ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ഏകദിന പോരാട്ടം ഇന്ന് ജൊഹാനസ്ബര്‍ഗില്‍. ആറ് മല്‍സരങ്ങളുടെ പരമ്പരയില്‍ 3–0ന് മുന്നിലുളള ഇന്ത്യ, ദക്ഷിണാഫ്രിക്കയില്‍ ആദ്യപരമ്പര എന്ന ചരിത്രനേട്ടത്തിനരികിലാണ്. ജയിക്കാനായാല്‍ പരമ്പരയ്ക്കൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്ക് സ്വന്തമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 4.3നാണ് മല്‍സരം.

മൂന്ന് പേരാണ് ഈ അപ്രതീക്ഷിത മേധാവിത്വത്തിന് കാരണം. മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ കോഹ്‌ലി. ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തുന്ന യൂസവേന്ദ്ര ചഹലും കുല്‍ദീപ് യാദവും. പേസ് ബോളര്‍മാരുടെ ഇഷ്ടയിടമായ ദക്ഷിണാഫ്രിക്കയില്‍ സ്പിന്നു കൊണ്ട് വല നെയ്തിരിക്കുകയാണ് ഇരുവരും. അഞ്ച് സ്പിന്നര്‍മാരെ വരുത്തി പരിശീലനം നടത്തി മൂന്നാം ഏകദിനത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ ഇന്ത്യന്‍ സ്പിന്‍ ദ്വയത്തിന് മുന്നില്‍ പഠിച്ചതെല്ലാം മറന്നു. 4 വിക്കറ്റ് വീതം പിഴുത ചഹലിനെയും കുല്‍ദീപിനെയും ദക്ഷിണാഫ്രിക്ക കെട്ടഴിച്ചുവിട്ടാല്‍ ജൊഹാനസ്ബര്‍ഗിലും സ്ഥിതി വ്യത്യസ്തമാകില്ല. കൈവിരലിന് പരുക്കേറ്റ് പുറത്തായിരുന്ന ഡിവില്ലിയേഴ്സിനെ മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് ആതിഥേയര്‍.

വിരാട് കോഹ്‌ലിയെ പൂട്ടാനുള്ള തന്ത്രം ആവിഷ്കരിക്കേണ്ടതും ദക്ഷിണാഫ്രിക്കന്‍ ക്യാംപിന് അനിവാര്യതയാണ്. സ്തനാര്‍ബുദ‌ത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്ക നടത്താറുള്ള പിങ്ക് ഏകദിനമാണ് ജൊഹാനസ്ബര്‍ഗിലേത്. 2011 മുതല്‍ ഇതുവരെ പിങ്ക് ജഴ്സിയണിഞ്ഞിറങ്ങിയ ദിനങ്ങളില്‍ ദക്ഷിണാഫ്രിക്ക തോറ്റിട്ടില്ല എന്നതാണ് രസകരം. പിങ്ക് നിറത്തിന്റെ ഭാഗ്യവും പേറി ദക്ഷിണാഫ്രിക്ക പരമ്പരയിലേക്ക് തിരികെയെത്തുമോ..? അതോ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം കുറിക്കുമോ