എരുമേലി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് തിരിച്ചയച്ചു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അതേസമയം തങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിന് നിരോധനം നിലനില്‍ക്കുന്നില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യക്തമാക്കിയെങ്കിലും പോലീസ് വഴങ്ങിയില്ല. ഇവരെ പമ്പയില്‍ നിന്ന് വനിതാ പോലീസിന്റെ സഹായത്തോടെ കോട്ടയത്തേക്ക് തിരികെ അയക്കുകയായിരുന്നു.

ഇന്ന് രാവിലെയോടെ നാല് ട്രാന്‍സ് ഭക്തരാണ് അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. എരുമേലിയില്‍ വെച്ച് ഇവരെ പൊലീസ് തടയുകയായിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി എന്നിവരെയാണ് പോലീസ് തടഞ്ഞത്. തങ്ങള്‍ വിശ്വാസികളാണെന്നും വ്രതമെടുത്താണ് എത്തിയതെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വാദിച്ച പോലീസ് ഇവരെ ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ സ്ത്രീ വേഷം മാറ്റി ദര്‍ശനം നടത്താമെന്നായിരുന്നു പോലീസ് പറഞ്ഞത്. വേഷം മാറാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ പോലീസ് വാക്ക് മാറി. പോലീസ് നിസ്സഹകരണം തുടര്‍ന്നതോടെ തിരികെ പോരാന്‍ നിര്‍ബന്ധിതരായത്. തന്ത്രി ഉള്‍പ്പടെയുള്ളവരുടെ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്നും ഇവര്‍ അറിയിച്ചു. ഡി.വൈ.എസ്.പി ഉള്‍പ്പടെയുള്ളവര്‍ മോശമായി പെരുമാറിയതായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആരോപിച്ചു.