ഇതാ ആറ് ദിവസങ്ങള്‍ക്ക് മുൻപ് മാത്രം നാസ തിരിച്ചറിഞ്ഞ ആസ്ട്രായ്ഡ്. ലോറിയേക്കാള്‍ വലുപ്പമുള്ല ഇത് ഇന്ന് ഭൂമിക്ക് സമീപത്ത് കൂടി കടന്ന് പോകുമെന്ന മുന്നറിയിപ്പും നാസ ഉയര്‍ത്തിയിട്ടുണ്ട്. 2017 വൈഡി7 എന്നാണ് ഈ ആസ്ട്രോയ്ഡിന് പേരിട്ടിരിക്കുന്നത്. അപകട സോണിന്റെ ദൂരത്തിന്റെ പകുതി പോലും ദൂരമില്ലാതെ ഈ ആസ്ട്രോയ്ഡ് പറക്കുന്നത് മണിക്കൂറില്‍ 37,800 കിലോമീറ്റര്‍ വേഗത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ഭൂമിയെ സ്പര്‍ശിച്ചാല്‍ കടുത്ത നാശമായിരിക്കും മനുഷ്യരടക്കമുള്ള സമസ്ത ജീവജാലങ്ങള്‍ക്കും സംഭവിക്കാന്‍ പോകുന്നത്. ആസ്ട്രോയ്ഡിന്റെ ആഘാതത്താല്‍ ഭൂമിയുടെ ഒരു ഭാഗം തളര്‍ന്ന് പോവാതിരിക്കാന്‍ ലോകം മിഴി നട്ടിരിക്കുന്നു .

ഭൂമിയില്‍ നിന്നും വെറും 2,000,000 കിലോമീറ്റര്‍ അകലത്ത് കൂടിയാണ് ഈ ആസ്ട്രോയ്ഡ് നീങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. സ്പേസ് ടേമുകളുടെ അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ ഭൂമിക്ക് വളരെ അടുത്ത് കൂടിയായിരിക്കും ഈ ഭീമന്‍ ഉല്‍ക്കയുടെ നീക്കം. മണിക്കൂറില്‍ 7300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഭൂമിയിലെ ഏറ്റവും വേഗത കൂടിയ വിമാനമായ ഹൈപ്പര്‍സോണിക്ക് നോര്‍ത്ത് അമേരിക്കന്‍ എക്സ്-15 വിമാനത്തേക്കാൾ അഞ്ചിരട്ടി വേഗതയിലാണ് പുതിയ ആസ്ട്രോയ്ഡ് സഞ്ചരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. ആറ് മുതല്‍ 21 മീറ്റര്‍ വരെ വ്യാസമുള്ള 2017 വൈഡി7 ആസ്ട്രോയ്ഡിനെ ഡിസംബര്‍ 28നായിരുന്നു ആദ്യമായി അരിസോണയിലെ മൗണ്ട് ലെമന്‍ സര്‍വേക്ക് മുകളിലുള്ള ആകാശത്ത് കണ്ടെത്തിയിരുന്നതെന്ന് ആസ്ട്രോ വാച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് വന്നുകഴിഞ്ഞാൽ ഈ ആസ്ട്രോയ്ഡ് ഇനി ഭൂമിക്കടുത്ത് വരുന്നത് 2155 ജൂണ്‍ 16ന് ആയിരിക്കുമെന്നും പ്രവചനമുണ്ട്. അന്ന് ഭൂമിയില്‍ നിന്നും 26,900, 000 കിലോമീറ്റര്‍ അകലത്തിലായിരിക്കും ഇത് പറന്ന് നീങ്ങുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 384,400 കിലോമീറ്ററെന്നറിയുമ്പോൾ ആണ് ഈ ആസ്ട്രോയ്ഡില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരം കണക്ക് കൂട്ടുന്നത് എളുപ്പമാകുന്നത്. ക്രിസ്മസ് ദിനത്തില്‍ മറ്റൊരു വലിയ ആസ്ട്രോയ്ഡ് കൂടി ഭൂമിക്കടുത്ത് കൂടി കടന്ന് പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഭൂമിക്കും ചന്ദ്രനും ഇടയിലൂടെ ഈ ആസ്ട്രോയ്ഡ് കടന്ന് പോയത് 224,000 കിലോമീറ്റര്‍ അകലത്ത് കൂടിയായിരുന്നു.

നിലവില്‍ ഒരു ആസ്ട്രോയ്ഡ് ഭൂമിക്ക് നേരെ കുതിച്ച്‌ വന്നാല്‍ അതിനെ തടുക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും നാസക്കില്ല. എന്നാല്‍ അതിന്റെ ആഘാതത്തില്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് മേലുണ്ടാകുന്ന നാശങ്ങള്‍ കുറക്കുന്നതിനുള്ള സംവിധാനങ്ങള്‍ നാസ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആസ്ട്രോയിഡ് പതിക്കുന്ന സ്ഥലം മുന്‍കൂട്ടി മനസിലാക്കി അവിടെ നിന്നും അതിന് തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിക്കും. ഇത്തരം ഭീമന്‍ ഉല്‍ക്കകള്‍ ഭൂമിക്ക് നേരെ കുതിച്ച്‌ വരുന്നത് മുന്‍കൂട്ടി അറിയാനുള്ള സംവിധാനങ്ങള്‍ അനുദിനം വികസിപ്പിച്ച്‌ കൊണ്ടിരിക്കുന്നതിനാല്‍ അപകടത്തിന്റെ ആഘാതം പരമാവധി കുറക്കാന്‍ സാധിക്കുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.