ഇന്നലെത്തെ മഴയ്ക്ക് മുളച്ച തകരയായ ആം ആദ്മി പാര്‍ട്ടി യുപിയും കീഴടക്കുന്നു : ഞെട്ടി വിറച്ച് മുത്തശ്ശി പാര്‍ട്ടികള്‍

ഇന്നലെത്തെ മഴയ്ക്ക് മുളച്ച തകരയായ ആം ആദ്മി പാര്‍ട്ടി യുപിയും കീഴടക്കുന്നു : ഞെട്ടി വിറച്ച് മുത്തശ്ശി പാര്‍ട്ടികള്‍
December 02 16:14 2017 Print This Article

സ്വന്തം ലേഖകന്‍

ഡെല്‍ഹി : ഇന്നലെത്തെ മഴയ്ക്ക് മുളച്ച തകര എന്ന് മുഖ്യധാരാ രാഷ്ട്രീയക്കാർ കളിയാക്കിയിരുന്ന ആം ആദ്മി പാര്‍ട്ടി വര്‍ഗ്ഗീയതയുടെ ഈറ്റില്ലമായ ഉത്തർപ്രദേശ് തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 41 സീറ്റ് നേടി സാന്നിധ്യമറിയിച്ചിരിക്കുന്നു . പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ പലതിനെയും പിന്നിലാക്കി യുപിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ഈ വിജയം പ്രബല രാഷ്ട്രീയ കക്ഷികളായ ബി ജെ പിയേയും കോണ്ഗ്രസ്സിനേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് . യുപി തിരഞ്ഞെടുപ്പില്‍ ബി ജെ പിയും ബി എസ് പി യും സീറ്റുകള്‍ നേടിയെങ്കിലും ആം ആദ്മിയുടെ  കടന്നുവരവ് വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. ആം ആദ്മി മത്സരിച്ച ചുരുക്കം സീറ്റുകളില്‍നിന്ന് തന്നെ 42 സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴും ആം ആദ്മി പാര്‍ട്ടി കൃത്യമായ അനുമാനത്തോടെ നിശബ്ദമായി എല്ലാവരെയും അത്ഭുതപെടുത്തുവാനുള്ള കണക്കുകൂട്ടലുമായി ഇരിക്കുകയായിരുന്നു.

സാധാരണ ചെയ്യുന്നതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് ശബ്ദകൊലാഹലം ഉണ്ടാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു പകരം യുപിയിലെ വാളണ്ടിയര്‍മാരെ മാത്രം അണിനിരത്തിയായിരുന്നു ഇത്തവണ ആപ് പ്രചാരണം നടത്തിയത്. നാഷ്ണല്‍ എക്സികുട്ടീവ് അംഗം സഞ്ജയ്‌ സിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരുത്തിയ മാറ്റം കൃത്യമായി ഫലം കണ്ടെന്നു തന്നെ പറയാം.

ആപ്പിന്റെ വളര്‍ച്ചയിലെ പത്ത് പ്രധാന വസ്തുതകള്‍ ഇവയാണ് …

1. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ പ്രകടനപത്രികയുമായി കടന്നു വന്ന ആദ്യത്തെ പാര്‍ട്ടി.

27 പോയന്‍റുകള്‍ അടങ്ങിയ ഇലക്ഷന്‍ പ്രകടനപത്രികയുമായാണ് ആപ് മത്സരിച്ചത്. മറ്റു പാര്‍ട്ടികള്‍ പ്രധാനമായും മതം, അമ്പലം, പള്ളി എന്ന വിഷയത്തില്‍ ഇലക്ഷനെ അഭിമുഖീകരിച്ചപ്പോള്‍ കൃത്യമായി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കേന്ദ്രീകൃതമായിരുന്നു ആപിന്റെ പ്രചാരണം നടന്നത്.

2. തിരഞ്ഞെടുക്കപെട്ട 42 പ്രതിനിധികള്‍.

ആപിന് 19 പഞ്ചായത്ത് മെമ്പര്‍ മാരെയും , 2 നഗര പഞ്ചായത്ത് ചെയര്‍മാന്‍മാരെയും , 17 മുനിസിപ്പല്‍ കൌണ്‍സില്‍ മെമ്പര്‍മാരെയും , 3 മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍മാരെയും വിജയിപ്പിക്കാനായി.

3. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തത് പ്രാദേശിക ജില്ലാ നേതൃത്വം.

