ന്യൂഡൽഹി: രാജ്യത്ത് ബാങ്കിംഗ് മേഖലകളിലെ തട്ടിപ്പുകളില്‍ കഴിഞ്ഞ വർഷം മാത്രം 73.8 ശതമാനത്തിന്റെ വർധനവുണ്ടായെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018–19 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത തട്ടിപ്പുകളുടെ എണ്ണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 15 ശതമാനത്തിന്റെ വർധനവും തട്ടിച്ച പണത്തിന്റെ അളവിൽ 73.8 ശതമാനത്തിന്റെ വർധനവും ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.

2017-2018 സാമ്പത്തിക വർഷത്തിൽ ബാങ്ക് തട്ടിപ്പിലൂടെ 41167 കോടി രൂപയാണ് തട്ടിയെടുത്തത്. ഇത് 2018 – 2019 വർഷത്തിലേക്ക് എത്തിയപ്പോൾ 71542 കോടി രൂപയായി വർധിച്ചു. ബാങ്ക് തട്ടിപ്പ് കേസുകളിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. അതായത് 2017 – 2018 സാമ്പത്തിക വർഷത്തിലെ 5916 കേസുകളിൽ നിന്ന് 2018 – 2019ലേക്ക് എത്തിയപ്പോൾ 6801 കേസുകളായി വർധിച്ചു.

കൂടുതല്‍ വിപണി പങ്കാളിത്തമുള്ള പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും വിദേശ ബാങ്കുകളും ഇതിന് പിന്നിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളിൽ 3,766 തട്ടിപ്പുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. തട്ടിയെടുത്തത് 64,509.43 കോടി രൂപയും. തട്ടിപ്പ് നടക്കുന്ന സമയവും അത് ബാങ്ക് തിരിച്ചറിയുന്ന സമയവും തമ്മില്‍ ശരാശരി 22 മാസത്തിന്റെ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

100 കോടി രൂപയ്ക്കു മുകളിലുള്ള തട്ടിപ്പുകൾ നടന്ന തീയതിയും അതു കണ്ടെത്തിയ തീയതിയും തമ്മിലുള്ള അന്തരം ശരാശരി 55 മാസങ്ങളാണ്. അതേസമയം ഓഫ് ബാലന്‍സ് ഷീറ്റ് തട്ടിപ്പുകളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്.