അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ വിസ്‌കോന്‍സിനിനെ മിൽ‌വാക്കി നഗരത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് മരണം. മോൾ‌സൺ കോഴ്‌‌സ് സമുച്ചയത്തിലായിരുന്നു വെടിവെപ്പ്. മോൾ‌സൺ കോഴ്‌‌സ് സമുച്ചയത്തിലെ അഞ്ച് ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

മിൽ‌വാക്കി സ്വദേശിയായ 51 കാരനാണ് അക്രമി. ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. ‘അഞ്ചുപേരും നമ്മളെപോലെ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈകുന്നേരം എത്രയും നേരത്തെ അവരവരുടെ കുടുംബങ്ങളില്‍ മടങ്ങിയെത്തണം എന്നായിരിക്കും അവരുടേയും ആഗ്രഹിച്ചിട്ടുണ്ടാവുക. ഇങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല’. മിൽ‌വാക്കി മേയർ ടോം ബാരറ്റ് പറഞ്ഞു.

അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമല്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍വെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിവെയ്പില്‍ അനുശോചനം അറിയിച്ചു.

കോർപ്പറേറ്റ് ഓഫീസുകളും മദ്യനിർമ്മാണ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ ഒരു സമുച്ചയത്തിലാണ് വെടിവയ്പ്പ് നടന്നത്. ഈ സമുച്ചയത്തിൽ 600 പേരെങ്കിലും ജോലിചെയ്യുന്നുണ്ട്. മോൾസൺ കോഴ്‌സിന്റെ ഭാഗമായ മില്ലർ ബ്രൂവിംഗ് കമ്പനിയുടെ പേരിനോട് ചേര്‍ന്നാണ് പ്രദേശത്തെ മിൽ‌വാക്കിയെന്നു വിളിക്കുന്നത്. അക്രമി ഒരു മദ്യനിര്‍മ്മാണ തൊഴിലാളിയാണ്. ‘നിർഭാഗ്യവശാൽ, ഈ ദാരുണമായ സംഭവത്തിൽ ഞങ്ങളുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന്’ മോൾസൺ കോഴ്‌സ് സിഇഒ ഗാവിൻ ഹാറ്റേഴ്‌സ്ലി പറഞ്ഞു. എല്ലാവര്‍ക്കും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതിനായി ഞങ്ങള്‍ മദ്യശാല താല്‍ക്കാലികമായി ഒരാഴ്ചത്തേക്ക് അടച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു.