ന്യൂസ് ഡെസ്ക്

യുകെയിൽ ദിനംപ്രതി ബിറ്റ് കോയിൻ എടിഎമ്മുകളുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ 105 ക്രിപ്റ്റോ കറൻസി എടിഎമ്മുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. ലണ്ടനിലാണ് ഏറ്റവും കൂടുതൽ. 77 എണ്ണം. ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിൻ പ്രചാരം അനുദിനം വർദ്ധിക്കുന്നതിനനുസരിച്ച് എടിഎമ്മുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. മാഞ്ചസ്റ്ററിൽ മൂന്നും ബെർമ്മിങ്ങാമിൽ ആറും ലെസ്റ്ററിൽ മൂന്നും ബിറ്റ് കോയിൻ എടിഎമ്മുകളുണ്ട്. ബെൽഫാസ്റ്റ്, ബ്രിസ്റ്റോൾ, കാർഡിഫ്, ചെംസ്‌ഫോർഡ്, ബ്രൈറ്റൺ, ഡെർബി, എഡിൻബറോ, ഗ്ലാസ് ഗോ, ഹാരോ, ഹേസ്റ്റിംഗ്സ്, ലീഡ്സ്, പെൻസാൻസ്, പോർട്സ് മൗത്ത്, റോയൽ ടേൺ ബ്രിഡ്ജ് വെൽസ് എന്നിവിടങ്ങളിലും എടിഎമ്മുകളുണ്ട്.

 ടീസൈഡിലെ ഒരു പബ്ബിൽ വില്ലന മുഴുവൻ ഇപ്പോൾ ക്രിപ്റ്റോ കറൻസിയിലാണ്. ഫിൽ ബാർക്ക്ലിയാണ് ഇവിടുത്തെ ലാൻഡ് ലോർഡ്. ഇദ്ദേഹം ക്രിപ്റ്റോ കറൻസിയുടെ വലിയ ആരാധകനാണ്. “ഇത് ഭാവിയിലെ നമ്മുടെ കറൻസിയാണ്. കറൻസിയുടെ ഇന്റർനെറ്റ് രൂപമാണ് ക്രിപ്റ്റോ കറൻസി”; അദ്ദേഹം പറയുന്നു. “പണ്ട് നമ്മുടെ ഫോണിൽ ഇന്റർനെറ്റ് ഉണ്ടായിരുന്നില്ല. പക്ഷേ, ഇക്കാലത്ത് എഴുന്നേറ്റാൽ ഉടൻ നോക്കുന്നത് മൊബൈൽ നെറ്റിലാണ്. ലോകം മാറുകയാണ്.ലോകം മുഴുവൻ ബിറ്റ് കോയിൻ ഉപയോഗിച്ച്  സെക്കന്റുകൾക്കുള്ളിൽ വിനിമയം നടത്തുന്ന ദിനങ്ങൾ വരവായി. ബാങ്കുകളും ഇടനിലക്കാരുമില്ലാതെ സുരക്ഷിതമായി ക്രിപ്റ്റോ കറൻസി വഴി നമുക്ക് സ്വന്തമായി ഡീൽ നടത്താം”. ഫിൽ വാചാലനായി

ഫിൽ ബാർക്ക് ലിയുടെ പബിൽ ഡെബിറ്റ് കാർഡ് എടുക്കുകയില്ല. പബിൽ ബിറ്റ് കോയിൻ, ലിറ്റ് കോയിൻഎന്നു രേഖപ്പെടുത്തിയ ഒരു ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പബിൽ ബിറ്റ് കോയിൻ വാങ്ങാനും പറ്റും. പബിൽ വരുന്ന കസ്റ്റമേഴ്സിനോട് ക്രിപ്റ്റോ കറൻസിയുടെ മെച്ചത്തെപ്പറ്റി പറഞ്ഞു കൊടുക്കാൻ ഫിൽ എപ്പോഴും തൽപരനാണ്. ഇടയ്ക്ക് പബിൽ വരുന്നവർക്കായി ക്ലാസുകളും ഫിൽ എടുക്കുന്നുണ്ട്. ഇനി വരാനിരിക്കുന്നത് ക്രിപ്റ്റോ കറൻസിയുടെ കാലമാണെന്ന് ഈ പബുടമ നിസംശയം പറയുന്നു.