മഹാരാജാസ് കോളേജിലെ ആയുധ ശേഖരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതെന്ന് ആംആദ്മി പാര്‍ട്ടി. ക്യാമ്പസില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ച എസ്എഫ്‌ഐ ഗുണ്ടകള്‍ കോളേജില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും വിദ്യാര്‍ഥികളെയും അധ്യാപകരെയും ശക്തമായ ആയുധ ഭീഷണിയിലൂടെ അടക്കി നിര്‍ത്തി ഭരിക്കുകയും പ്രിന്‍സിപ്പലിന്റെ കസേര വരെ കത്തിക്കുകയും ചെയ്ത വിധ്വംസക നയത്തിന് കൂട്ട് പിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി നിയമസഭയില്‍ പ്രസ്താവന നടത്തിയത് വളരെ അപകടരമായ ഒരു കീഴ്‌വഴക്കമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.

വളരെ മാരകമായ ആയുധങ്ങള്‍ ആണ് മഹാരാജ് കോളേജ് ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ, അതിനു വിരുദ്ധമായി അവിടെ അത്തരത്തില്‍ അപകടരമായ ആയുധങ്ങള്‍ ഒന്നുമില്ല എന്നും ചെറിയ ചില വസ്തുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാട് തിരുത്തണം. അല്ലാത്ത പക്ഷം അവകാശ ലംഘനത്തിന് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് എതിരെ നോട്ടീസ് നല്‍കണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

കേരളത്തിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അസാധ്യമാക്കി തീര്‍ത്തതില്‍ എസ്എഫ്‌ഐ യുടെ പങ്ക് പരിശോധിക്കാനുള്ള സമയമായി. തങ്ങള്‍ക്ക് ആധിപത്യം ഉള്ള സ്ഥലങ്ങളില്‍ മറ്റാര്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്‍കാത്ത ഫാസിസ്റ്റ് നയമാണ് എസ്എഫ്‌ഐ പല സ്ഥലങ്ങളിലും പ്രയോഗിക്കുന്നത്. ഇതിനെ തുടര്‍ന്ന് പല കോളേജുകളിലും എബിവിപി പോലെയുള്ള പല സംഘടനകളും ഇതേ നിലപാട് തുടര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം എംജി കോളേജ് അതിനൊരുദാഹരണമാണ്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ യഥാര്‍ത്ഥ ജനാധിപത്യം അഭ്യസിപ്പിക്കുന്നതിനും നേരിന്റെ രാഷ്ട്രീയം ശരിയായ രീതിയില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയം അപകടകരമായ നിലയിലേക്ക് മാറ്റിയതില്‍ എസ്എഫ്‌ഐ, എബിവിപി, കെഎസ്യു പോലെയുള്ള സംഘടനകള്‍ക്ക് വളരെ വലിയ പങ്കുണ്ട്. അതിനു കൂട്ട് നില്‍ക്കുന്ന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ജനാധിപത്യത്തിന്റെ നിഷേധമാണ്. കലാലയ അന്തരീക്ഷം സമാധാനപരമായിരിക്കാനും ആശയ സമ്പുഷ്ടമായ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ഇടമാക്കാനും ശ്രമിക്കണം എന്ന് എല്ലാ വിദ്യാര്‍ത്ഥികളോടും ആവശ്യപ്പെടുന്നു.