തോപ്പുംപടിയിലെ പബ്ലിക് ടോയിലെറ്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടിയുടെയും, ജനങ്ങളുടെയും, നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 13ന് ഉല്‍ഘാടന മാമാങ്കം സ്ഥലം എംപിയുടെയും, എം എല്‍ എ യുടെയും ഡെപ്യൂട്ടി മേയര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നുവെങ്കിലും പൊതുജനങ്ങള്‍ക്കു ഉപയോഗത്തിനായി ഇതുവരെയും തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധിച്ചു ആം ആദ്മി പാര്‍ട്ടി പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ കൗണ്‍സിലര്‍ കെ.കെ. കുഞ്ഞച്ചന്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉറപ്പു നല്‍കി 10 ദിവസമായിട്ടും നടപടി സ്വീകരിക്കാതെ നിരുത്തരവാദപരമായി പെരുമാറുന്നതിലും, ഉത്ഘാടന നാടകങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടി ആം ആദ്മി പാര്‍ട്ടി തോപ്പുംപടി പൊതു ടോയിലെറ്റിനു സമീപം കൗണ്ട് ഡൗണ്‍ ബോര്‍ഡ് സ്ഥാപിച്ചു, പ്രതിഷേധ യോഗവും നടത്തി. യോഗത്തിന് ശേഷം, ആം ആദ്മി പ്രവര്‍ത്തകര്‍ തോപ്പുംപടിയില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. കൊച്ചി മണ്ഡലം കണ്‍വീനര്‍ കെ.ജെ. ജോസഫ്, കബീര്‍ ഷാ, സെബാസ്റ്റ്യന്‍ പൈലി എന്നിവര്‍ സംസാരിച്ചു.

കൊച്ചി റോട്ടറി ക്ലബ് വിദേശ സഹായത്തോടെ 30 ലക്ഷത്തിലധികം രൂപ ചിലവാക്കി പണിത പൊതു ടോയ്‌ലെറ്റ് പ്രവര്‍ത്തന സജ്ജമാകാത്തത് സഹായം ചെയ്തവരോടുള്ള അവഗണയും അധികാരവുമാണെന്നും ടോയിലെറ്റിന് മുന്‍ഭാഗം ഇപ്പോള്‍ കൈയേറി പാര്‍ക്കിങ്ങിന് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഹോട്ടലുകാരുമായുള്ള ഒത്തുകളിയാണോയെന്നു സംശയിക്കുന്നു. ഹോട്ടലില്‍ വരുന്ന വാഹനങ്ങള്‍ യാതൊരു നിയന്ത്രണവും കൂടാതെ പാര്‍ക്ക് ചെയ്യുന്നത് മൂലം, ടോയിലെറ്റിന് മുന്നിലെ ടൈലുകള്‍ പലതും ഇപ്പോള്‍ തന്നെ പൊട്ടിയിട്ടുണ്ട്.

ദുരിതമനുഭവിക്കുന്ന പൊതുജനങ്ങളുടെ കാര്യത്തില്‍ അധികൃതരും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നത് ദുഃഖകരമാണെന്നും നിസ്സാര കാരണങ്ങള്‍ പറഞ്ഞു പ്രവര്‍ത്തനം നീട്ടിക്കൊണ്ടുപോകുന്നത് കൗണ്‍സിലറുടെ അലസതയും അലംഭാവവുമാണെന്നും പ്രതിഷേധം ശക്തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.