ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ആകാശ നിരീക്ഷണം നടത്തിയ നാവികസേനയുടെ പി.8.ഐ നിരീക്ഷണ വിമാനം പകര്‍ത്തിയ ചിത്രമാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ പുറത്തുവിട്ടത്.

അഭിലാഷിനു വേണ്ടി മരുന്നും ഭക്ഷണവും പായ് വഞ്ചിയില്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തക സേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, കനത്ത കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയാണ്. പത്തടിയോളം ഉയരത്തിലുള്ള തിരമാലകളും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടികുന്നു.

പ്രദേശത്ത് മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കാറ്റടിക്കുന്നത്. ഓസ്‌ട്രേലിയന്‍ പ്രതിരോധവകുപ്പും ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ‘ലെ സാബ്ലെ ദെലോന്‍’ തുറമുഖത്തുനിന്ന് ആരംഭിച്ച മല്‍സരത്തിന്റെ 83ാം ദിവസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്വഞ്ചി ‘തുരീയ’ തകര്‍ന്നുള്ള അപകടത്തില്‍ അഭിലാഷ് ടോമിക്ക് പരുക്കേറ്റിരുന്നു. ഇതിനകം 19,446 കിലോമീറ്റര്‍ താണ്ടിയ അഭിലാഷ് ടോമി മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.110 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ 10 മീറ്ററോളം ഉയര്‍ന്ന തിരമാലകള്‍ക്കിടയില്‍പെട്ട് വഞ്ചിയുടെ 3 പായ്മരങ്ങളിലൊന്ന് തകരുകയായിരുന്നു.

അപകടത്തില്‍പ്പെട്ട അഭിലാഷ് സന്ദേശങ്ങളിലൂടെ പായ്വഞ്ചിയില്‍ താന്‍ സുരക്ഷിതനാണെന്നാണ് അറിയിച്ചിരുന്നു.തനിക്ക് പായ് വഞ്ചിയില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നില്ലെന്നും,നില്‍ക്കുന്ന സ്ഥലം കണ്ടുപിടിക്കാനായി ഫോണ്‍ ഓണാക്കി വച്ചിട്ടുണ്ടെന്നും അപകടത്തില്‍ തന്റെ മുതുകിന് സാരമായി പരിക്കേറ്റിടുണ്ടെന്നും അഭിലാഷ് വ്യക്തമാക്കീരുന്നു. ഇടയ്ക്ക് ബന്ധം നഷ്ടപ്പെട്ടെങ്കിലും റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് ഇപ്പോള്‍ പ്രതികരിക്കുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. ഇന്ത്യന്‍ തീരമായ കന്യാകുമാരിയില്‍നിന്ന് 5020 കിലോമീറ്റര്‍ അകലെയാണിത്.