ഫ്ലോറൻസ് ചുഴലിക്കാറ്റിനിടെ വട്ടം കറക്കി ഒരു പ്രേതകഥ; വിവാദത്തിന് ചുക്കാൻ പിടിക്കാൻ ഒരു വിഡിയോയും…..

ഫ്ലോറൻസ് ചുഴലിക്കാറ്റിനിടെ വട്ടം കറക്കി ഒരു പ്രേതകഥ; വിവാദത്തിന് ചുക്കാൻ പിടിക്കാൻ ഒരു വിഡിയോയും…..
September 21 09:03 2018 Print This Article

അമേരിക്കയെ ചുറ്റിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിനു ശേഷം പ്രളയക്കെടുതിയെ അതിജീവിക്കുകയാണ് രാജ്യം. ഇപ്പോള്‍ത്തന്നെ മുപ്പതിലേറെ പേര്‍ മരിച്ചു കഴിഞ്ഞു. ആയിരങ്ങളാണ് അഭയകേന്ദ്രത്തിലേക്കു മാറിയത്. അപകട മുന്നറിയിപ്പു നല്‍കിയ ഇടങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുപോക്ക് തുടരുകയാണ്. ഇതിനിടയിൽ ഒരു പ്രേതകഥയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പേര് ഗ്രേമാന്‍. ഗ്രേമാന്റെ വിഡിയോയും വ്യപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

ഇത് സാധാരണ പ്രേതത്തേപ്പോലെ ഉപദ്രവകാരിയല്ല. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുതരുന്ന പ്രേതമാണ്. കൊടുംനാശം വിതയ്ക്കുന്ന കാറ്റും പേമാരിയും എത്തും മുന്‍പ് ഗ്രേമാന്‍ വിവരമറിയിക്കുമെന്നാണ് സൗത്ത് കാരലൈനയിലെ ചിലരെങ്കിലും വിശ്വസിക്കുന്നത്. അതിന് ശക്തിപകർന്ന് ഇവർക്കിടയിൽ ഒറു കഥയും പരക്കുന്നുണ്ട്.

വളരെ പണ്ടാണു സംഭവം. ഒരു നാവികന്‍ തന്റെ കാമുകിയെ കാണാൻ പോവുകയായിരുന്നു. അവളോട് തന്റെ ഇഷ്ടം തുറന്നു പറയാനാണു യാത്ര. ആ നേരം കൊടുങ്കാറ്റ് ആഞ്ഞു വീശിത്തുടങ്ങിയിരിക്കുന്നു. അത് ദ്വീപിലെത്തും മുൻപേ അവളോടുള്ള ഇഷ്ടം അറിയിക്കാൻ കുതിരപ്പുറത്തു പാഞ്ഞു പോയിക്കൊണ്ടിരിക്കുകയായിരുന്നു നായകൻ.

ദൂരെ നിന്നുതന്നെ പെണ്‍കുട്ടി ആ ചെറുപ്പക്കാരനെ കണ്ടു. പക്ഷേ അപ്പോഴേക്കും കടലും കാറ്റും കലിതുള്ളിക്കഴിഞ്ഞിരുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് കുതിരപ്പുറത്തു നിന്ന് ചെറുപ്പക്കാരന്‍ തെറിച്ചു വീണു. കടല്‍ത്തീരത്തെ ഒരു മണല്‍ച്ചതുപ്പിലേക്കായിരുന്നു ആ വീഴ്ച. വീണാലുടന്‍ മണലിനടിയിലേക്കു വലിച്ചു കൊണ്ടുപോകുന്ന തരം ചതുപ്പായിരുന്നു അത്. അപകടം കണ്ട് വാവിട്ടുകരഞ്ഞ പെണ്‍കുട്ടി കൊടുങ്കാറ്റിന്റെ ഭീകരതയും അങ്ങനെയാണു തിരിച്ചറിഞ്ഞത്. എത്രയും പെട്ടെന്നു വീട്ടിലേക്ക് ഓടിയെത്തിയ അവള്‍ വീട്ടുകാരെയും കൂട്ടി സുരക്ഷിതസ്ഥാനത്തേക്കു മാറി. കൊടുങ്കാറ്റെല്ലാം അടങ്ങി തിരികെയെത്തിയപ്പോള്‍ കണ്ടതാകട്ടെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയും. അവര്‍ താമസിക്കുന്ന ദ്വീപില്‍ സകലതും കൊടുങ്കാറ്റില്‍പ്പെട്ടു താറുമാറായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീടിനു മാത്രം യാതൊരു കുഴപ്പവുമില്ല. ആ വിശ്വാസം സൗത്ത് കാരലൈനയിലുള്ളവര്‍ക്ക് ഇപ്പോഴുമുണ്ട്. ഗ്രേമാനെ കണ്ടു കഴിഞ്ഞാല്‍ തങ്ങളുടെ വീടിനു കൊടുങ്കാറ്റില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസം. ഇപ്പോഴും ഗ്രേമാൻ തന്റെ പ്രിയപ്പെട്ട പെൺകുട്ടിയോട് ഇഷ്ടം പറയാൻ പൗലീ ദ്വീപിലേക്ക് വരാറുണ്ടെന്നാണു പ്രേതവിശ്വാസികൾ കരുതുന്നത്.

എന്നാല്‍ അധികമാകും ഗ്രേമാനെ കണ്ടിട്ടില്ല. 1822ലാണ് ആദ്യമായി ഗ്രേമാനെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇരുട്ടില്‍ ഗ്രേ നിറത്തില്‍, മണലില്‍ നിന്നെഴുന്നേറ്റു നടക്കും പോലൊരു രൂപമാണതെന്നാണു പറയപ്പെടുന്നത്. 1954ല്‍ ഹസെല്‍ ചുഴലിക്കാറ്റിനും 1989ല്‍ ഹ്യൂഗോ ചുഴലിക്കാറ്റിനും മുന്‍പേ ഗ്രേമാന്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണു മറ്റൊരു കഥ. ഇത്തവണ ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനു മുന്നോടിയായും ഗ്രേമാന്‍ വന്നതായാണു പറയപ്പെടുന്നത്. അതിനുള്ള തെളിവുമായി ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ എന്ന യൂട്യൂബ് ചാനലില്‍ ഒരു വിഡിയോയും പ്രത്യക്ഷപ്പെട്ടു. കാറ്റിലും മഴയിലും കനത്ത തിരയിലും ആടിയുലയുന്ന ഒരു കടല്‍പ്പാലത്തിലൂടെ ഗ്രേമാന്‍ നടക്കുന്നതായിരുന്നു വിഡിയോ. സൂക്ഷിച്ചു നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ത്തന്നെ കാണാം കനത്ത കാറ്റിനെയും കൂസാതെ ഒരു സുതാര്യമായ രൂപം പാലത്തിലൂടെ നടക്കുന്നത്. മനുഷ്യന്റെ ആകൃതിയുമായിരുന്നു അതിന്.

വിഡിയോ തട്ടിപ്പാണെന്നു പറഞ്ഞു പലരും രംഗത്തെത്തിയിട്ടുണ്ട്. അതോടെ, എവിടെ നിന്നാണ് വിഡിയോ ലഭിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈയാഴ്ച തന്നെ പുറത്തുവിടുമെന്ന് ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ ചാനലും അറിയിച്ചിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles