പൂൾ: പ്രിയ യുകെ മലയാളികളെ… ഏതൊരു മനസ്സിനെയും മുറിപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇന്ന് ഞങ്ങൾ പങ്ക് വയ്ക്കുന്നത്. യുകെ മലയാളികളെ സംബന്ധിച്ചു പല മരണ വാർത്തകളിലൂടെ കടന്നു പോയിട്ടുണ്ട്. പപ്പോഴും ക്യാൻസർ, അപകടം അതുമല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് എന്നിവകൊണ്ടാണ് മരണം സംഭവിക്കാറുള്ളത്. ഏതൊരു മരണവും തീരാ ദുഃഖങ്ങൾ നൽകിയാണ് കടന്നു പോകുന്നത്. എന്നാൽ വലിയ പ്രതീക്ഷകളോടെ ഗർഭധാരണത്തിന്റെ എല്ലാ വേദനകളും സഹിച്ചു പത്തു മാസം വയറ്റിൽ ചുമന്നു പ്രവവിക്കുബോൾ അതുവരെ ഉണ്ടായ എല്ലാ വേദനകളും മറന്ന് ഒരമ്മയുടെ മനസ്സ് സന്തോഷിക്കുന്നപോലെ മറ്റൊന്നും നമുക്ക് കണ്ടെത്താൻ പറ്റുമോ എന്ന് സംശയമാണ്…

എന്നാൽ ഒന്ന് തീരും മുൻപേ മറ്റൊന്ന് എന്ന പോലെ ഒരു പൂളിൽ താമസിക്കുന്ന ബെന്നി സ്വപ്ന ദമ്പതികളുടെ ആറ് ആഴ്‌ച മാത്രം പ്രായമുള്ള ആദം ബെന്നിയെയാണ് ഇന്നലെ ഉച്ചതിരിഞ്ഞു  രണ്ടര മണിയോട് കൂടി സൗത്താംപ്ടൺ ഹോസ്പിറ്റലിൽ വച്ച് മരണം തട്ടിയെടുത്തത്. സ്കൂളിൽ പഠിക്കുന്ന ആൽബിൻ, അലൻ , ആബേൽ, അനബെൽ എന്നിവരാണ് ബെന്നി സ്വപ്ന ദമ്പതികളുടെ മറ്റ് കുട്ടികൾ.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ബെന്നിയും കുടുംബവും സ്കോട്ട്ലാൻഡിൽ നിന്നും പൂളിൽ എത്തുന്നത്. ഗർഭധാരണ സമയത്തു നടന്ന സ്കാനിങിലോ, പ്രസവ ശേഷമുള്ള പരിശോധനയിലോ കുട്ടിക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും കണ്ടെത്തിയിരുന്നില്ല. സാധാരണ പോലെ പ്രസവ ശേഷം ഹോസ്പിറ്റലിൽ നിന്നും ഡിസ്‌ചാർജ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ടാഴ്ച്ച പിന്നിട്ടപ്പോൾ എന്തോ വിഷമത കുഞ്ഞിനെ അലട്ടുന്നതായി ബെന്നിയും കുടുംബവും തിരിച്ചറിഞ്ഞു. ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ ഉടൻ തന്നെ കുട്ടിയെ കൂടുതൽ പരിശോധനകൾക്കായി സൗത്താംപ്ടൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തി പരിശോധനകൾ ആരംഭിക്കുന്നത്. ശ്വാസകോശത്തിന്റെ മസിലുകളുടെ ബലം കുറഞ്ഞു വരികയാൽ ശ്വസന പ്രക്രിയ തടസപ്പെടുകയായിരുന്നു. രണ്ടാഴ്‌ചയോളം വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയെങ്കിലും കൂടുതൽ പ്രതീക്ഷകൾ ഒന്നും ഡോക്ടർമാർ നൽകാതെ സംഭവിക്കാൻ പോകുന്ന ദുരന്തത്തെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അങ്ങനെ ഇന്നലെ ഉച്ചക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായം നിർത്തിവെക്കുകയായിരുന്നു.

മരിച്ച ആദം ബെന്നിയുടെ പിതാവ് ബെന്നി ഔസേഫ് കാലടി സ്വദേശിയാണ്. ഭാര്യ സ്വപ്ന കൊരട്ടിക്കാരിയുമാണ്. ഇന്ന് പൊതുദർശനത്തിന് വച്ചതിന് ശേഷം ഫ്യൂണറൽ ഡിറക്ടർസ് ബോഡി ഏറ്റെടുത്തു. തിങ്കളാഴ്ച മാത്രമേ എന്നാണ് ഫ്യൂണറൽ എന്ന കാര്യം അറിയുവാൻ കഴിയുകയുള്ളു. മരണത്തിന്റെ എല്ലാ വിഷമങ്ങളും പേറുന്ന ഈ കുടുംബം മരിച്ച കുഞ്ഞിന്റെ അവയങ്ങൾ ദാനം ചെയ്‌ത് മഹനീയമായ ഒരു മാതൃക യുകെ മലയാളികളായി നൽകിയപ്പോൾ കണ്ണ് നിറഞ്ഞു ബന്ധുക്കളും കൂട്ടുകാരും സഹപ്രവർത്തകരും ബെന്നിയെയും കുടുംബത്തെയും അനുമോദിക്കുന്നതിനൊപ്പം ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ ബദ്ധപ്പെടുകയാണ്… ഒരാശ്വാസവാക്കും ഈ കുടുംബത്തിന്റെ വേദന അകറ്റാൻ സാധിക്കില്ല എന്ന് അറിയാമെങ്കിലും മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.