ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് വെട്ടിക്കുറയ്ക്കലിനു ശേഷം നടപ്പില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന3.4 ശതമാനത്തിന്റെ എന്‍എച്ച്എസ് ഫണ്ടിംഗ് ബൂസ്റ്റ് ഒന്നിനും തികയില്ലെന്ന് ഡോക്ടര്‍മാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാരും പ്രൊഫസര്‍മാരും ജിപിമാരും ജൂനിയര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 100 പേര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു. അഞ്ച് വര്‍ഷത്തേക്കാണ് പുതിയ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഫലത്തില്‍ ഇത് മൊത്തം ഹെല്‍ത്ത് സ്‌പെന്‍ഡിംഗില്‍ 3 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമേ വരുത്തുന്നുള്ളുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്‍എച്ച്എസ് പ്രതിസന്ധി മറികടക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.

2023-24നുള്ളില്‍ വരുത്താനുദ്ദേശിക്കുന്ന 20 ബില്യന്‍ പൗണ്ടിന്റെ ഫണ്ട് ബൂസ്റ്റ് കഴിഞ്ഞ ഒരു ദശകത്തില്‍ എന്‍എച്ച്എസിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ഉപകാരപ്പെടില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. 4 ശതമാനത്തില്‍ താഴെയുള്ള ഫണ്ട് വര്‍ദ്ധനവ് എന്‍എച്ച്എസിന്റെ പതനം തുടരുമെന്നതിന്റെയും രോഗികള്‍ ഇനിയും ബുദ്ധിമുട്ടുമെന്നതിന്റെയും സൂചനയാണ്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും ആശുപത്രികളിലും രോഗികള്‍ ദുരിതമനുഭവിക്കാതെയും ദാരുണമായി മരിണപ്പെടാതിരിക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുയോജ്യമായ വിധത്തിലുള്ള ഫണ്ടിംഗാണ് ആവശ്യമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കുറഞ്ഞത് 4 ശതമാനം ഫണ്ടിംഗ് ബൂസ്റ്റ് എങ്കിലും നടപ്പാക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സറ്റഡീസും സ്വതന്ത്ര ഹെല്‍ത്ത് ചാരിറ്റികളും വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തോളം എന്‍എച്ച്എസ് വേക്കന്‍സികള്‍ ഒഴിഞ്ഞു കിടക്കുമ്പോളാണ് ഇത്. 70 വര്‍ഷമാകുന്ന ഹെല്‍ത്ത് സര്‍വീസിന് ഇതുവരെ 3.7 ശതമാനം ഫണ്ടിംഗ് വര്‍ദ്ധന മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു.