വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം തിമിംഗലം കേരള തീരത്തേക്ക്. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്നും യാത്രതുടങ്ങിയ ലുബന്‍ എന്ന് പേരുള്ള കൂറ്റന്‍ തിമിംഗലം ആലപ്പുഴ ഭാഗത്തേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കരയില്‍ നിന്ന് 20 മുതല്‍ 30 കിലോമീറ്റര്‍ അകലെകൂടി സഞ്ചരിക്കുന്ന കൂറ്റന്‍ തിമിംഗലത്തെ രണ്ടു ദിവസത്തിനകം കൊല്ലം-തിരുവനന്തപുരം തീരങ്ങളില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

എന്‍വയോണ്‍മെന്റ് സൊസൈറ്റി ഓഫ് ഒമാന്‍ ഉപഗ്രഹസഹായത്തോടെ ടാഗ് ചെയ്ത 14 ഭീമന്‍ തിമിംഗലങ്ങളില്‍ ഒന്നാണ് ലുബാന്‍. ഇക്കഴിഞ്ഞ ഡിസബംര്‍ 12നാണ് ഒമാനില്‍ നിന്നും ലുബാന്‍ യാത്ര തുടങ്ങുന്നത്. ഇതിനോടകം തന്നെ 1500 ഓളം കിലോമീറ്ററുകള്‍ താണ്ടിയാണ് ആദ്യം കൊച്ചി തീരത്തും പിന്നീട് ആലപ്പുഴ തീരത്തേക്കും നീങ്ങുന്നത്.

Image result for whale luban

മാസിറ ഉള്‍ക്കടലില്‍ കഴിഞ്ഞ നവംബറിലാണ് ഈ പെണ്‍തിമിംഗിലത്തെ കണ്ടെത്തിയത്. പ്രതിവര്‍ഷം 25,000 കിലോമീറ്റര്‍ ദേശാടനം നടത്തുന്ന കൂനന്‍ തിമിംഗലങ്ങള്‍ ലോകത്തില്‍ ഏറ്റവുമധികം ദൂരം യാത്ര ചെയ്യുന്ന സസ്തനികള്‍ ആണ്. അറബിക്കടലില്‍ കാണുന്ന ജനിതകമായി ഏറെ വ്യത്യസ്തമായ ഈ തിമിംഗലങ്ങള്‍ ദേശാടനം നടത്തുന്നവയല്ലെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ ഒമാനില്‍നിന്ന് യാത്രതുടങ്ങിയ ലുബാന്‍ 1500 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഡിസംബര്‍ അവസാനവാരം ഗോവന്‍ തീരത്തെത്തിയത്.

ലൂബാന്റെ ഒപ്പം ഒരു കുഞ്ഞന്‍ തിമിംഗലവുമുണ്ടെന്നും സംശയിക്കുന്നു. അറബിയില്‍ കുന്തിരിക്കം ചെടിയുടെ പേരാണ് ലുബാന്‍. വാലിലെ ചെടിയുടെ മാതൃകയാണ് ഈ പേരിടാന്‍ കാരണം. പതിനാറ് മീറ്ററിലേറെയാണ് വലിപ്പം. കറുപ്പിലും ചാരനിറത്തിലുമുള്ള ശരീരത്തിന്റെ കീഴ്ഭാഗം വെള്ളനിറമാണ്. തലയ്ക്ക് മുകളിലും വളരെ നീണ്ട ‘കൈകളു’ടെ അരികുകളിലും കാണുന്ന മുഴകള്‍ ഇവയുടെ മാത്രം പ്രത്യേകത. 30-40 മിനിറ്റ് ഇടവേളയില്‍ വെള്ളത്തിന് മുകളിലെത്തുന്ന ഇവയുടെ വാലിന്റെ അറ്റവും വെള്ള നിറമാണ്. അറേബ്യന്‍ സീ വെയ്ല്‍ നെറ്റ്വര്‍ക്ക് പ്രതിനിധി ഡോ. ദീപാനി സുതാരിയ, കേരള സര്‍കലാശാല അക്വാട്ടിക് ബയോളജി അന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശാസ്ത്രസംഘം ലുബാനെ പിന്തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവയുടെ സഹായത്തോടെ ലുബാന്റെ സാന്നിധ്യം രേഖപ്പെടുത്താനാണ് ശ്രമം.