ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യയ്ക്ക് വിജയസമാനമായ സമനില. ദോഹയില്‍ നടന്ന മല്‍സരത്തില്‍ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മികച്ച സേവുകളാണ് ടീമിന് തുണയായത്. പരുക്കേറ്റ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യയിറങ്ങിയത്.

പരുക്കേറ്റ നായകൻ സുനിൽ ഛേത്രി ഇല്ലാതെ ഇറങ്ങിയ ഇന്ത്യ എത്ര ഗോൾ വാരികൂട്ടുമെന്ന നെഞ്ചിടിപ്പിലായിരുന്നു മത്സത്തിനു മുൻപ് ആരാധകർ. ആ ഭയത്തെ അസ്ഥാനത്താക്കി കളഞ്ഞു ഇന്ത്യൻ വൻമതിൽ ഗുർപ്രീത് സിങ് സന്ധു

തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഖത്തർ ഇന്ത്യൻ ഗോൾ മുഖം വിറപ്പിച്ച കൊണ്ടിരുന്നു. അൽമോയിസ് അലിയുടക്കമുള്ളവരുടെ ഷോട്ടുകൾ അണുവിട വ്യത്യാസത്തിൽ ലക്ഷ്യത്തിൽ നിന്നകന്നു. പ്രതിരോധം തകർത്തെത്തിയ പന്തുകൾ തടുത്തിട്ട് ഗുർപ്രീത് അക്ഷരാർത്ഥത്തിൽ ഇന്ത്യയുടെ നായകനായി.

കളിയവസാനിക്കാൻ പത്തു മിനിറ്റു മാത്രം ശേഷിക്കെ ഉദാന്തയുടെ ഷോട്ട് അണുവിട വ്യത്യസത്തിൽ വല തൊടാതെ പോയപ്പോൾ ഗാലറിയൊന്നാകെ നിശബ്ദമായി.ഒടുവിൽ 90 മിനിറ്റിനും ഇഞ്ചുറി ടൈമിനും അപ്പുറം 133 കോടി ജനങ്ങളെ ത്രസിപ്പിച്ച് ഉജ്ജ്വല സമനില.