ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ആഥിതേയരെ കീഴ്പ്പെടുത്തിയത്. ന്യുസിലൻഡ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 19-ാം ഓവറിൽ ഇന്ത്യ മറികടന്നു. ഫോറടിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തുടങ്ങിവെച്ച ഇന്നിങ്സ് ഫോറടിച്ച് ഋഷഭ് പന്ത് പൂർത്തിയാക്കി. ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി. അർധസെഞ്ചുറി നേടിയ നായകൻ രോഹിതിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ റൺസ്കോറിങ്ങിന് വേഗത കൂട്ടിയത്.

മികച്ച തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർ ടീമിന് നൽകിയത്. 29 പന്തിൽ നാല് സിക്സും മൂന്ന് ഫോറും പായിച്ച് അർധസെഞ്ചുറി നേടിയ രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 79ൽ എത്തിയിരുന്നു. പിന്നാലെ 30 റൺസുമായി ശിഖർ ധവാനും കളം വിട്ടു. എട്ട് പന്തിൽ 14 റൺസ് നേടി വിജയ് ശങ്കർ പുറത്തായതിന് പിന്നാലെ എത്തിയ ധോണിയ്ക്കൊപ്പം ചേർന്ന് പന്ത് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചു. പന്ത് 28 പന്തുകളിൽ നിന്ന് 40 റൺസും ധോണി 17 പന്തിൽ 20 റൺസും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ടെയ്‌ലറുടെയും കോളിന്റെയും ബാറ്റിങ് മികവിലാണ് കിവികൾ ഭേദപ്പെട്ട് സ്കോറിലെത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികൾ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 158 റൺസെടുത്തു. തുടക്കത്തിൽ തകർച്ചയിലേയ്ക്ക നീങ്ങിയ ന്യൂസിലൻഡിനെ അഞ്ചാം വിക്കറ്റിൽ ടെയ്‍ലറും കോളിനും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

ടീം സ്കോർ 15ൽ നിൽക്കെ കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം സെയ്ഫെർട്ടിനെ പുറത്താക്കി ഭുവനേശ്വർ ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. അടുത്ത മൂന്ന് പേരെയും ക്രുണാൽ പാണ്ഡ്യ മടക്കിയെങ്കിലും അഞ്ചാം വിക്കറ്റിൽ ടെയ്‌ലർ – കോളിൻ സഖ്യം സ്കോർബോർഡ് ഉയർത്തുകയായിരുന്നു. 28 പന്തിൽ നാല് സിക്സറുകളും ഒരു ഫോറും പായിച്ച് അർദ്ധ സെഞ്ചുറി നേടിയ കോളിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. 42 റൺസ് നേടിയ ടെയ്‍ലറെ വിജയ് ശങ്കറാണ് റൺഔട്ടിലൂടെ പുറത്താക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി ക്രുണാൽ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ് രണ്ടും ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.