വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെടുത്ത് തമിഴ്‌നാട്ടില്‍ നിന്നുമുള്ള 111 കര്‍ഷകര്‍. മോദി സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള അവഗണനക്കെതിരെ ഡല്‍ഹിയിലേക്ക് റാലി നടത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുമുള്ള കര്‍ഷകരുടെ നേതാവായ പി അയ്യക്കണ്ണ് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

തീരുമാനത്തെ എല്ലാ കര്‍ഷകരും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും അംഗീകരിച്ചതായി അയ്യക്കണ്ണ് വ്യക്തമാക്കി. തങ്ങളുടെ മാനിഫെസറ്റോയില്‍ ബിജെപി തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ രാജ്യത്തിന് മുന്നില്‍ ഉയര്‍ത്തി കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അയ്യക്കണ്ണ് വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ ഡിഎംകെയും എഎംഎംകെയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.