വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്തെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. വർധമാന്റെ മുഖച്ഛായയുള്ള ചിത്രത്തിനൊപ്പമാണ് പ്രചാരണം. ചിത്രത്തിൽ അഭിനന്ദനോട് സാദൃശ്യം തോന്നുന്നയാള്‍ ബിജെപി ചിഹ്നമുള്ള കാവി നിറമുള്ള ഷാളണിഞ്ഞ് നിൽക്കുന്നത് കാണാം.

ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ: ”ബിജെപിക്ക് പിന്തുണയുമായി വിങ് കമാൻഡർ അഭിനന്ദൻജി. മോദിജിയെ പ്രധാനമന്ത്രിയാക്കണമെന്ന്് അദ്ദേഹം ആവശ്യപ്പെടുന്നു. മോദിയെക്കോൾ മികച്ച പ്രധാനമന്ത്രിമാർ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാരിലേക്കും ജിഹാദികളിലേക്കും ഈ പോസ്റ്റ് എത്തിക്കൂ. ജീവനോടെ തിരിച്ചെത്തിയ അഭിനന്ദൻ ബിജെപിക്ക് വോട്ട് ചെയ്തെന്ന് അറിയിക്കൂ.”

ബിജെപി അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും ചിത്രവും പോസ്റ്റും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഈ ചിത്രവും പോസ്റ്റും വ്യാജമാണ്. അഭിനന്ദൻ വർധമാൻ ഇത്തരം രാഷ്ട്രീയപ്രചാരണങ്ങളിൽ പങ്കെടുക്കുന്നില്ല. വ്യോമസേന നിയമപ്രകാരം ഉദ്യോഗസ്ഥർ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.

അഭിനന്ദന്റേതിന് സമാനമായ മീശയാണ് ചിത്രത്തിൽ കാണുന്നയാൾക്കുള്ളത്. ഈ സാമ്യവും മുഖച്ഛായയും മുതലെടുത്താണ് വ്യാജ പ്രചാരണം.