ഹീറ്റ് വേവ് മൂലം യുകെയില്‍ കൊല്ലപ്പെട്ടത് 650ലേറെ ആളുകളെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 663 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇക്കാലയളവിലുണ്ടായിരിക്കുന്നതും ഈ വര്‍ഷമാണ്. കിഡ്‌നി, ഹൃദയ രോഗങ്ങളുള്ളവരും പ്രായമായവരുമാണ് ഏറെ ഭീഷണി നേരിടുന്നതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹീറ്റ് വേവ് മൂലമുണ്ടാകുന്ന ഡീഹൈഡ്രേഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അമിത ക്ഷീണം, അണുബാധ, ഹൃദയാഘാതം, പക്ഷാഘാതം മുതലയാവയുണ്ടാകാനുള്ള സാധ്യത ശരീരത്തിലെ ജലാംശം കുറയുന്നതു മൂലം ഉണ്ടാകാമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ പ്രസിഡന്റ് പറഞ്ഞു. പ്രായമായവരിലാണ് ഇവയ്ക്കും സാധ്യത ഏറെയുള്ളത്. ശ്വസന പ്രശ്‌നമുള്ളവര്‍ക്ക് പ്രതിസന്ധിയാകുന്നത് അന്തരീക്ഷ വായുവിന്റെ മലിനീകരണമാണ്. അന്തരീക്ഷ മലിനീകരണം വരണ്ട കാലാവസ്ഥയില്‍ വര്‍ദ്ധിക്കും. വന്‍ നഗരങ്ങളില്‍ ഇത് പരിധിക്കും മേലെയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഹീറ്റ് വേവിന് ഉടനൊന്നും ശമനമുണ്ടാകാന്‍ ഇടയില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വാരാന്ത്യത്തില്‍ ചൂട് ഇനിയും കൂടുമെന്നാണ് പ്രവചനം. അസുഖങ്ങളും മരണങ്ങളും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എന്‍എച്ച്എസില്‍ ജീവനക്കാര്‍ക്ക് വന്‍ സമ്മര്‍ദ്ദമുണ്ടായേക്കുമെന്നും കരുതുന്നു. 2003 ഓഗസ്റ്റില്‍ ഹീറ്റ് വേവ് മൂലം 2000 അധിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 75 വയസിനു മുകളില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ലണ്ടനിലുമുള്ളവരായിരുന്നു മരിച്ചവരില്‍ ഏറെയും.