കൂത്താട്ടുകുളം: എറണാകുളം ജില്ലയിലുള്ള കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. ജീപ്പ് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. പതിമൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണ്. യുകെജി വിദ്യാര്‍ത്ഥികളായ ആന്‍ മരിയ, നയന ജീപ്പ് ഡ്രൈവറായ ജോസ് എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. ജീപ്പിന് മുന്നിലിരുന്ന കുട്ടികളാണ് മരിച്ചത്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തുള്ള ദേവമാത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.