എബിവിപി പ്രവർത്തകൻ കണ്ണൂർ പേരാവൂർ ചിറ്റാരിപറമ്പ് സ്വദേശി ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത നാല് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീർ, സലീം ഹംസ, അളകാപുരം സ്വദേശി അമീർ അബ്ദുൽ റഹ്മാൻ, കീഴലൂർ സ്വദേശി ഷഹീം ഷംസുദീൻ എന്നിവരാണ് അറസ്റ്റിലായത്.

സിപിഎം പ്രവർത്തകർ കാക്കയങ്ങാട് ദിലീപൻ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനകം വയനാട് ബോയ്സ് ടൗണിൽ നിന്നാണ് പ്രതികളെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആദ്യമണിക്കൂറുകളില്‍ ഭാഗികമാണ് .

ഇന്നലെ വൈകുന്നേരമാണ് പേരാവൂർ കൊമ്മേരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊമ്മേരി ആടുഫാമിന് സമീപത്തുവെച്ച് കാറിലെത്തിയ മുഖംമൂടി ധാരികളായ സംഘം ശ്യാമിന്റെ ബൈക്ക് തടഞ്ഞു നിറുത്തി ആക്രമിച്ചത്. സമീപത്തെ വീട്ടിലേക്ക് ശ്യാം ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമിസംഘം വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു.

ശ്യാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് നൽകിയ വിവരമനുസരിച്ചാണ് അക്രമി സംഘം സഞ്ചരിച്ച കാർ പൊലീസ് തിരിച്ചറിഞ്ഞത്. നാട്ടുകാർചേർന്ന് ശ്യാമിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂൾ ബസ് ഡ്രൈവറായിരുന്ന എസ്ഡിപിഐ പ്രവർത്തകന് കഴിഞ്ഞയാഴ്ച ഇവിടെനിന്ന് വെട്ടേറ്റിരുന്നു.