പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ നാലു ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്നരയോടെ തുടങ്ങലിയ ആക്രമണം അഞ്ചു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനു ശേഷമാണ് അവസാനിച്ചത്. തെരച്ചില്‍ തുടരുമെന്നും, സുരക്ഷ ശക്തമാക്കുമെന്നും പഞ്ചാബ് പൊലീസ് എഡിജിപി എച്ച്.എസ്. ധില്ലന്‍ വ്യക്തമാക്കി. ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കാണ് പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിനു നേരെ ആക്രമണമുണ്ടായത്. സൈനിക വേഷത്തില്‍ ഔദ്യോഗിക വാഹനത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്.
മിഗ് 29 വിമാനങ്ങളും, ഹെലികോപ്റ്ററുകളുമുളള തന്ത്രപ്രധാനമേഖലയാണ് പത്താന്‍കോട്ടിലെ എയര്‍ബേസ്. കഴിഞ്ഞ ദിവസം കാണാതായ പോലീസ് വാഹനത്തിലാണ് ഭീകരര്‍ എത്തിയത്. വെടിയുതിര്‍ത്ത് എത്തിയ ഭീകരര്‍ ടെക്‌നിക്കല്‍ ഏരിയയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. നലു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. രണ്ട് ഭീകരര്‍ ആദ്യ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കെട്ടിടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന മറ്റു രണ്ടു പേരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു.

ഭീകരരെ നേരിടാന്‍ പിന്നീട് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ സഹായവും തേടിയിരുന്നു. ആക്രമണം നടന്നെങ്കിലും എയര്‍ബേസിലുണ്ടായിരുന്ന വിമാനങ്ങള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും, പാകിസ്താനില്‍ നിന്നുളളവരാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആറുമാസത്തിനിടെ പഞ്ചാബില്‍ നടക്കുന്ന ആറാമത്തെ ഭീകരാക്രമണം ആണിത്. നേരത്തെ ഗുര്‍ദാസ്പൂരില്‍ ഗ്രനേഡുകളും, എ.കെ 47 തോക്കുകളുമായി സൈനിക വേഷത്തിലെത്തിയ ഭീകരരുടെ ആക്രമണത്തില്‍ മൂന്നുസാധാരണക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. പുതുവര്‍ഷവുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശങ്ങള്‍ നേരത്തെ നല്‍കിയിരുന്നതാണ്. എന്നിട്ടും ഉണ്ടായ ആക്രമണം ഗുരുതര സുരക്ഷാ വീഴ്ചയായിട്ടാണ് കണക്കാക്കുന്നതും.