അമിതവേഗത്തിലെത്തിയത് അപകടം മാത്രമായിരുന്നു, ചികിത്സ ലഭ്യമായത് അമിതമായി വൈകിയും. ഇന്നലെ ഹരിപ്പാട് നാരകത്തറയ്ക്കു സമീപം അപകടത്തിൽപ്പെട്ട താമല്ലാക്കൽ അമ്പീത്തറയിൽ അനീഷിനെ (26) അപകടം കഴിഞ്ഞ് ഒന്നര മണിക്കൂറോളം കഴിഞ്ഞ് വഴിയരികിൽ നിന്നു കണ്ടെത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. അപകടം നടന്നയുടൻ‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ വിലപ്പെട്ട ജീവൻ രക്ഷിക്കാനായേനെ.

അനീഷിനെ ഇടിച്ചു തെറിപ്പിച്ച ശേഷം 35 കിലോമീറ്ററോളം പിന്നിട്ട കാർ ആലപ്പുഴയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. അപ്പോഴേക്കും അര മണിക്കൂറിലധികം നഷ്ടമായി.ആദ്യം പൊലീസിനോട് കള്ളം പറഞ്ഞു രക്ഷപ്പെടാനായിരുന്നു ഡ്രൈവർ ബാബുവിന്റെ ശ്രമമെന്നു പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ടത് അനീഷ് ആണെന്നു കണ്ടെത്തിയെങ്കിലും എവിടെവച്ചാണ് അപകടമുണ്ടായതെന്ന് അറിയാൻ പിന്നെയും സമയം വേണ്ടി വന്നു. സൗത്ത് എസ്ഐ ശ്രീകുമാരക്കുറുപ്പ്,

സിവിൽ പൊലീസ് ഓഫിസർമാരായ സി.ജി.പ്രമോദ്, എസ്. സജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഹൈവേ പൊലീസും ഹരിപ്പാട് പൊലീസും താമല്ലാക്കൽ മുതൽ ദേശീയപാതയുടെ ഇരുവശവും പരിശോധന നടത്തിയാണ് ഒന്നര മണിക്കൂറോളം കഴിഞ്ഞ് നാരകത്തറ ജംക്‌‍ഷനു സമീപം കുറ്റിക്കാട്ടിൽ നിന്ന് അനീഷിനെ കണ്ടെത്തിയത്.അപകടം നടന്ന സ്ഥലത്തിനു സമീപം സ്വകാര്യ ആശുപത്രിയുണ്ടായിരുന്നു. പക്ഷേ പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർ ശ്രമിച്ചില്ല.

നിയന്ത്രണങ്ങൾ ഉള്ളതിനാൽ റോഡിൽ ആളുകളും വാഹനങ്ങളും കുറവായതിനാൽ അപകടം ആരും കാണാൻ സാധ്യതയില്ലെന്ന വിചാരമാണ് കാർ നിർത്താതെ പോകാൻ ഡ്രൈവറെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഫൊറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിച്ചു. അപകട സ്ഥലത്തു നിന്നു കാറിന്റെ ഭാഗങ്ങളും കാറിന്റെ ഇടതു ഭാഗത്തു നിന്നു മുടിയും രക്തത്തിന്റെ അംശവും ശേഖരിച്ചു. ഇടിയുടെ ആഘാതത്തിൽ അനീഷ് തെറിച്ച് കാറിന്റെ മുന്നിലെ ചില്ലിലേക്കും തുടർന്നു റോഡരികിലെ കുറ്റിക്കാട്ടിലേക്കും വീഴുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.