ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.കുടുംബത്തിന്റെ അന്ധവിശ്വസവും വിഭ്രാന്തിയും ലോകാവസാന ഭീതിയുമാണ് തൂങ്ങിമരണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണം 77 കാരി നാരായണ്‍ ദേവിയുടെ ഇളയമകന്‍ ലളിത് ഭാട്ടിയയിലേക്കാണ് നീളുന്നത്. ഭാട്ടിയയുടെ അന്ധവിശ്വാസവും ഉന്മാദവും അബദ്ധ വിശ്വാസവുമായിരുന്നു മരണത്തിലേക്ക നയിച്ചതെന്നാണ് സൂചനകള്‍. വീട്ടില്‍ നിന്നും കണ്ടെടുത്ത ഒരു കുറിപ്പാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ബുരാരിയിലെ വീട്ടില്‍ ഞായറാഴ്ചയാണ് 77 കാരി നാരായണ്‍ ദേവിയേയും മക്കളെയും കൊച്ചുമക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണ്‍ ദേവിയെ മാത്രം കിടക്കയില്‍ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ നിലയിലും മറ്റുള്ളവരെ കെട്ടിത്തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു. ഈ കൂട്ട ആത്മഹത്യ പ്‌ളാന്‍ ചെയ്തത് 45 കാരനായ ലളിത് ഭാട്ടിയയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് മൗനവ്രതം പ്രഖ്യാപിച്ച ലളിത് അടുത്ത കാലത്ത് സംസാരം തുടങ്ങിയിരുന്നു.

മരണമടഞ്ഞ പിതാവിന്റെ ആത്മാവുമായി സംസാരിക്കുമായിരുന്നു എന്ന് അവകാശപ്പെട്ടിരുന്ന ലളിത് ഭാട്ടിയ പിതാവ് തനിക്ക് സന്ദേശങ്ങള്‍ നല്‍കാറുണ്ട് എന്ന് പറഞ്ഞ് മറ്റുള്ള കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റേത് എന്ന് കരുതുന്ന ഒരു കുറിപ്പില്‍ അന്ത്യവിധിയെക്കുറിച്ച്‌ പ്രവചിക്കുകയും അതില്‍ നിന്നും രക്ഷപ്പെടാന്‍ കുടുംബത്തെ ഉപദേശിക്കുകയും ചെയ്തിരുന്നു. ” അന്ത്യസമയത്ത് അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കപ്പെടുമ്ബോള്‍ ആകാശത്തിന്റെ കിളിവാതില്‍ തുറക്കപ്പെടും. ഭൂമി കുലുങ്ങും. പക്ഷേ ഭയപ്പെടാതെ മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കണം. അപ്പോള്‍ ഞാന്‍ വന്ന നിന്നെയും മറ്റുള്ളവരെയും മുകളിലേക്ക് കൊണ്ടുപോകും.” പിതാവ് നല്‍കിയ സന്ദേശമായി രേഖപ്പെടുത്തിയ ലളിത് ഭാട്ടിയയുടെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പത്തു വര്‍ഷം മുൻപ് മരിച്ച പിതാവില്‍ നിന്നുള്ള വെളിപാട് എന്നു പറഞ്ഞാണ് ലളിത് ഭാട്ടിയ എല്ലാം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പിതാവില്‍ നിന്നും തനിക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നതായി ഇയാള്‍ കുടുംബാംഗങ്ങളെ പറഞ്ഞു ധരിപ്പിച്ചു. അന്ധവിശ്വാസികളായിരുന്ന കുടുംബം ലോകാവസാനം വരുമെന്നും വിശ്വസിച്ചു. മിക്കവാറും മൗനവൃതത്തിലായിരുന്ന ലളിത് തന്റെ പലചരക്ക് കടയില്‍ വരുന്നവരോട് പോലും കുറിപ്പിലൂടെയായിരുന്നു സംസാരിച്ചിരുന്നത്. സംഭവത്തില്‍ ലളിത് ഭാട്ടിയയ്ക്ക് നിര്‍ദേശം നല്‍കിയത് ഒരു ആള്‍ദൈവം ആണെന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.

പ്രദേശത്ത് ഏറ്റവും സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമാണ് ഭാട്ടിയ കുടുംബം. തലേന്നു രാത്രിയും ഏറെ സന്തോഷത്തോടെ ഇവരെ സമീപവാസികള്‍ കണ്ടിരുന്നു. കുടുംബത്തില്‍ അടുത്തു തന്നെ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു ഈ ദുരന്തം.രാജസ്ഥാനില്‍ നിന്നുള്ള ഭാട്ടിയ കുടുംബം 22 വര്‍ഷം മുന്‍പാണു ബുരാരിയിലെ സന്ത് നഗറില്‍ എത്തിയത്.

എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാര്‍ക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയല്‍വാസികള്‍ക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയല്‍ക്കാരിലൊരാള്‍ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77) യുടെ മൃതദേഹമാണ് കഴുത്തു ഞെരിച്ച നിലയില്‍ തറയില്‍ കിടന്നത്. ഇവരുടെ മകള്‍ പ്രതിഭ(57) ആണ്‍മക്കളായ ഭവ്‌നേഷ്(50) ലളിത് ഭാട്ടിയ(45) ഭവ്‌നേഷിന്റെ ഭാര്യ സവിത (48) ഇവരുടെ മക്കളായ മീനു(23) നിധി(25) ധ്രുവ്(15) ലളിതിന്റെ ഭാര്യ ടിന(42) മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് കൊല്ലപ്പെട്ടത്.