സോഷ്യല്‍ലോകം ഒരുപാട് പിന്തുണ നല്‍കിയ ഗായകന്‍. യേശുദാസിനെപ്പോലെ പാടി എന്ന ‘കുറ്റം’ പറഞ്ഞ് യുവഗായകന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നഷ്ടപ്പെട്ടുെവന്ന വാര്‍ത്ത വന്നപ്പോള്‍ ഈ യുവാവിന് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ സംസ്ഥാനം വിട്ട് അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഇൗ ഗായകന്‍. അഭിജിത്ത് വിജയന് ആശംസകള്‍ നേരുന്ന തിരക്കിലാണ് ആരാധകരും സോഷ്യല്‍ ലോകവും. അവാര്‍ഡ് വാര്‍ത്ത നടന്‍ ജയറാം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ടൊറന്‍റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ല്‍ മികച്ച ഗായകനുള്ള പുരസ്കാരമാണ് അഭിജിത്ത് നേടിയത്.

സന്തോഷവാര്‍ത്ത അഭിജിത്ത് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചു. ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് നിറകണ്ണുകളോടെ അഭിജിത്ത് പറയുന്നു. ജയറാമായിരുന്നു ചിത്രത്തിലേക്ക് ഇൗ ഗാനം അഭിജിത്തിനെ കൊണ്ട് പാടിക്കാം എന്ന അഭിപ്രായം മുന്നോട്ട് വച്ചത്. ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിനായി അഭിജിത്ത് പാടിയത്. അദ്ദേഹത്തിന്റെ ആദ്യ ഗാനം കൂടിയാണിത്.

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലായതെന്നാണ് വാര്‍ത്ത. അർജുനൻ മാസ്റ്ററായിരുന്നു ഭയാനകത്തിന്‍റെ സംഗീത സംവിധായകൻ. അദ്ദേഹത്തിന് ഇൗ ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നു.