കുടുംബപ്രശ്‌നം പരിഹരിക്കുന്നത് പോലെ ഇത്രയധികം ജനങ്ങളുടെ പ്രാതിനിധ്യം ഒറ്റ രാത്രി കൊണ്ട് ഇട്ടെറിഞ്ഞു പോകുന്നത് ജനങ്ങളെ അപമാനിക്കലാണ് എന്ന് ആംആദ്മി പാര്‍ട്ടി. ഇത് ജനങ്ങളോട് ചെയ്യുന്ന വലിയ വഞ്ചനയാണ്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച എംപി രാഷ്ട്രീയമായ യാതൊരു കാരണവും ഇല്ലാതെ രാജ്യസഭയുടെ സുരക്ഷിതത്വം തേടിപ്പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രസ്താവനയില്‍ പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു.

മണ്ഡലത്തിന് മുന്‍വര്‍ഷങ്ങളില്‍ ചിലവഴിക്കേണ്ടതടക്കം ഉള്ള അഞ്ചു കോടി രൂപ എംപി ഫണ്ട് ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോട്ടയത്തിന്റെ വികസനത്തെ മുഴുവന്‍ അട്ടിമറിച്ചിരിക്കുന്നു. രാജ്യസഭാ സീറ്റ് വീതം വയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ കുഞ്ഞുകുഞ്ഞിന്റെ കാര്‍മികത്വത്തില്‍ കുഞ്ഞുമാണിക്ക് സീറ്റ് നേടി കൊടുത്ത നാടകം കേരള രാഷ്ട്രീയത്തെ ലജ്ജിപ്പിക്കുന്നതാണ്. ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം വരെ പണയം വച്ച ആ പ്രവര്‍ത്തനത്തിന്റെ ഫലമായി ആ സീറ്റില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ യോഗ്യതയുള്ള ഒരാള്‍ പോലുമില്ല എന്ന തിരിച്ചറിവും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.

കുഞ്ഞുമാണിയുടെ മകന്‍ മാണിക്കുഞ്ഞിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള പടിയായി മാത്രം അവര്‍ ഇതിനെ കണ്ടാല്‍, കോട്ടയത്തെ ജനങ്ങളുടെ ജീവിത നിലവാരവും വികസനവും തടഞ്ഞാല്‍ അവിടത്തെ ജനങ്ങള്‍ രാഷ്ട്രീയപരമായി തന്നെ അതിന് മറുപടി നല്‍കും.

ഈ നെറികെട്ട രാഷ്ട്രീയത്തിന് ഓശാന പാടുകയാണ് ഇടതുപക്ഷവും ബിജെപിയും എന്നതാണ് ഏറെ വിചിത്രം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അവസാനഘട്ടം വരെ മാണി തങ്ങളോടൊപ്പം വരും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം നിന്നത് എന്ന് നമ്മള്‍ക്കറിയാം. കാനം രാജേന്ദ്രന്‍ എതിര്‍ത്തില്ല എങ്കില്‍ ഇപ്പോള്‍ മാണി ഇടതുപക്ഷ സഹയാത്രികന്‍ ആയേനെ. ഇപ്പോഴും കുടുംബസ്വത്തായി രാഷ്ട്രീയത്തെ കരുതുന്നതിന് തുറന്ന് വിമര്‍ശിക്കാന്‍ ഇടതുപക്ഷം പോലും തയ്യാറാകാതിരിക്കുന്നത് എന്നെങ്കിലും മാണി തിരിച്ചു വരും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ്.

ബാര്‍ കോഴ കേസില്‍ മണിക്കെതിരായി ഏറെവി വാദങ്ങള്‍ ഉയര്‍ത്തിയ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയില്‍ മാണിയെ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് കേരളം മുഴുവന്‍ പ്രക്ഷോഭം നടത്തുകയും പൊതുപണം കൊണ്ട് നിര്‍മ്മിച്ച നിയമസഭാ മന്ദിരത്തിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുകയും ചെയ്ത ഇടതുപക്ഷം മാണിക്ക് അനുകൂലമായി നിശബ്ദരാകുന്നതിന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും മനസ്സിലാവുന്നതാണ്.

ഇപ്പോഴും ബിജെപി മാണിയോടള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഏതെങ്കിലും വിധത്തില്‍ രക്ഷിക്കണം എന്ന് ആഗ്രഹം ഉള്ളവര്‍ ഈ ചീഞ്ഞുനാറുന്ന മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് മോചിതരാവണം എന്ന് ആം ആദ്മി പാര്‍ട്ടി ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നവെന്നും നീലകണ്ഠന്‍ പറഞ്ഞു.