സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്ന് മാത്രമല്ല ജീവിതത്തിന്റെ വെളിച്ചത്തിൽ നിന്നും ബോളിവുഡ് താരം ഗീതാ കപൂർ യാത്രയായി. നൂറിലേറെ സിനിമകളിൽ വേഷമിട്ട താരത്തിന്റെ അവസാന നാളുകൾ ഏറെ വേദന നിറഞ്ഞതായിരുന്നു. മക്കൾ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥയിൽ മാനസികമായും ശാരീരകമായും തളർന്ന ഗീത ഒടുവിൽ മരണത്തെ വരിച്ചു. നൂറിലേറെ സിനിമകളില്‍ വേഷമിട്ടെങ്കിലും പക്കീസ, റസിയ സുല്‍ത്താന എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രത്യേക നിരൂപക ശ്രദ്ധ നേടിയിരുന്നു. മക്കൾ ഉപേക്ഷിച്ചതിനെ തുടർന്നു ഇത്രനാൾ അന്ധേരിയിയിലെ ‘ജീവന്‍ ആശ’ എന്ന വൃദ്ധസദനത്തിൽ കഴിയുകയായിരുന്നു താരം.

കഴിഞ്ഞവർഷം ഏപ്രിലിൽ മകൻ രാജ ഗൊരെഗാവിലെ എസ്ആര്‍വി ആശുപത്രിയില്‍ അമ്മയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. എടിഎമ്മിൽ നിന്നും പണം എടത്തിട്ട് വരാമെന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിൽ നിന്നും കടന്നത്. സിനിമയിൽ കോറിയോഗ്രാഫറാണ് മകൻ രാജ. മകൾ പൂജ എയര്‍ഹോസ്റ്റസാണ് ഇവരും അമ്മയെ തിരിഞ്ഞുനോക്കിയില്ല. ഒരു മാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരത്തിന്റെ ചികിൽസച്ചെലവ് നൽകിയത് നിര്‍മാതാക്കളായ അശോക് പണ്ഡിറ്റ്, രമേശ് തൗറാനി എന്നിവരാണ്. മക്കളെ ഒാർത്ത് അവർ എപ്പോഴും സങ്കടപ്പെട്ടിരുന്നതായും അശോക് പറയുന്നു. അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ പോലും മക്കൾ തയാറായിട്ടില്ല. ആരും ഏറ്റെടക്കാൻ വന്നില്ലെങ്കിൽ നാളെ മൃതദേഹം സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗീതാ കപൂറിന്റെ മൃതദേഹം രണ്ടു ദിവസമായി ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ്.