മണമ്പൂര്‍ സുരേഷ്

ഇന്ന് കമലിന്റെ “ആമി” കണ്ടു, അതിമനോഹരമായ ചിത്രം. റിലീസായ ദിവസം തന്നെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും – ബാല്യവും, കൗമാരവും, യൗവ്വനവും – ഒരു റോസാ മൊട്ടിന്റെ തുടുത്ത നിറത്തിലും ദൃശ്യ ഭംഗിയിലും ആണ് ചിത്രീകരിച്ചിരിക്കുന്നത്.  മാധവിക്കുട്ടിയുടെ ബാല്യകാലമൊക്കെ ആനുകാലികങ്ങളില്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു വായിച്ചു വിരസതയുടെ വക്കില്‍ വരെ എത്തിയ അനുഭവമുണ്ട്. പക്ഷെ ഇവിടെ കമല്‍ എന്ന സംവിധായകന്റെ കരവിരുത് ഞങ്ങള്‍ അനുഭവിക്കുന്നു. 70 കളുടെ തുടക്കം അസുഖ ബാധിതയായി കിടക്കുന്ന മാധവിക്കുട്ടിയുടെ ക്ഷീണിതമാക്കപ്പെട്ട ഓര്‍മ്മകളിലൂടെ ആ ബാല്യകാലത്തേക്ക്‌ നമ്മള്‍ കടക്കുന്നു. മുകളില്‍ എഴുതിയിരിക്കുന്നത് പോലെ ഈ കാലഘട്ടത്തിനുപയോഗിച്ചിരിക്കുന്ന നിറം വളരെ തുടുത്തതാണ്.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും ചിത്രത്തിലുണ്ട്. ശരിക്കും വിവാദങ്ങള്‍ മാത്രം സൃഷ്ട്ടിച്ച “എന്റെ കഥ” എന്ന ആത്മകഥയും അത് ഖണ്ടശ്ശ പ്രസിദ്ധീകരിച്ച മലയാള നാട് വാരികയും വളരെ വിശദമായി ചിത്രത്തില്‍ പ്രാമുഖ്യം നേടുന്നു. പ്രസാധകന്‍ എസ് കെ നായരും പത്രാധിപര്‍ വീ ബീ സീ നായരും ഒക്കെ ആ വിവാദങ്ങളുടെ തിരി എങ്ങനെ കൊളുത്തി വിട്ടു എന്ന് നമ്മള്‍ കാണുന്നു.

ചിത്രത്തില്‍ “എന്റെ കഥ” വായിച്ചു വഴി തെറ്റി എന്ന് അവകാശപ്പെടുന്ന വായനക്കാര്‍ കഥാകാരിയെ കാണാന്‍ വരുന്നതും അവരെ മാധവിക്കുട്ടി ശരിക്കും “നേരിടുന്നതും” രസകരവും എഴുത്തുകാരിയുടെ വ്യക്തിത്വത്തെ പ്രതിഫലിക്കുന്നതുമാണ്.
ഭര്‍ത്താവ് മാധവ ദാസിന്റെ ഈ ഭൂമിയിലെ അവസാന ദിനം ചിത്രീകരിച്ചിരിക്കുന്നത് അവിസ്മരണീയമായ രീതിയിലാകുന്നു. ജീവനറ്റു കിടക്കുന്ന മാധവ ദാസിന്റെ ചുറ്റും നിന്ന് മക്കളെയും അമ്മയെയും ഉള്‍പ്പെടെ എല്ലാപേരെയും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയാണ് ആമി എന്ന മാധവിക്കുട്ടി. ഭര്‍ത്താവിനൊപ്പമുള്ള അവസാന ദിനം അവര്‍ക്ക് മാത്രമുള്ളതാണെന്ന് ആമി പറയുന്നു. എല്ലാപേരും മുറി വിട്ടു പോയ ശേഷം മാധവ ദാസിന്റെ ജീവനറ്റ ശരീരത്തോട് ചേര്‍ന്ന് ആ രാത്രിയില്‍ നിലത്തു കിടക്കുന്ന സീന്‍ “ആമി” എന്ന ചിത്രത്തിലെ അവിശ്വസനീയമായ മുഹൂർത്തമാണ്. കാണികളെ സീറ്റിന്റെ വക്കോളം എത്തിക്കുന്ന ഈ ദൃശ്യ ചിത്രീകരണത്തിലെ മിതത്വം അവിസ്മരണീയം തന്നെ.

മാധവിക്കുട്ടി മതം മാറി കമലാസുരയ്യ ആകുന്നതും ആദ്യം ഹിന്ദു തീവ്ര വാദികളുടെ ആക്രമണത്തിനും തുടര്‍ന്ന് മുസ്ലിം പുരോഹിതരുടെ നിയന്ത്രണത്തിനും വിധേയ ആകുന്നതും ഞങ്ങള്‍ കാണുന്നു. കനേഡിയന്‍ പ്രൊഫ: മേരിളീ വീസ്ബോർദ് 10 വർഷം മാധവിക്കുട്ടിയോടൊപ്പം താമസിച്ച ശേഷം എഴുതിയ The Love Queen of Malabar എന്ന പുസ്തകത്തില്‍ എല്ലാ മതങ്ങളും ഒന്നാണെന്നും ഒരു മതത്തിനും ഒരു പ്രത്യേകതയും അവകാശപ്പെടാനില്ല എന്നും കമല സുരയ്യ അവസാന കാലത്ത് വിശ്വസിച്ചിരുന്നതായി പറയുന്നുണ്ട്. പക്ഷെ ഇവിടെ സങ്കല്‍പ്പത്തിലെ കൃഷ്ണനോടൊപ്പം സ്നേഹം പങ്കു വയ്ക്കുന്ന മാധവിക്കുട്ടിയെ ആണ് കമല്‍ ചിത്രീകരിച്ചിരിക്കുന്നത്. മേരിളീ വീസ്ബോർഡിനോട് പറഞ്ഞത് കമല്‍ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്ന് മാത്രം.

കമലിന് ഏറെ ഇഷ്ടമായ മഴയും ഈ ചിത്രത്തിന്റെ അന്തരീക്ഷം ഒരുക്കുന്നത്തിനു സഹായകമാകുന്നു. കവിത തുളുമ്പുന്ന സംഭാഷണമാണ് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന ഈ സിനിമയില്‍ ഉള്ളത്. മഞ്ജു വാര്യര്‍ ശക്തവും സൗന്ദര്യം തുളുമ്പുന്നതുമായ അഭിനയം കാഴ്ച വയ്ക്കുന്നു. ബാല്യത്തിലെയും യൗവ്വനത്തിലെയും ആമിയും നമ്മോടൊപ്പം തിയേറ്ററില്‍ നിന്നും കൂടെ വരുന്നു. മാധവ ദാസായി മുരളി ഗോപിയും, അവസാന കാല കാമുകനായി അനൂപ്‌ മേനോനും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളായി നമ്മോടൊപ്പം കൂടും. ഹൃദയത്തിന്റെ ഭാഷയില്‍ സംവദിക്കുന്ന ഒരു സിനിമ കാണണമെന്നുണ്ടെങ്കില്‍ കമലിന്റെ “ആമി” കാണൂ.