തോമസ് ചാണ്ടിക്ക് വേണ്ടി കലക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂഴ്ത്തി ഒത്തുകളിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ സ്റ്റേറ്റ് അറ്റോണി അഡ്വക്കേറ്റ് സോഹനെ തലസ്ഥാനത്ത് നിന്നും പുറത്താക്കണമെന്നു ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. സര്‍വ്വേ നടപടി പൂര്‍ത്തിയാക്കി കയ്യേറ്റം ഉണ്ടെന്നു ചിട്ടപ്പെടുത്തിയ റിപ്പോര്‍ട്ട് ജനുവരി 8ന് മുന്‍പ് അറ്റോര്‍ണിയ്ക്ക് കലക്ടര്‍ അനുപമ നല്‍കിയതാണ്. എന്നാല്‍ ജനുവരി 12നുണ്ടായ ഹിയറിങ്ങില്‍ പോലും അറ്റോര്‍ണി അത് ഹാജരാക്കിയില്ല. എന്ന് മാത്രമല്ല, സര്‍വ്വേയ്ക്ക് 3 മാസം സമയം വേണമെന്ന് വാദിക്കുകയും ചെയ്തു. അതുകൊണ്ട് ഡിവിഷന്‍ ബെഞ്ച്, കയ്യേറ്റം തിട്ടപ്പെടുത്തിയാലേ ക്രിമിനല്‍ കേസ് എടുക്കാന്‍ കഴിയൂ എന്നും, ഈ സ്റ്റേജില്‍ മനപ്പൂര്‍വ്വമായ കയ്യേറ്റം ഉണ്ടെന്നു പറയാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു.

സാധാരണ ഇത്തരം കേസുകള്‍ക്ക് ഹാജരാകുന്ന റവന്യൂ സ്പെഷ്യല്‍ പ്ലീഡറോ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലോ അല്ല, പിണറായിയുടെ വിശ്വസ്തനും ലാവലിന്‍ കേസ് നടത്തി ജയിപ്പിച്ചതുമായ വക്കീല്‍ സോഹന്‍ സ്റ്റേറ്റ് അറ്റോര്‍ണി, ആണ് ഈ കേസ് കളക്ടര്‍ക്ക് വേണ്ടി വാദിച്ചത് എന്നത് തന്നെ സംശയാസ്പദമാണ്. കളക്ടര്‍ക്ക് വേണ്ടിയല്ല ചാണ്ടിക്ക് വേണ്ടിയാണ് ഇദ്ദേഹം വാദിച്ചത്. തോമസ്ചാണ്ടിയുടെ നിയമ ലംഘനങ്ങളെക്കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മാര്‍ത്താണ്ഡം കായലില്‍ വെള്ളക്കെട്ടായതിനാല്‍ സര്‍വ്വേ നടത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇക്കഴിഞ്ഞ ഡിസംബര്‍ മാസം 22ന് സര്‍വ്വേ പൂര്‍ത്തിയാക്കി. പിന്നാലെ ജനുവരി എട്ടാം തീയ്യതി തുടര്‍ നടപടികള്‍ക്കായി കുട്ടനാട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ജനുവരി പതിനൊന്നിന് വൈകുന്നേരം 7.32ന് ആലപ്പുഴ കളക്ടര്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയ വിവരം കേസില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകനായ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന് കൈമാറി. കേസില്‍ വിധി വന്നത് ജനുവരി 17നായിരുന്നു. ആറു ദിവസമുണ്ടായിട്ടും തോമസ്ചാണ്ടിയുടെ കമ്പനിയുടെ നടത്തിയ നിയമലംഘനങ്ങള്‍ കൃത്യമായി വരച്ച് കാട്ടുന്ന സര്‍വ്വേ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഹൈക്കോടതിയെ അറിയിച്ചില്ല. മൂന്ന് മാസത്തിനകം സര്‍വ്വേ പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കണമെന്ന വിധിയും വന്നു. വിധി വരുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കി നടപടി തുടങ്ങിയ സര്‍വ്വേ റിപ്പോര്‍ട്ടിനെക്കുറിച്ച് കോടതിയില്‍ മിണ്ടിയില്ല.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് അയച്ച രണ്ടാമത്തെ നോട്ടീസില്‍ പിഴവുകളൊന്നും വന്നിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഐഎഎസ് വ്യക്തമാക്കിയിട്ടുണ്ട്. കയ്യേറ്റം ചൂണ്ടിക്കാട്ടി റിസോര്‍ട്ട് ഉടമകള്‍ക്ക് അയച്ച ആദ്യത്തെ നോട്ടീസില്‍ സര്‍വ്വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആ നോട്ടീസ് പിന്‍വലിച്ച് തെറ്റു തിരുത്തി രണ്ടാമതും നോട്ടീസ് അയച്ചത്. ആദ്യ നോട്ടീസില്‍ സര്‍വ്വേ നമ്പര്‍ തെറ്റി പോയത് ടൈപ്പ് ചെയ്യുന്നതിനിടയില്‍ വന്ന പിഴവോ മറ്റോ ആകാം. എന്തായാലും തെറ്റു വന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും കലക്ടര്‍ അനുപമ വ്യക്തമാക്കിയിട്ടുണ്ട് .ഇതിലെ സര്‍വ്വേ നമ്പര്‍ കൃത്യമാണ്. പക്ഷേ രണ്ടാമത്തെ നോട്ടീസിലും തെറ്റു പറ്റിയതായാണ് കോടതിക്ക് ബോധ്യപ്പെട്ടതെങ്കില്‍ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തുമെന്ന് അനുപമ പറഞ്ഞു.

തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച പാര്‍ക്കിംഗ് ഏരിയ പൊളിച്ച് നീക്കാതിരിക്കാന്‍ കാരണം തേടിയാണ് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ കോടതിയില്‍ അറ്റോര്‍ണി വാദിച്ചത് രണ്ടു നോട്ടീസും തെറ്റാണ് എന്നും, ഈ കമ്പനിയേ അല്ല പ്രതി, തെറ്റായ ആള്‍ക്ക് നോട്ടീസ് കൊടുത്തതാണ് എന്നുമാണ്. തെറ്റായ സര്‍വ്വേ നമ്പര്‍ എന്നല്ല, ആള് മാറിപ്പോയി എന്നാണ് വക്കീല്‍ വാദിച്ചത്. ഇക്കാര്യം കോടതി രേഖപ്പെടുത്തി. അതോടെ ചാണ്ടിയുടെ കമ്പനിയ്‌ക്കെതിരെ ഇനി നോട്ടീസ് അയച്ചു നടപടി എടുക്കാനുള്ള കളക്ടറുടെ നടപടി അറ്റോര്‍ണി സോഹന്‍ കോടതിവഴി തടഞ്ഞു. ആരോടാണ് കലക്ടര്‍ പരാതിപ്പെടുക? മുഖ്യമന്ത്രിയോടുള്ള അടുപ്പത്തിന്റെ കാര്യത്തില്‍ അഡ്വക്കറ്റ് ജനറല്‍ പോലും സോഹന് താഴെയാണ്. തൊടാനാകില്ല. ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ എന്നും പറയാന്‍ കഴിയില്ല.