ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വാറിനേക്കാള്‍ മരണം നമ്മോടടുത്തിരിക്കുന്നു ……മരണം നിര്‍വച്ചനീയമായ പ്രതിഭാസമല്ല. നാം മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാ സുഖങ്ങളും വെടിഞ്ഞ് ഒരുനാള്‍ പോകേണ്ടവനാണ് ഓരോ വ്യക്തിയും. രാജ്യത്തിന്റെ അധിപനെന്നോ, പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ, വ്യത്യാസമില്ലാതെ മരണം നമ്മെ പിടികൂടുക തന്നെ ചെയ്യും…… എന്നാൽ ഒരു മരണം ഉണ്ടാക്കുന്ന വേദന ഒരുപക്ഷേ ജീവിച്ചിരിക്കുന്നവർക്ക് താങ്ങാൻ പറ്റുന്നതായിരിക്കില്ല… അത്തരത്തിൽ പതിമൂന്ന് വർഷം കളികൂട്ടുകാരിയായിരുന്ന പെണ്ണ് പ്രിയ സഖിയായി സസുഖം വാഴുമ്പോൾ മരണം കള്ളനെപ്പോലെ കടന്നു വന്നു… പറക്കമുറ്റാത്ത ഒരു കുഞ്ഞിനേയും ഏൽപ്പിച്ചു പ്രിയ സഖി പറന്നകന്നപ്പോൾ…. സഹനങ്ങളുടെ ശിഷ്ടകാലം… ഭാര്യയുടെ ഓർമ്മ ദിവസം പട്ടാമ്പി സ്വദേശിയായ യുവാവിന്റെ ഓർമ്മക്കുറിപ്പുകൾ നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും…

കുറിപ്പ് വായിക്കാം

ഏപ്രില്‍ 20. ഒരു വര്‍ഷം ആവുകയാണ് .. ‘മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേര്‍ന്ന് ഇവിടെ ജീവിപ്പിച്ചു നിര്‍ത്തും…. അത് ഇനിയും തോല്‍വി സമ്മതിക്കാന്‍ മനസ്സില്ലാത്ത എന്റെയും അവന്റെയും വാശിയാണ് ,ചെറുത്തുനില്‍പ്പാണ്. ഞങ്ങടെ ഉള്ളില്‍ നീ ഇപ്പോഴും മരണത്തെപോലും തോല്‍പ്പിച്ചുനില്‍ക്കുന്ന ഒരു കുഞ്ഞുസുന്ദരിക്കുട്ടിയാണ് ‘

മരണത്തിനു ശരീരത്തേയേ ഇല്ലാതാക്കാന്‍ കഴിയൂ . ഓരോ നിമിഷത്തിലും ചിലഎഴുത്തുകളിലൂടെ,ചിത്രങ്ങളിലൂടെ ,വാക്കുകളിലൂടെ ,ഞങ്ങളിലൂടെത്തന്നെ നിന്നെയിവിടെ ജീവിപ്പിച്ചുനിര്‍ത്തും.അതൊരു വാശിയാണ് ,അത്രത്തോളം ഇറുക്കിപ്പിടിച്ചിട്ടും തട്ടിപ്പറിച്ചു കളഞ്ഞാല്‍ ,അവിടെ എല്ലാമവസാനിപ്പിച്ചു തോറ്റുതലകുനിച്ചു മടങ്ങാന്‍ മനസില്ലാത്തവന്റെ ഒരു കുഞ്ഞുവാശി.

വര്‍ഷങ്ങള്‍ക്ക് മുന്നേ ഒരുപാതിരാത്രിയിലാണ് അവള്‍ പറഞ്ഞത് ..അതേയ് എനിക്ക് ഇങ്ങേരോട് ഒടുക്കത്തെ പ്രണയമാണെന്ന് തോന്നുന്നു ,അവിടെ വേറാരും കേറിയിരിപ്പില്ലേല്‍ എന്നെക്കൂടേ കൂട്ടുവോ എന്ന്. ഇച്ചിരികഴിഞ്ഞാ മനസ്സെങ്ങാന്‍ മാറിയാലോന്നു പേടിച്ചു ഞാന്‍ അപ്പൊത്തന്നെ അപ്രൂവലും കൊടുത്തുകൂടെ കൂട്ടി. എന്റെ ഏറ്റവും പ്രിയപെട്ട കൂട്ടുകാരി ആയിരുന്നു.

