സമാധിയില്‍ ആണ്. തിരിച്ചു വരും. ഈ പ്രതീക്ഷയിൽ ആൾദൈവത്തിന്റെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് അനുയായികൾ. പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍ മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ്, അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ശിഷ്യന്മാര്‍ ഉള്‍പ്പെടെയുളളവര്‍ സൂക്ഷിക്കുന്നത്. 50 ഏക്കര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്നതാണ് ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍.

ദേരാ നേതാവ് 2014ല്‍ ലുധിയാനയിലെ സദ്ഗുരു അപ്പോളോ ആശുപത്രിയിലാണ് മരിച്ചത്. ശാരീരികാസ്വാസ്ഥത്തെ തുടര്‍ന്നായിരുന്നു മരണം. ഡോക്ടര്‍മാര്‍ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ അശുതോഷ് മഹാരാജ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ദേരാ മാനേജ്‌മെന്റും ശിഷ്യന്മാരും.

ഒരു മുറിയില്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെയാണ് മൃതദേഹം സൂക്ഷിക്കുന്നത്. ഇതിന് കാവലായി ഒരു സംഘം ആളുകള്‍ എല്ലായ്‌പോഴും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. മുറിക്ക് അകത്തേയ്ക്ക് ആര്‍ക്കും പ്രവേശനമില്ല. ആരെങ്കിലും അന്യായമായി കടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാക്രമീകരണങ്ങള്‍. ദേരയ്ക്ക് ചുറ്റും പഞ്ചാബ് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. വിഐപികള്‍ക്ക് പോലും ഇവിടെയ്ക്ക് പ്രവേശനമില്ല.

കഴിഞ്ഞവര്‍ഷം ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയവരില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അടക്കമുളള പ്രമുഖര്‍ ഉള്‍പ്പെടും. ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാനില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന മൂന്നുനാല് പേരെ മാത്രമേ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടുളളൂ.
ഇതുവരെ മൃതദേഹത്തിന് കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ നിര്‍ദേശപ്രകാരം പതിവായി പരിശോധകള്‍ നടക്കുന്നുണ്ട്. ഫ്രീസറിലെ ഊഷ്മാവ് ക്രമീകരിച്ചിരിക്കുകയാണ്. പതിവായി ചില മരുന്നുകള്‍ മൃതദേഹത്തില്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.