വിപ്ലവങ്ങളുടെ സ്വപ്‌നഭൂമിയായ റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പിന് അരങ്ങുണരാന്‍ ഇനി 100 ദിവസങ്ങള്‍ മാത്രം. ലോകകപ്പിന് കൗണ്ട്ഡൗണ്‍ തുടങ്ങിയതോടെ കായികലോകം വിസ്മയക്കാഴ്ചകള്‍ക്കായി ഒരുക്കം തുടങ്ങി. 21-ാം ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 14-ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് കിക്കോഫ്. ജൂലായ് 15-ന് ഇതേ വേദിയില്‍ സ്വപ്നഫൈനല്‍. റഷ്യയിലെ 11 മനോഹരനഗരങ്ങളിലെ പ്രൗഢമായ 12 വേദികള്‍ ഫുട്‌ബോള്‍ മാന്ത്രികക്കാഴ്ചകള്‍ക്ക് തയ്യാറെടുത്തുകഴിഞ്ഞു. 32 ടീമുകള്‍ 64 മത്സരങ്ങള്‍ എണ്ണിയാലൊടുങ്ങാത്ത അതിമനോഹരമായ മുഹൂര്‍ത്തങ്ങള്‍ എല്ലാം ഇനി കായികലോകത്തിന് സ്വന്തമാകും. ഇറ്റലിയും ഹോളണ്ടും ആണ് ഈ ലോകകപ്പിന്റെ നഷ്ടങ്ങള്‍. ഇറ്റലി, 1958-നുശേഷം ആദ്യമായി യോഗ്യത നേടാതെ പുറത്തായപ്പോള്‍ മൂന്നുവട്ടം റണ്ണേഴ്‌സ് അപ്പായ ഹോളണ്ടും റഷ്യയിലെത്തില്ല. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍ തുടങ്ങി ലോകത്ത് ഏറ്റവും ആരാധകരുള്ള രാജ്യങ്ങള്‍ക്ക് പുറമേ ബെല്‍ജിയം, ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ടൂര്‍ണമെന്റിന്റെ ഫേവറിറ്റുകളാണ്.