കൊടുങ്ങല്ലൂര്‍: യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് പണം തട്ടിയ സംഘം പിടിയില്‍. തലശ്ശേരി സ്വദേശിയായ മുപ്പത്തിരണ്ടുകാരനെ യുവതിയുടെ നേതൃത്വത്തില്‍ വിളിച്ചുവരുത്തി സദാചാര പോലീസ് ചമഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് നേതൃത്വം നല്‍കിയ യുവതി ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി. കേസില്‍ വള്ളിവട്ടംതറ ഇടവഴിക്കല്‍ ഷെമീന (26), ചേറ്റുപുഴ മുടത്തോളി അനീഷ് മോഹന്‍ (34), വെളപ്പായ ചൈനബസാര്‍ കുണ്ടോളില്‍ ശ്യാംബാബു (25), അവണന്നൂര്‍ വരടിയം കാക്കനാട്ട് വീട്ടില്‍ സംഗീത് (26) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതിയായ വയനാട് വൈത്തിരി സ്വദേശി നസീമ തലശ്ശേരി സ്വദേശിയായ യുവതിയുമായി ഏറെ നാളത്തെ സൗഹൃദമുണ്ട്. ഇവരുവരും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവരാണ്. പതിനായിരം രൂപ കൊടുത്താല്‍ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ കൊടുങ്ങല്ലൂരിലെത്തിച്ച ശേഷം ഷെമീനയെ പരിചയപ്പെടുത്തി. ഷെമീനയ തലശ്ശേരി സ്വദേശിയുടെ കാറില്‍ കയറുകയും പതിനായിരം രൂപ വാങ്ങുകയും ചെയ്തു.

പിന്നീട് കൊടുങ്ങല്ലൂരിന് പടിഞ്ഞാറുള്ള അപ്പാര്‍ട്ട്മെന്റില്‍ എത്തി മുറിയില്‍ കയറി വിശ്രമിക്കുന്നതിനിടയിലാണ് നസീമയുടെയും ഷെമീനയുടെയും സുഹൃത്തുക്കളായ നാലുപേര്‍ മുറിയിലെത്തി സദാചാരപോലീസ് ചമഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തിയത്. യുവതിയോടൊപ്പം നിര്‍ത്തി ഇയാളുടെ പലതരത്തിലുള്ള ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. ഇത് പുറത്തുവിടാതിരിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. യുവാവിന്റെ കൈവശമുണ്ടായിരുന്ന 25000 രൂപയോളം ഇവര്‍ കൈക്കലാക്കിയിരുന്നു. എടിഎം ഉപയോഗിച്ച് പണം തട്ടാനും ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.

യുവതിയുടെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിക്കാരന്‍ വ്യക്തമാക്കി. സമീപത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടിയശേഷം കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൃശ്ശൂര്‍ എല്‍ത്തുരുത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഷെമീനയെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ഷെമീനയെക്കൊണ്ട് വിളിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.