അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ സുവിശേഷവല്‍ക്കരണ ലക്ഷ്യത്തോടെ യുകെയില്‍ എട്ടു റീജിയണുകളിലായി ക്രമീകരിച്ചിരിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനു സമാപനമായി ലണ്ടനിലെ ‘അല്ലിന്‍സ് പാര്‍ക്കി’ല്‍ ഒരുക്കിയിരിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് തിരുവചനങ്ങള്‍ക്കു കാതോര്‍ക്കുവാന്‍ ഒഴുകിയെത്തുക ആയിരങ്ങള്‍. വെസ്റ്റ്മിന്‍സ്റ്റര്‍, സൗത്താര്‍ക്ക്, ബ്രെന്‍ഡ്വുഡ് തുടങ്ങിയ ചാപ്ലിന്‍സികളുടെ കീഴിലുള്ള 22 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമായി മുന്‍കൂട്ടി ബുക്ക് ചെയ്ത ഡബിള്‍ ഡക്കര്‍ ബസ്സുകള്‍, കോച്ചുകള്‍ എന്നിവയിലായി വിശ്വാസി സമൂഹം തിരുവചന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു എത്തിച്ചേരും. കൂടാതെ സ്വന്തം വാഹനങ്ങളിലായി എത്തുന്നവരുടെ വലിയ ഗണങ്ങളാണ് കമ്മിറ്റിക്കു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തീര്‍ത്ഥാടന അന്തരീക്ഷത്തില്‍ ഒന്നിച്ചുള്ള യാത്രയും അതോടൊപ്പം പ്രാര്‍ത്ഥനകളും ജപമാലകളും സ്തുതിപ്പുകളുമായി കോച്ചുകളില്‍ വരുമ്പോള്‍ അത് ദൈവീക അനുഗ്രഹങ്ങള്‍ക്കും, കൂട്ടായ്മ്മകളുടെ ശാക്തീകരണത്തിനും ഇടം നല്‍കുന്നതോടൊപ്പം പാര്‍ക്കിങ്ങിന്റെയും, ട്രാഫിക്കിന്റെയും തിരക്കുകളും സമയ ലാഭവും ഡ്രൈവിങ്ങിന്റെ ആയാസവും കുറക്കുമത്രേ.

ജപമാല ഭക്തിയുടെ മാസത്തില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴിയായി പരിശുദ്ധാത്മ ശുശ്രുഷകളുടെ അനുഗ്രഹീത കാര്‍മ്മികന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ യുകെയില്‍ ഉടനീളം സുവിശേഷ വിരുന്നൊരുക്കുമ്പോള്‍ അത് അത്ഭുത നവീകരണങ്ങളുടെയും, ദൈവകൃപകളുടെയും അനുഗ്രഹങ്ങളായി മാറുവാന്‍ രൂപതയിലുടനീളം മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ഉപവാസങ്ങളുമായി വിശ്വാസി സമൂഹം ആത്മീയമായ ഊര്‍ജ്ജം പകര്‍ന്നുവരുന്നു.

പരിശുദ്ധാത്മ ശുശ്രൂഷയിലൂടെ രൂപതയെ തിരുവചനത്തിന്റെ ആത്മീയധാരയില്‍ വലയം ചെയ്യുവാനും, സഭാ സ്‌നേഹവും, സുദൃഢമായ കൂട്ടായ്മകളും അതിലുപരി ക്രിസ്തുവിന്റെ അനുയായികളായി സഭയെ ശാക്തീകരിക്കുവാനും അതിലൂടെ ഈ പാശ്ചാത്യ മണ്ണിനെ വിശ്വാസവല്‍ക്കരിക്കുന്ന അഭിഷിക്തരുടെ വലിയ കൂട്ടായ്മകള്‍ ഉടലെടുക്കുവാനും അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ പ്രയോജനകരമാകും.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പങ്കു ചേര്‍ന്ന് ദൈവിക അനുഭവവും, സ്‌നേഹവും, വരദാനങ്ങളും പ്രാപിക്കുവാന്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര, ഫാ.മാത്യു കാട്ടിയാങ്കല്‍, ഫാ.സാജു പിണക്കാട്ട് എന്നിവര്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

ഒക്ടോബര്‍ 29 നു ഞായറാഴ്ച രാവിലെ 9:30 മുതല്‍ വൈകുന്നേരം 6:00 വരെ.

Allianz Park, Greenlands Lanes, Hendon, London NW4 1RL