പറവൂര്‍ നിയോജക മണ്ഡലത്തിലെ ഏഴിക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഓഷ്യനോറിയം എന്ന പേരില്‍ ഒരു ബഹുരാഷ്ട്ര കുത്തക കമ്പനി കൊണ്ടുവരുന്ന പദ്ധതി സംബന്ധിച്ച് സി.പി.എം നേതൃത്വത്തിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. അവിടെ പൊക്കാളി പാടം നശിപ്പിച്ചു കൊണ്ടും, നെല്‍വയല്‍ സംരക്ഷണ നിയമം പരസ്യമായി ലംഘിച്ചുകൊണ്ടും ഓഷ്യനേറിയം എന്ന പേരില്‍, അറുപത് ഏക്കര്‍ നശിപ്പിച്ചുകൊണ്ട് ഒരുപദ്ധതിയുമായി ഒരു ബഹുരാഷ്ട്ര കമ്പനി സമീപിച്ചിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ ജനവികാരം ഏഴിക്കരയില്‍ നിലനില്‍ക്കുന്നുണ്ട്.

ഈ പദ്ധതിക്കെതിരായി സി.പി.എം അവരുടെ കര്‍ഷക-കര്‍ഷക തൊഴിലാളികാളുമായി ചേര്‍ന്ന് ജൂലൈ 16 ന് നടത്താന്‍ തീരുമാനിച്ചിരുന്ന പൊതുപരിപാടി റദ്ദാക്കി. അതിനര്‍ഥം ഈ പദ്ധതിക്കെതിരായി ഉയര്‍ന്നു വന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്താനാണ് സി.പി.എം നേത്യത്വം ശ്രമിക്കുന്നത് എന്നാണ്. ഇത് ഒരു ഇടതു പക്ഷ സര്‍ക്കാരിനെ സംബദ്ധിച്ചിടത്തോളം ഒരിക്കലും ഭൂഷണമായ കാര്യമല്ല. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഉണ്ടാക്കി എന്ന് അഭിമാനിക്കുന്നവര്‍ അതിന്റെ ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

വന്‍കിട പദ്ധതികളുടെ മറവില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് ഇത്തരം പദ്ധതികള്‍ കൊണ്ടുവരുന്നതിന് ഒരിക്കലും അംഗീകരിക്കുവാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയില്ല. തദ്ദേശീയ ജനതയുടെ, അതും സ്വന്തം പാര്‍ട്ടിക്കാരുടെ താല്‍പര്യം പോലും അവഗണിച്ചു കൊണ്ട് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോവുന്നത് എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇക്കാര്യം സംബന്ധിച്ച് സി.പി.എം നേതൃത്വം അവരുടെ നിലപാട് വ്യക്തമാക്കണം. ഇത്തരം വിനാശ പദ്ധതിയുമായി മുന്നോട്ട് പോയാല്‍, അതിനെതിരായി ശക്തമായ സമരത്തിന് ആം ആദ്മി പാര്‍ട്ടി എന്നും മുന്നിലുണ്ടാവും