ന്യൂഡല്‍ഹി: ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 2014ല്‍ മൊസൂളില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ജോലി തേടി ഇറാഖിലെത്തിയവരാണ് കൊല്ലപ്പെട്ടത്.

കൂട്ടക്കൊല നടത്തിയതിനു ശേഷം മൃതദേഹങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ തന്നെ കുഴിച്ചുമൂടിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധകാലഘട്ടങ്ങളില്‍ ഇറാഖില്‍ നിന്നും കാണാതായ ഇന്ത്യക്കാരുടെ ഡിഎന്‍എ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിരുന്നു. മൊസൂള്‍ തീവ്രവാദികളില്‍ നിന്നും മോചിപ്പിച്ച ശേഷം അവരുടെ ക്യാമ്പുകളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇന്ത്യക്കാരാണെന്ന് മനസ്സിലാവുന്നത്.

കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും പഞ്ചാബ് സ്വദേശികളാണ്. ഒരു ആശുപത്രി നിര്‍മ്മാണ സ്ഥലത്ത് നിന്ന് പിടികൂടിയ ഇന്ത്യക്കാരെ പല സ്ഥലങ്ങളിലായി തടവില്‍ പാര്‍പ്പിച്ച ശേഷമാണ് ഭീകരര്‍ വധിച്ചത്. കാണാതായ കൂടുതല്‍ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര ഏജന്‍സികള്‍.