ആം ആദ്മി പാര്‍ട്ടി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്നും നെല്ല് ശേഖരിച്ചു. കീടനാശിനി രഹിത അരി ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന പരിപാടിയാണ് ഇന്ന് മുതലാംതോട് സംസ്ഥാന കണ്‍വീനര്‍ ഉദ്ഘാടനം ചെയ്തത്. ദേശീയ കര്‍ഷകസമാജം പ്രസിഡന്റ് മുതലാംതോട് മണിയില്‍ നിന്നാണ് ആദ്യ ഗഡുവായ നെല്ല് ഏറ്റുവാങ്ങിയത്. സര്‍ക്കാര്‍ നെല്ല് സംഭരണം തുടങ്ങാത്തതിനാല്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കൂടുതല്‍ വില നല്‍കി സംഭരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തുടങ്ങുകയാണ്.

ദേശീയ കര്‍ഷക സമാജവുമായി ഒത്ത് ചേര്‍ന്ന് തുടങ്ങുന്ന ഈ ഇടപെടലിന്റെ ഉദ്ഘാടനമാണ് പാലക്കാട് കരുണ മെഡിക്കല്‍ കോളേജിനടുത്തുള്ള മുതലാംതോട് വിജയ റൈസ് മില്ലിന് സമീപം നടന്നത്. കര്‍ഷക സമാജം യുവജനവിഭാഗം നേതാവ് ജയപ്രകാശില്‍ നിന്നും ഒരു കിലോ നെല്ലിന് 25 രൂപ നിരക്കില്‍ ഒരു ടണ്‍ നെല്ല് കണ്‍വീനര്‍ ഏറ്റുവാങ്ങി. ലെഡും ആര്‍സനിക്കും ടോക്‌സിക്ക് കെമിക്കലുകളും കളറുകളും നിറഞ്ഞ അരിക്കു പകരം ഈ കര്‍ഷകരില്‍ നിന്ന് നല്ല ഭക്ഷണം എന്നതാണ് പദ്ധതി.

ലോകഭക്ഷ്യദിനമായ ഇന്ന് തന്നെ കേരളത്തിന്റെ ഏറ്റവും പ്രധാന ഭക്ഷണമായ നെല്ലിന്റെ കൃഷി സംരക്ഷിക്കാന്‍ ജനകീയ ഇടപെടല്‍ നടക്കുന്നു എന്നത് വളരെ പ്രധാനമാണെന്ന് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. കര്‍ഷകന് നിലനില്‍ക്കാന്‍ കഴിയുന്ന വില നെല്ലിന് നല്‍കിയാണ് ഇത് ശേഖരിക്കുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. കര്‍ഷകന്‍ നിലനിന്നാല്‍ മാത്രമേ കൃഷി നിലനില്‍ക്കൂ എന്ന് സര്‍ക്കാരും സമൂഹവും മനസ്സിലാക്കണം എന്നും മണി പറഞ്ഞു. മറ്റു കക്ഷികളും സംഘടനകളും ഇത് മത്സരബുദ്ധിയോടെ ഏറ്റെടുക്കട്ടെ എന്ന് പാര്‍ട്ടിയുടെ പാലക്കാട് പാര്‍ലമെന്റ് നിരീക്ഷകനും ഈ പരിപാടിയുടെ കണ്‍വീനറുമായ പദ്മനാഭന്‍ ഭാസ്‌ക്കരന്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്വീനര് സി ആര്‍ നീലകണ്ഠന്‍, ദേശീയ കര്‍ഷക സമാജം പ്രസിഡന്റ് മുതലംതൊട് മണി, കെ സജിത്കുമാര്‍, സുരേഷ്‌കുമാര്‍, ഉദയപ്രകാശ്, മുരളി മാസ്റ്റര്‍, ആം ആദ്മി പാര്‌ലമെന്റ് നിരീക്ഷകന്‍ പത്മനാഭന്‍ ഭാസ്‌ക്കരന്‍, സംസ്ഥാന സംഘടനാ സമിതി കണ്‍വീനര്‍ വേണുഗോപാല്‍, ജനാര്‍ദനന്‍, ദിവാകരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.