2012നെ അപേക്ഷിച്ച് എ-ലെവല്‍ പരീക്ഷയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഉയര്‍ന്ന ഗ്രേഡുകള്‍. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 5 ലക്ഷത്തോളം കുട്ടികളുടെ എ-ലെവല്‍ പരീക്ഷാഫലമാണ് ഇന്നലെ പുറത്തു വന്നത്. ഇവരില്‍ നാലിലൊന്നു പേര്‍ക്ക് എയോ എ സ്റ്റാറോ ലഭിച്ചിട്ടുണ്ട്. പരീക്ഷ കടുത്തതാക്കിയിട്ടും ഉയര്‍ന്ന ഗ്രേഡുകള്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എ സ്റ്റാര്‍, എ എന്നീ ഗ്രേഡുകള്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ 26.4 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇത് രണ്ടാമത്തെ വര്‍ഷമാണ് ഈ ട്രെന്‍ഡ് തുടരുന്നതെന്നും കണക്കുകള്‍ പറയുന്നു.

എന്നാല്‍ എ സ്റ്റാര്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 8 ശതമാനത്തിന്റെ കുറവാണ് ഇതിലുണ്ടായത്. 2013നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. മൊത്തം വിജയ ശതമാനത്തില്‍ 0.3 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയം കണക്കാണ്. 97,627പേര്‍ ഇത് എടുത്തിട്ടുണ്ട്. കംപ്യൂട്ടിഗ് 10,286 വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആണ്‍കുട്ടികള്‍ തന്നെയാണ് ഉയര്‍ന്ന ഗ്രേഡുകളില്‍ മുന്നിട്ടു നില്‍ക്കുന്നത്.

പരീക്ഷയെഴുതിയ 26.6 ശതമാനം ആണ്‍കുട്ടികളും എ സ്റ്റാറോ എ ഗ്രേഡോ നേടിയപ്പോള്‍ 26.2 ശതമാനം പെണ്‍കുട്ടികള്‍ ഈ നേട്ടത്തിന് അര്‍ഹരായിട്ടുണ്ട്. സയന്‍സ്, ടെക്‌നോളജി. എന്‍ജിനീയറിംഗ്, കണക്ക് എന്നിവയെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എ ലെവല്‍ എന്‍ട്രികളുടെ മൂന്നിലൊന്നും ഇവര്‍തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു.