അബുദാബി: 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന എക്‌സ്പ്രസ് റോഡുകളുടെ നാടാണ് അബുദാബി. 90ശതമാനം വാഹനങ്ങളും 130 കിലോമീറ്റര്‍ വേഗതയ്ക്ക് മുകളിലാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുകയും ചെയ്യാറ്. അത്തരമൊരു യാത്രക്കിടെ ബ്രേക്ക് നഷ്ടമായ വാഹനത്തിലെ ഡ്രൈവറെ അതി സാഹസികമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് അബുദാബി ട്രാഫിക്ക് പോലീസ്.

അബുദാബി അല്‍ ഐന്‍ റോഡിലൂടെ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ കാറിന്റെ ബ്രേക്ക് നഷ്ടമായതോടെയാണ് ഡ്രൈവര്‍ പോലീസിനെ വിവരമറിയിക്കുന്നത്. ഗിയര്‍ കണ്‍ട്രോളിംഗ് സംവിധാനമില്ലാത്തതിനാല്‍ ന്യൂട്രലിലേക്ക് മാറ്റിയിട്ടും വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞില്ല. വാഹനത്തിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവും കേടായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു.

ഏതാണ്ട് പതിനഞ്ചോളം വാഹനങ്ങളാണ് ബ്രേക്കില്ലാതെ ഓടുന്ന കാറിന് അകമ്പടിയായി പാഞ്ഞെത്തിയത്. വഴിയിലുള്ള എല്ലാ വാഹനങ്ങളും മാറ്റിയ ശേഷം പോലീസ് വാന്‍ കാറിന് മുന്നിലേക്ക് എത്തിച്ചു. ഇരു വാഹനങ്ങളും തമ്മില്‍ കൂട്ടിമുട്ടിയതിന് ശേഷം പൊലീസ് വാഹനം സാവധാനത്തില്‍ വേഗത കുറച്ച് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു.

വാഹനത്തിന്റെ ബ്രേക്ക് തകരാറിലായപ്പോള്‍ മരണം മുന്നില്‍ കണ്ടിരുന്നതായി ഡ്രൈവര്‍ പിന്നീട് പ്രതികരിച്ചു. പോലീസ് വാഹനങ്ങള്‍ സര്‍വ്വ സന്നാഹത്തോടെ എത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബ്രേക്കില്ലാത്ത കാര്‍ എവിടെയെങ്കിലും ഇടിച്ചിരുന്നെങ്കില്‍ പിറകില്‍ വരുന്ന വാഹനങ്ങള്‍ ഒരോന്നായി കൂട്ടിയിടിച്ച് വലിയ അപകടമായി മാറിയേനെ. സാഹസികമായ രക്ഷാപ്രവർത്തനം വിജയിച്ചതോടെ നിരവധി പേരാണ് പോലീസിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ രം​ഗത്ത് വന്നത്.