ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിന്റെ കൊലപാതകം; സ്വവര്‍ഗ പങ്കാളി അറസ്റ്റിൽ

ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിന്റെ കൊലപാതകം; സ്വവര്‍ഗ പങ്കാളി അറസ്റ്റിൽ
October 11 15:23 2018 Print This Article

ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിനെ(25) കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കേസിലെ മുഖ്യ പ്രതിയും നവീന്‍ദാസിന്റെ സ്വവര്‍ഗ പങ്കാളിയുമായിരുന്ന ത്വയിബ് ഖുറേഷി (25), ഇയാളുടെ സഹോദരന്‍ താലിബ് ഖുറേഷി, സുഹൃത്ത് സമര്‍ഖാന്‍ എന്നിവരെയാണ് സാഹിബബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ത്വയിബ് ഖുറേഷിയെ ഒരുമിച്ച് താമസിക്കാന്‍ നവീന്‍ദാസ് നിര്‍ബന്ധിക്കുകയും സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ദില്ലിയിൽവച്ച് നടന്ന സ്വവര്‍ഗാനുരാഗികളുടെ പാർട്ടിയിൽ വച്ചാണ് നവീന്‍ദാസും ത്വയിബ് ഖുറേഷിയും കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലായി. ഛത്താർപൂരിലെ ഫ്ലാറ്റിൽ‌ ഇരുവരും ഇടയ്ക്ക് ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. പിന്നീട് ത്വയിബിനെ തനിക്കൊപ്പം ഫ്ലാറ്റിൽ സ്ഥിരമായി താമസിക്കാൻ നവീന്‍ദാസ് നിര്‍ബന്ധിക്കാൻ തുടങ്ങി. എന്നാൽ ത്വയിബ് ഇത് വിസമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്നും ബന്ധം വീട്ടിൽ അറിയിക്കുമെന്നും നവീന്‍ദാസ് ഭീഷണിപ്പെടുത്തി. ഇതോടെ ത്വയിബും സഹോദരനും സുഹൃത്തും ചേര്‍ന്ന് നവീനിനെ കൊല്ലാൻ ആസൂത്രണം ചെയ്യുകയായിരുന്നു.

ഒക്ടോബര്‍ നാല് വ്യാഴാഴ്ച്ച രാത്രി ത്വയിബ് നവീന്‍ദാസിനെ ലോനിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഫ്ലാറ്റിലെത്തിയ നവീന് ഹൽവയിൽ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. തുടർന്ന് അബോധാവസ്ഥയിലായ നവീനെ കാറിൽ കയറ്റി ആളൊഴിഞ്ഞ ഭാ​ഗത്തേക്ക് കൊണ്ടുപോയി. അതിനിടയിൽ മൂവരും ചേർന്ന് എടിഎമ്മിൽ കയറി നവീനിന്റെ അകൗണ്ടിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ മോഷ്ടിച്ചിരുന്നു. തുടർന്ന് വഴിയില്‍ രണ്ടുലിറ്റര്‍ പെട്രോളും വാങ്ങിയിരുന്നു. ഭോപ്രയിൽ എത്തിയതിനുശേഷം നവീന്‍ദാസിനെ ഡ്രൈവര്‍ സീറ്റിലിരുത്തി കാറില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം അപകടമരണമാണെന്ന് തെറ്റ് ധരിപ്പിക്കുന്നതിനാണ് നവീന്‍ ദാസിനെ ഡ്രൈവര്‍ സീറ്റിലിരുത്തി കത്തിച്ചത്.

എന്നാല്‍ കൃത്യം നടത്തിയശേഷം ഒളിവില്‍ പോയ പ്രതികള്‍ നവീന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ ഉപയോ​ഗിച്ചതാണ് അന്വേഷണം ത്വയിബിലെത്താൻ കാരണം. ഇതുകൂടാതെ മുന്‍വശത്തെ രണ്ടാമത്തെ ഡോര്‍ തുറന്നു കിടന്നിരുന്നതും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും സംഭവം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles