി സുന്ദരമാക്കി.

ജയ കൃഷ്ണന്റെ ഇഷ്ട്ടങ്ങള്‍ ഓരോന്നും ചോദിച്ചറിഞ്ഞു അത് അനുസരിച്ച് ഡിസൈനര്‍ വസ്ത്രങ്ങള്‍ വാങ്ങി. അയാളുടെ ഇഷ്ട്ട നിറം കറുപ്പായിരുന്നു. അതിനു ചേരുന്ന സില്‍വര്‍ ആഭരണങ്ങള്‍ വാങ്ങി. ഉപകരണ സംഗീതം അയാള്‍ക്ക് ഇഷ്ട്ടമാണെന്ന് അറിഞ്ഞു രവി ശങ്കറിന്റെ സിത്താറും, ലാല്‍ ഗുഡി ജയറാമിന്റെ വയലിനും, ഗുലാം അലിയുടെ ഗസലും ശേഖരിച്ചു. തങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ട്മുള്ള ഓരോന്നും ആദ്യ കൂടിക്കാഴ്ചക്ക് മധുരം കൂട്ടാന്‍ അവള്‍ സ്വരൂപിച്ചു വെച്ചു.

പുല്‍നാമ്പുകളില്‍ തുഷാരബിന്ദുക്കള്‍ മൂക്കുത്തിയണിയിച്ച ഒരു പുലരിയില്‍ അയര്‍ലണ്ടില്‍ നിന്നും പുറപ്പെട്ട അപര്‍ണ്ണയെ കൊച്ചിയില്‍ വരവേറ്റത് കോരിച്ചൊരിയുന്ന മഴയാണ്. മഴ ഒരു നല്ല ശകുനമായി അവള്‍ക്കു തോന്നി. ജീവിതത്തില്‍ ആദ്യമായി ഒരു പുരുഷനെ കാണാന്‍ വേണ്ടി താനും തയ്യാറെടുത്തിരിക്കുന്നു. ഇന്നേവരെ ലോകത്ത് മറ്റൊരുപെണ്ണും ഒരു പുരുഷന് വേണ്ടി ഇത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടാവില്ലെന്ന്! അവള്‍ക്കു തോന്നി. അവളുടെ ഉളളില്‍ ഒരു പക്ഷി ചിറകു കുടഞ്ഞു. വെറുതെയല്ല അര്‍ദ്ധ നാരീശ്വര സങ്കല്പം. പുരുഷനും സ്ത്രീയും പരസ്പര പൂരകങ്ങളാണ്‍. ഒന്നില്ലാതെ മറ്റൊന്നിന് നിലനില്പ്പില്ല. ശിവന്‍ ഇല്ലാതെ ശക്തിയെന്തിന്? അവളുടെ ഉള്ളിലെ സന്തോഷ ചിന്തകള് ഇങ്ങനെ ഓരോന്നായി അലയടിച്ചുയര്ന്നു.

ജയ കൃഷ്ണന്‍ വരുന്ന ദിനമെത്തി. അപര്‍ണ്ണ രാവിലെ തന്നെ തയാറെടുപ്പുകള്‍ തുടങ്ങി. അഞ്ജന കണ്ണെഴുതി…. ആലില താലി ചാര്‍ത്തി…. എന്ന ഗാനം മൂളിക്കൊണ്ട് അവള്‍ കറുത്ത സാരിക്ക് ചേരുന്ന വെള്ളി ആഭരണങ്ങള്‍ ഒന്നൊന്നായി അണിഞ്ഞു. ഇന്നെനിക്കു… പൊട്ടു കുത്താന്‍…… എന്ന ഗാനം മൂളി മുഖം മിനുക്കി പൊട്ടു തൊട്ടു. ജയകൃഷ്ണന് ഏറ്റവും ഇഷ്ട്ട പ്പെട്ട ആഭരണം കൊലുസ്സ് ആണ്. അത് കൊണ്ട് അവള്‍ പൊന്നിന്‍ പാദസരം തന്നെ അണിഞ്ഞു. പി. ലീല യുടെ ‘പ്രിയ മാനസ്സാ നീ വാ വാ…., പ്രേമ മോഹനാ ദേവാ.. വാതിലു തുറന്നു നിന്‍ വരവും കാത്തിരിപ്പൂ ഞാന്‍…… എന്ന ഗാനം പാടിക്കൊണ്ട് സാരിയില്‍ കൈ വെയ്ക്കവേ മൊബൈലില്‍ ‘ജസ്‌നെ ബഹാരെ’ പാടി വിളിച്ചു.

അങ്ങേ തലക്കല്‍ ജയകൃഷ്ണന്‍ ആയിരുന്നു. ശബ്ദത്തിന് വല്ലാത്ത പതര്‍ച്ച. അമ്മൂ..ഒരു പ്രശ്‌നം ഉണ്ട്; രമ്യ മോളെയും കൂട്ടി ഇങ്ങോട്ടേക്കു വന്നു. അമ്മയാണ് അവളെ എന്റെ വരവിന്റെ കാര്യം അറിയിച്ചതും ഉപദേശിച്ചതും. അവള്‍ക്കു ഇനിയും എന്റെ ഒപ്പം ജീവിക്കണന്ന്. മകളുടെ ഭാവി ഓര്‍ത്ത് അവള്‍ എന്ത് വിട്ടു വീഴ്ചക്കും തയ്യാര്‍ ആണത്രേ. ഞാന്‍ എന്ത് ചെയ്യാനാ അമ്മൂ?..അന്നപൂര്‍ണ്ണയുടെ മുഖം ഓര്‍ക്കുമ്പോള്‍ എനിക്ക് രമ്യയോട് നോ പറയാന്‍ കഴിയുന്നില്ല. അമ്മു എന്നോട് പൊറുക്കണം. ഇനി ഇങ്ങോട്ട് കോണ്ടാക്റ്റ് ചെയ്യല്ലേ, അത് വീണ്ടും കൂടുതല്‍ കുഴപ്പമാകും. മൈ അപ്പോളജീസ്, ഐ ആം സോറി . ജയകൃഷ്ണന്‍ പറഞ്ഞത് മുഴുവനും അപര്‍ണ്ണ കേട്ടില്ല. അര്‍ദ്ധബോധാവസ്ഥയില്‍ ശരീരത്തിലെ എല്ലുകളാകെ വാര്ന്നു വെറുമൊരു മാംസപിണ്ഡം ആയിപ്പോയത് പോലെ അവള്‍ കിടക്കയിലേക്ക് കുഴഞ്ഞു വീണു. ഫോണ്‍ താഴെ വീണുടഞ്ഞു, അവളുടെ സ്വപനങ്ങള്‍ പോലെ! അടുത്ത ഏതോ ഫ്‌ലാറ്റില്‍ നിന്നും ആരുമാരും വന്നതില്ല…., ആരുമാരുമാരും അറിഞ്ഞതില്ല……., ആത്മാവില്‍ സ്വപ്നവുമായി കാത്തിരിപ്പു ഞാന്‍…. എന്ന ഗാനം ഒഴുകിയെത്തി.

sreekalaശ്രീകല നായര്‍

പ്രശസ്ത യുകെ മലയാളി സാഹിത്യകാരിയായ ശ്രീകല നായരുടെ ഏറ്റവും പുതിയ സാഹിത്യ സൃഷ്ടികള്‍ മലയാളം യുകെയില്‍ തുടര്‍ന്ന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും