കൊച്ചിയിലെ നാവികസേനയുടെ ആയുധസംഭരണ ശാലയുടെ തൊട്ടരികില്‍ രാജ്യരക്ഷാ നിയമങ്ങളും മറ്റു നിബന്ധനകളും ലംഘിച്ചുകൊണ്ട് നിര്‍മിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 16 രാവിലെ 11 മണിക്ക് എടത്തല പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നിലമ്പൂരില്‍ പി.വി.അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പോരാടിയ മുരുകേശന്‍ ഇതില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതാണ്

സിനിമാരംഗത്തുള്ളവരും വിദേശ മലയാളികളും ചേര്‍ന്ന് ആരംഭിച്ച പ്രോജക്ട് നിയമ തടസ്സം മൂലം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ ഏതു നിയമലംഘനവും നിയമവിധേയമാക്കി മുന്നോട്ടുപോകാന്‍ കഴിയും എന്നുള്ളത് കൊണ്ടാണ് ഇടതുപക്ഷ എം എല്‍ എ കൂടിയായ പി.വി. അന്‍വര്‍ ഇത് വിലയ്ക്ക് വാങ്ങി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചത്

അനധികൃതമായി നിര്‍മിച്ച കെട്ടിടം ഇപ്പോള്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. മൂന്നുവട്ടം എന്‍.എ.ഡി അധികൃതര്‍ ആ കെട്ടിടം പൊളിച്ചു മാറ്റണമെന്ന നോട്ടീസ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് അതവിടെ ഇപ്പോഴും നിലനില്‍ക്കുകയാണ്. നാവികസേനയുടെ ആയുധ സംഭരണശാലയുടെ മുഴുവന്‍ ചിത്രങ്ങളും ആ കെട്ടിടത്തില്‍ നിന്നും എടുക്കാം എന്നതും, വയര്‍ലെസ് കേന്ദ്രത്തിന്റെ തൊട്ട് അടുത്താണ് ഈ കെട്ടിടം ഉള്ളത് എന്ന തരത്തിലുള്ള അപകടമാണ് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്നത്. ഇത്തരത്തില്ലുള്ള ഒരു കെട്ടിടം അവിടെ തുടരുന്നത് രാജ്യരക്ഷയ്ക്ക് അപകടമാണെന്നും അതിന് രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികള്‍ കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നു.

അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്ത ഒരു സാഹചര്യം കൂടി നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കൂടരഞ്ഞിയിലും മറ്റും അനധികൃത നിര്‍മ്മാണം നടത്തി നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പിവി അന്‍വര്‍ ഈ കെട്ടിടം ഏറ്റെടുത്തതിനു പിന്നില്‍ ദുരൂഹതയുണ്ട് എന്നതും വ്യക്തമാണ്. തന്റെ അധികാരവും പണവും ഉപയോഗിച്ച് അനധികൃത നിര്‍മ്മാണത്തെ അധികൃതമായി മാറ്റിയെടുക്കാന്‍ കഴിയും എന്നുള്ളതുകൊണ്ടാണ് അദ്ദേഹം ഈ കെട്ടിടം ഏറ്റെടുത്തത്.

ഇത്തരം ശക്തികളെ തുറന്നുകാട്ടേണ്ടത് ജനാധിപത്യ വിശ്വാസികളുടേയും രാജ്യ സ്നേഹികളുടെയും മുഴുവന്‍ ആവശ്യമാണ്. അനധികൃതമായി കെട്ടിടം ഉയര്‍ന്നുവന്നതിന് കാരണക്കാരായ പഞ്ചായത്തും അതിന് മുകളിലുള്ള ഉദ്യോഗസ്ഥരേയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു വിശദമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ മാര്‍ച്ചിലും തുടര്‍ സമരങ്ങളിലും പങ്കെടുക്കാന്‍ എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.