കോട്ടയം: വീട്ടിൽ മദ്യപിച്ച് ബഹളം വച്ചതിന് ഭിന്നലിംഗക്കാരനായ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ക്സ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതിയായ യുവാവ് മണർകാട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ചു. മണർകാട് സ്വദേശിയായ അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് നവാസാണ് (27) ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ചത്. പ്രതിയായ നവാസ് ബാത്ത്‌റൂമിൽ കയറിയ ശേഷം തുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ നവാസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയിൽ മദ്യപിച്ച് വീട്ടിൽബഹളമുണ്ടാക്കിയ നവാസിനെതിരെ ഇയാളുടെ ഭിന്നലിംഗക്കാരനായ സഹോദരനാണ് മണർകാട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് എത്തി നവാസിനെ സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു. ലോക്കപ്പിന് പുറത്തെ ബ്ഞ്ചിലാണ് രാത്രി മുഴുവൻ നവാസിനെ ഇരുത്തിയിരുന്നത്. രാത്രി തന്നെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ഇയാളെ സ്‌റ്റേഷനിൽ എത്തിച്ചത്. തുടർന്ന് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ബന്ധുക്കളെ വിളിച്ച് വരുത്തി രാവിലെ തന്നെ ജാമ്യത്തിൽ വിടാനായി തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ്പ്രതി രാവിലെ സ്റ്റേഷനിലുള്ളിൽ തൂങ്ങിമരിച്ചത്.

ചൊവ്വാഴ്ച രാവിലെ ബാത്ത്‌റൂമിൽ പോകുന്നതിനായി ലോക്കപ്പിൽ നിന്നും നവാസിനെ പുറത്തിറക്കിയതായി പറയുന്നു. തുടർന്ന് ഒരു മണിക്കൂറിനു ശേഷവും പ്രതി ലോക്കപ്പിൽ നിന്നും പുറത്ത് വന്നില്ല തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ ബാത്ത്‌റൂമിൽ പരിശോധന നടത്തിയത്. ഈ സമയം ഇയാൾ ബാത്ത്‌റൂമിനുള്ളിൽ തൂങ്ങി നിൽക്കുന്നു. തുടർന്ന് കുടുക്ക് അറത്ത് മാറ്റിയ ശേഷം പൊലീസ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

എന്നാൽ, സംഭവം സംബന്ധിച്ചു കൃത്യമായ വിവരം നൽകാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ചാൽ ഇത് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോസ്ഥന്റെ വീഴ്ചയായാണ് കണക്കാക്കുക. അതുകൊണ്ടു തന്നെയാണ് വാർത്ത പുറത്ത് വരാതിരിക്കാൻ പൊലീസ് ശ്രമിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടെങ്കിലും പൊലീസ് മരിച്ച വ്യക്തിയുടെ വിലാസം പോലും പുറത്ത് വിടാൻ തയ്യാറായിട്ടില്ല. പ്രതി ലോക്കപ്പിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സൂചന.
ഇതിനിടെ മണർകാട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ പ്രതി മരിച്ചതുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി കൊച്ചി റേഞ്ച് ഐജിയ്ക്ക് നിർദേശം നൽകി.

മണർകാട് പോലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ കഴിഞ്ഞയാൾ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും നിർദ്ദേശം നൽകി.

ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡിമരണങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നതാണ് പോലീസിൻറെ നയം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.