ഏകദേശം 12 % സീറ്റുകളില്‍ ആണ് ആപ് മത്സരിച്ചത്. എല്ലാ സ്ഥാനാര്‍ഥികളും പാര്‍ട്ടി ചിഹ്നമായ ചൂല്‍ അടയാളത്തിലാണ് മത്സരിച്ചത്. പ്രാദേശിക നേതൃത്വത്തിന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുവാനുള്ള പൂര്‍ണ അധികാരം നല്‍കി. വികേന്ദ്രീകരണം കഴിയാകുന്ന രീതിയില്‍ നടപ്പിലാക്കി.

4. രാംപൂരിലെ വിജയം .

രാംപൂരിലെ കേമ്രി നഗര്‍ പഞ്ചായത്തില്‍ 4 സീറ്റുകള്‍ നേടാന്‍ ആപിന് കഴിഞ്ഞു. ഒരു പഞ്ചായത്തില്‍ നേടാന്‍ കഴിഞ്ഞ ഏറ്റവും വലിയ വിജയമാണിത്.

5. കര്‍ഷകരുടെ സ്വീകരണം.

ആപിന് യുപിയില്‍ വലിയ വിജയം സമ്മാനിച്ചത്‌ തിന്വാരയും , ബുന്ദല്‍ഘഡും ആണ്. ബുന്ദല്‍ഘഡ്‌ റീജിയന്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി ഏറ്റവും അധികം കര്‍ഷക ആത്മഹത്യ നടന്ന സ്ഥലമാണ്. അവിടെ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി ആപിന്റെ മുനി ദേവി വിജയിച്ചു. രോഹില്‍ഘന്ദ്‌ കരിമ്പ്‌ കൃഷിയുടെ പ്രദേശമാണ്. ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്ന കര്‍ഷകര്‍ ആപിന്റെ റാലികളില്‍ കൂട്ടത്തോടെ പങ്കെടുത്തിരുന്നു. യിപിയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപ്പെട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ ആപിനെ തിന്വാരയിലെ വിജയത്തിന് കഴിയും.

6. വള വില്‍പ്പനക്കാരി നേടിയ വിജയം.

അമ്രോഹയില്‍ നിന്നും ആപ് ടിക്കറ്റ് നല്‍കി മത്സരിപ്പിച്ചത് വളകള്‍ വിറ്റു ഉപജീവനം നടത്തുന്ന വളരെ പാവപെട്ട വീട്ടില്‍ നിന്നുള്ള മെഹബൂബ് ജഹാനെ ആയിരുന്നു. ഒരു ചാലഞ്ച്‌ ആയാണ് ആപ് ആ സീറ്റ് എടുത്തത്. മിന്നുന്ന വിജയം അവര്‍ സ്വന്തമാക്കി.

7. സോണിയ ഗാന്ധിയുടെയും യോഗി ആദിത്യനാഥിന്‍റെയും തട്ടകത്തില്‍ നേടിയ വിജയം .

കോണ്ഗ്രസിന്റെയും ബി ജെ പിയുടെയും ശക്തികേന്ദ്രങ്ങളായ റാബറേലിയിലും ഗോരക്പ്പൂരിലും രണ്ട് സീറ്റ് നേടി ഇരു പാര്‍ട്ടികളുടെയും ശക്തികേന്ദ്രങ്ങളില്‍ പ്രവേശനം നേടാന്‍ ആപിന് കഴിഞ്ഞു.

8.  ബി ജെ പി , ബി എസ് പി , എസ് പി , ഐ എന്‍ സിക്കും ശേഷം അഞ്ചാമത് ആം ആദ്മി പാര്‍ട്ടി.

യുപിയിലെ ജെ ഡി യു , ആര്‍ ജെ ഡി , സി പി ഐ , എസ് എസ് , ആര്‍ എല്‍ ഡി , പീസ് പാര്‍ട്ടി പോലുള്ള നിലവിലെ ഒരുപാട് പാര്‍ട്ടികളെ പുറകിലാക്കാന്‍ ആപിന് കഴിഞ്ഞു.

9. നിശബ്ദ പ്രചാരണം, ലീഡര്‍ഷിപ്പ് സ്റ്റൈലില്‍ വരുത്തിയ മാറ്റം.

പൂര്‍ണയായും പ്രാദേശിക നേത്രുത്വത്തിലായിരുന്നു പ്രചാരണ പരുപാടികള്‍. കൃത്യമായ കണക്കുകൂട്ടലുമായി വരുത്തിയ തന്ത്രമായിരുന്നു അത്. അത് പൂര്‍ണ വിജയമായെന്ന് തന്നെ പറയാം.

10. എല്ലാ വര്‍ഷങ്ങളിലും ആപ് നേടുന്ന വിജയങ്ങള്‍ .

ആദ്യമായി മത്സരിച്ച സ്ഥലങ്ങളില്‍ എല്ലാം വിജയം നേടാന്‍ ആപിന് കഴിയുന്നുണ്ട്. ഡല്‍ഹിയില്‍ 2013 ല്‍ ആദ്യമായി മത്സരിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 26 സീറ്റുകള്‍ ( തുടര്‍ന്ന് 67 സീറ്റുകള്‍ ) , ലോകസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്നും 4 എം പി മാര്‍, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 സീറ്റ് , ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍നില്‍ 48 സീറ്റ് , ഇപ്പോള്‍ യുപിയില്‍ 42 സീറ്റ് നേടാനും ആപിന് കഴിഞ്ഞു.

രാഷ്ട്രീയ ബുദ്ധിജീവികള്‍ക്ക് ഇനിയും എങ്ങനെ യുപിയില്‍ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ മികച്ച അരങ്ങേറ്റം നേടാന്‍ ആപിന് കഴിഞ്ഞു എന്നതിനെ കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ജാതി , മതം , പ്രവശ്യ , വര്‍ഗീയത , ക്രിമിനല്‍ തിരഞ്ഞെടുപ്പ് രാഷ്രീയം എല്ലാം നിറഞ്ഞ യുപിയിലാണ് ആപിന് മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞത്. പാര്‍ട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഉള്ള ആക്രമണങ്ങളില്‍ കേജ്രിവാളിനുമേല്‍ ഒരു കോട്ടവും വരുത്താന്‍ കഴിഞ്ഞിട്ടില്ല എന്നുവേണം ഇതില്‍ നിന്ന് മനസിലാക്കുവാന്‍. ആപിന് ചരമഗീതം എഴുതുവാന്‍ വെമ്പല്‍കൊള്ളുന്ന മാധ്യമങ്ങളും , രാഷ്ട്രീയപാര്‍ട്ടികളും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു. ഡെല്‍ഹിയിലെയും, പഞ്ചാബിലെയും, യുപിയിലെയും ജനപ്രധികളുടെ സാന്നിധ്യം തീര്‍ച്ചയായും ഒരു ദേശീയ പാര്‍ട്ടിയുടെ നിറം ആപിന് നല്‍കും എന്ന് ഉറപ്പായി കഴിഞ്ഞു .

വോട്ടിംഗ് മെഷിനുകള്‍ ഹാക്കിംഗിലൂടെ പിടിച്ചെടുത്ത് മാത്രമേ ആം ആദ്മി പാര്‍ട്ടിയെ ഇനിയും തോല്പിക്കാന്‍ കഴിയൂ എന്നതാണ് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രഹസ്യമായി അംഗീകരിക്കുന്ന സത്യം . അതിനുള്ള തെളിവാണ് ബാലറ്റ് പേപ്പറിലൂടെ വോട്ടിംഗ് നടക്കുന്ന മിക്ക സ്ഥലങ്ങളിലും ആം ആദ്മി പാര്‍ട്ടി വിജയിക്കുന്നതും , ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വഴി വോട്ടിംഗ് നടക്കുന്നിടത്ത് തോല്‍ക്കുന്നതും . എന്തൊക്കെ കുതന്ത്രങ്ങള്‍ നടത്തിയിട്ടും , കള്ളപ്പണം ഒഴുക്കിയിട്ടും മുത്തശ്ശി പാര്‍ട്ടികളെ ഭയത്തിലാഴ്ത്തി അടിക്കടി ആം ആദ്മി പാര്‍ട്ടി ഇന്ത്യ മുഴുവനും പടര്‍ന്നു പന്തലിക്കുന്നു എന്നതാണ് സമീപകാല രാഷ്ട്രീയം വ്യക്തമാക്കുന്നത് .

വോട്ടിംഗ് മെഷീനില്‍ ജയിക്കുന്ന ബി. ജെ. പി ബാലറ്റ് പേപ്പറില്‍ തോല്‍ക്കുന്നതെന്തുകൊണ്ട് ? : ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിനുവേണ്ടി പ്രക്ഷോഭം നടത്തേണ്ട കാലം അതിക്രമിച്ചില്ലേ ?.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles