ഫ്രോസണ്‍ പച്ചക്കറികളില്‍ മാരകമായ ബാക്ടീരിയ ബാധയെന്ന് മുന്നറിയിപ്പ്. ലിസ്റ്റീരിയ മോണോസൈറ്റോജനുകള്‍ എന്നറിയപ്പെടുന്ന ബാക്ടീരിയകള്‍ ബാധിച്ച പച്ചക്കറി യുകെയില്‍ എത്തിയിട്ടുണ്ടെന്ന് ഫുഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 9 മരണങ്ങള്‍ക്ക് കാരണമായ ലിസ്റ്റീരിയോസിസ് എന്ന അപൂര്‍വ രോഗത്തിന് ഈ ബാക്ടീരിയകള്‍ കാരണമാകും. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രായമായവരിലും ഗര്‍ഭിണികളിലും കുട്ടികളിലും ഈ രോഗം മാരകമായേക്കാമെന്നാണ് മുന്നറിയിപ്പ്. ഫ്രോസണ്‍ സ്വീറ്റ്‌കോണിലാണ് ഈ ബാക്ടീരിയ കാണാന്‍ സാധ്യതയേറെയുള്ളത്.

യുകെയുള്‍പ്പെടെ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഈ ബാക്ടീരിയ ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അണുബാധയുള്ള പച്ചക്കറികള്‍ തിരിച്ചറിയുന്നതിനായി ജീനോം സീക്വന്‍സിംഗ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യന്‍ ഫുഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഫ്രോസണ്‍ കോണില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജൂണ്‍ 8 വരെ 47 ലിസ്റ്റീരിയോസിസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ 9 പേര്‍ മരിച്ചു.

ഹംഗേറിയന്‍ കമ്പനി വിപണിയിലെത്തിച്ച ഫ്രോസണ്‍ പച്ചക്കറികളിലാണ് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചത്. 2016ലും 2017ലും ഇതേ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ലിസ്റ്റീരിയ മോണോസൈറ്റോജനുകളെ കണ്ടെത്തിയിരുന്നു. പ്രോസസിംഗ് പ്ലാന്റില്‍ ഇവ നിലനില്‍ക്കുന്നുണ്ടെന്നതാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കമ്പനിയുടെ ഉല്‍പന്നങ്ങളുടെ വില്‍പനം ഹംഗേറിയന്‍ ഫുഡ് ചെയിന്‍ സേഫ്റ്റി ഓഫീസ് നിരോധിച്ചിരിക്കുകയാണ്.