ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായവരെ തിരയാന്‍ 105 മത്സ്യ ബന്ധന ബോട്ടുകള്‍ കടലിലേക്ക്

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായവരെ തിരയാന്‍ 105 മത്സ്യ ബന്ധന ബോട്ടുകള്‍ കടലിലേക്ക്
December 18 01:23 2017 Print This Article

ഓഖി ചുഴലിക്കാറ്റില്‍പെട്ടവരെ കണ്ടെത്താന്‍ കൂടുതല്‍ സന്നാഹവുമായി സര്‍ക്കാര്‍. തിരച്ചില്‍ നടത്തുന്നതിന് 105 യന്ത്രവല്‍ക്കൃത ഫിഷറീസ് ബോട്ടുകളുടെ സംഘം തിങ്കളാഴ്ച വൈകിട്ട് ഉള്‍ക്കടലിലേക്കു പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളതീരത്തുനിന്നു 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ നാല് ദിവസമാണ് തിരച്ചില്‍ നടത്തുക. ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ബോട്ടുടമ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണു തീരുമാനം.

നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നും യഥാക്രമം 25, 25, 25, 30 എണ്ണം ഫിഷിങ്ങ് ബോട്ടുകളാണ് തിരച്ചില്‍ നടത്തുക. ഓരോ ബോട്ടും തീരത്തിനു സമാന്തരമായി നാല് നോട്ടിക്കല്‍ മൈല്‍ പരസ്പരാകലം പാലിക്കും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മല്‍സ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും സംഘത്തെ നിയന്ത്രിക്കുക. ഓരോ കേന്ദ്രങ്ങളുടെയും മേല്‍നോട്ടം വഹിക്കാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

തിരച്ചിലിനിടയില്‍ മല്‍സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതശരീരങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലീഡ് ബോട്ടില്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നേരത്തേ, ഓഖി ദുരന്തത്തില്‍ 300 പേരെ കാണാനില്ലെന്ന സര്‍ക്കാര്‍ കണക്കു നിഷേധിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കു!ട്ടിയമ്മ രംഗത്തെത്തിയിരുന്നു. കണക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും എണ്ണംകൂട്ടി ആശങ്കയുണ്ടാക്കാനാണു ശ്രമമെന്നും അവര്‍ പറഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട 300 പേരെ കാണാതായെന്ന കണക്ക് പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളാണു പുറത്തുവിട്ടത്. മരണസംഖ്യ 71 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. ദുരന്തം വിതച്ചു രണ്ട് ആഴ്ച കഴിയുമ്പോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ പക്കലില്ലെന്ന് ആക്ഷേപമുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles