ഇരിട്ടി ആറളം കീഴ്പള്ളിയില്‍ പനിബാധിച്ച് മരിച്ച ബാലികയ്ക്ക് കൊറോണയില്ലെന്ന് തെളിഞ്ഞു. ഇടവേലിയിലെ അഞ്ജനയുടെ സ്രവ പരിശോധന ഫലമാണ് നെഗറ്റീവായത്. മൃതദേഹ പരിശോധനക്ക് ശേഷം നാട്ടിലെത്തിച്ച ഭൗതിക ശരീരം സംസ്‌ക്കരിച്ചു. കീഴ്പ്പള്ളി ഇടവേലിയിലെ കുമ്പത്തി രഞ്ജിത്തിന്റേയും സുനിതയുടെയും മകള്‍ അഞ്ചുവയസ്സുകാരി അഞ്ജന കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് മരിച്ചത് .

പനിയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ അഞ്ജനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് .

ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടി പെട്ടെന്നാണ് രോഗബാധിതയായത്. ഇതോടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിന്റെ ഭാഗമായി കുട്ടിയുടെ സ്രവം ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ മൃതദേഹ പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.