തൃപ്പുണിത്തുറ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ആദ്യമായി കാണുന്നത് ….. എറണാകുളം കായംകുളം ലോക്കല്‍ ട്രെയിനിലേക്ക് കയറുമ്പോ എന്റെ നേരെ കൈനീട്ടി എന്റെ കയ്യൊന്നുപിടിക്ക് മാഷേ എന്ന് പറഞ്ഞപ്പോ തമാശക്ക് ഞാന്‍ പറഞ്ഞു എന്നോടൊക്കെ കൈ പിടിക്കാന്‍ പറയുമ്പോ സൂക്ഷിക്കണം കേട്ടോ.. ഒരിക്കല്‍ പിടിച്ചാല്‍പിന്നെ എന്റെ ജീവന്‍ പോയാലും ആ പിടിവിടുമെന്ന് കരുതണ്ട…..ആണോ ..?ഞാനും അങ്ങനെയാ എന്നുപറഞ്ഞു ചന്തമുള്ള ഒരു പുഞ്ചിരിയോടെ എന്നാ പിന്നെ ഇച്ചിരി ഇറുക്കിപിടിച്ചോ മാഷേ എന്ന് പറഞ്ഞതും ,കൈനീട്ടിയതും…..ആ ഇറുക്കിപിടുത്തം ഇളംചൂടുള്ള ഒരോര്‍മയായി ഇപ്പോഴും ഉള്ളിലങ്ങനെയുണ്ട് …….(ഒരു ദോശ ഉണ്ടാക്കിയ പ്രണയംപോലെ വളരെ രസകരമായ ഒരു കഥയാണ് ഞങ്ങടെ പ്രണയം ‘ഒരു കുളിയുണ്ടാക്കിയ പ്രണയം’സൗകര്യംപോലെ ഒരിക്കല്‍ പറയുന്നുണ്ട് )

നീണ്ട 8വര്‍ഷത്തെ കൂട്ട് ,5 വര്‍ഷം കല്ല്യാണത്തിന് ശേഷം …അങ്ങനെ ഒരുമിച്ചുള്ള മനോഹരമായ പതിമൂന്നു വര്‍ഷങ്ങള്‍ ….. കുന്നിക്കുരുവോളമേ ഉണ്ടായുള്ളുവെങ്കിലും മനോഹരമായ ജീവിതം ,ഒരുപാട് നല്ല ഓര്‍മകള്‍ …. അതുതന്നെ ധാരാളമാണ് ഈ ജന്മം മുഴുവന്‍ ഓര്‍ക്കാന്‍ ……

ഓര്‍മ്മകള്‍ എന്നെ പിറകോട്ടല്ല നയിക്കുന്നത് ,കൂടുതല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടാണ് .മുഖപുസ്തകത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിലൂടെ ,അവരുടെ ഹൃദയത്തിലൂടെ ഒരുപാടൊരുപാട് സ്‌നേഹം ഏറ്റുവാങ്ങി അവളിവിടെ ജീവിച്ചു കൊണ്ടേയിരിക്കട്ടെ ….

‘ഏതു സമയത്തും വേണമെങ്കിലും വളരെ മോശമായ ഒരു കാര്യം സംഭവിക്കും , തളര്‍ന്നുപോകരുത് മോന്റെ കയ്യില്‍ മുറുക്കെപ്പിടിച്ചു ഒരു തരിമ്പുപോലും ഇളകാതെ മുന്നോട്ട്തന്നെ പോയികൊണ്ടിരിക്കണം ,ലൈവില്‍ നില്‍ക്കണം എന്ന് പറഞ്ഞു അവസാന നാളുകളില്‍ പോലും സ്‌നേഹംകൊണ്ട് എന്നെ ഇറുക്കിപ്പിടിച്ചിരുന്ന അവളെ എനിക്കെങ്ങനെയാണ് വിട്ടുകളയാനാവുക ………!

മാലചാര്‍ത്തിയും വിളക്ക് കത്തിച്ചുവച്ചും ഒരു ഫോട്ടോപോലും ഞാന്‍ എവിടേം വച്ചിട്ടില്ല …..ദേ ഇങ്ങനെ ചിരിച്ചോണ്ട് ലൈവില്‍ നിക്കണ ഫോട്ടോകള്‍ കാണുമ്പോ കൂടെതന്നെ ഉണ്ടെന്നുള്ള ഒരു വിശ്വാസം ആണ്.

[ot-video][/ot-video]