വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ കരുതലോടെയായിരുന്നു പൊലീസിന്‍റെ ഓരോ നീക്കങ്ങളും. പിടിതരാതെ തെന്നിയ പ്രതികളെ വലയില്‍ വീഴ്ത്തിയത് പൊലീസിന്‍റെ ക്ഷമാപൂര്‍വമുള്ള നീക്കങ്ങള്‍. പൊലീസിന്‍റെ പിടിയിലാകുന്നതിന് മുന്‍പ് പ്രതികള്‍ നാട്ടുകാരുടെ മുന്‍‌പില്‍ നടത്തിയ ഒളിച്ചുകളികളുടെ തെളിവുകളും പൊലീസ് ശേഖരിച്ചു.
വിദേശ വനിതയുടെ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ കിടക്കുന്നതായി നാട്ടുകാര്‍ക്ക് സംശയം തോന്നിയെങ്കിലും പ്രതികള്‍ ഭീഷണിപ്പെടുത്തി തിരച്ചില്‍ തടസപ്പെടുത്തിയതായാണ് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചത്. കാട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ പോത്ത് ചത്ത് കിടക്കുന്നതാണെന്നാണ് പ്രതികള്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ കോര്‍ത്തിണക്കിയുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്ത് രണ്ട് ആഴ്ച തികയും മുന്‍പ് പ്രതികള്‍ വലയിലായത്.

കൊല്ലപ്പെടുന്നതിന് മുൻപായി വിദേശവനിതയെ പ്രതികൾ നാല് വട്ടം മാനഭംഗപ്പെടുത്തിയതായി മൊഴി ലഭിച്ചു. എന്നാൽ, നേരം ഇരുട്ടിയതോടെ യുവതി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പ്രതികൾ തടഞ്ഞു നിർത്തി പിന്നിലൂടെ കഴുത്തിറുക്കി കൊലപ്പെടുത്തി.

ആത്മഹത്യയെന്നു വരുത്താൻ പൊന്തക്കാട്ടിലെ വള്ളിയിൽ കെട്ടിത്തൂക്കാനും പ്രതികൾ ശ്രമിച്ചെന്നു പൊലീസ് പറഞ്ഞു. ഏഴു മണിക്കൂറോളം പ്രതികളുടെ പിടിയിലായിരുന്നു വനിത. പ്രതികൾക്കെതിരെ പൊലീസ് മാനഭംഗക്കുറ്റം ചുമത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ശക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം പഴകി ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ടതാണു തെളിവുകൾ നഷ്ടമാകാൻ പ്രധാന കാരണമെന്നു പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്: സംഭവദിവസം വാഴമുട്ടത്തെ കണ്ടൽക്കാടിനു സമീപത്തെ ക്ഷേത്രപരിസരം വരെ നടന്നെത്തിയ വിദേശവനിത അവിടെ സിഗരറ്റ് വലിക്കുമ്പോൾ താഴെ വഞ്ചിയിലിരുന്ന ഉമേഷ് എന്ന പ്രതി ടൂറിസ്റ്റ് ഗൈഡ് എന്ന പേരിൽ അവരെ പരിചയപ്പെടുന്നു. അവരുടെ ഭാഷയിലെ ‘വൈറ്റ് ബീഡി’ (കഞ്ചാവ്) വേണോയെന്നു ചോദിക്കുന്നു. അവർ വേണമെന്നു പറയുന്നു. തുടർന്ന് അവരെയും കൂട്ടി കാട്ടിലേക്കു നടക്കുന്നു. ഒപ്പം രണ്ടാം പ്രതി ഉദയനും കൂടുന്നു. ടൂറിസ്റ്റ് ഗൈഡായി നടക്കുന്നയാളാണ് ഉദയൻ.

കണ്ടൽക്കാട്ടിലേക്കു പോകുന്നതിനിടെ പ്രതികൾ ഇളനീർ ഇട്ടു വനിതയ്ക്കു നൽകി. അതിനുശേഷം, ലഹരിക്ക് അടിമപ്പെട്ട വനിതയെ അവിടെയുള്ള കെട്ടിടത്തിനു സമീപത്തെത്തിച്ചു രണ്ടു പ്രാവശ്യം വീതം പീഡിപ്പിക്കുന്നു. വൈകിട്ടോടെ ബോധം തെളിഞ്ഞപ്പോൾ ഇവർ മടങ്ങാൻ ഒരുങ്ങി. എന്നാൽ പ്രതികൾ അവരെ പോകാൻ സമ്മതിച്ചില്ല. മൽപ്പിടിത്തത്തിനിടെ പ്രതികളിൽ ഒരാൾ പിന്നിലൂടെ ഇവരുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തുടർന്നു സമീപത്തെ കട്ടിയുള്ള വള്ളിയിൽ തലകുരുക്കി കെട്ടിത്തൂക്കി ആത്മഹത്യയെന്നു വരുത്താൻ ശ്രമിച്ചു. അതിനുശേഷം പ്രതികൾ സ്ഥലം വിട്ടു. പിന്നീട് ഇടയ്ക്കിടെ അവിടെ ചെന്നുനോക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീർത്ത മൃതദേഹം വള്ളിയിൽ നിന്നു പൊട്ടി വള്ളിപ്പടർപ്പിലേക്കു വീണു. തല വേർപ്പെട്ടിരുന്നു.

മാര്‍ച്ച് 14ന് വൈകിട്ട് അഞ്ചരയോടെ വിദേശ വനിത കൊല്ലപ്പെട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൃതദേഹം കണ്ടെത്തിയത് ഏപ്രില്‍ 20ന് വൈകിട്ടും. അങ്ങിനെയെങ്കില്‍ 37 ദിവസം മൃതദേഹം ആ കാട്ടില്‍ കിടന്നു. ഈ ദിവസങ്ങള്‍ക്കിടയില്‍ തല അഴുകി വേര്‍പ്പെടുന്ന തരത്തില്‍ മൃതദേഹത്തിന് കേട് സംഭവിച്ചു. അസഹനീയമായ ദുര്‍ഗന്ധം പരിസരങ്ങളില്‍ വമിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അന്വേഷിച്ചവരോട് പ്രതികള്‍ പറഞ്ഞത് പോത്ത് ചത്ത് കിടക്കുന്നതിന്റെ ദുര്‍ഗന്ധമെന്നാണ്. പ്രതികളായ ഉമേഷിനെയും ഉദയനെയും മറികടന്ന് ആ കാട്ടിലേക്ക് കയറാനുള്ള ഭയം മൂലം നാട്ടുകാര്‍ അത് വിശ്വസിച്ച് തിരച്ചിലിന് തയാറായില്ലെന്നാണ് അന്വേഷണസംഘത്തിന് മൊഴി ലഭിച്ചിരിക്കുന്നത്.

കൊലപാതകമാണങ്കില്‍, കൊല നടത്തിയവര്‍ എന്തുകൊണ്ട് മൃതദേഹം മറവ് ചെയ്തില്ലെന്നതായിരുന്നു പൊലീസിന്റെ ആദ്യ സംശയം. എന്നാല്‍ കാട്ടുവള്ളികളില്‍ തൂങ്ങിയുള്ള ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനുള്ള അതിബുദ്ധിയെന്ന രീതിയിലാണ് മൃതദേഹം മറവ് ചെയ്യാതെ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഈ അതിബുദ്ധി തന്നെയാണ് പ്രതികള്‍ക്കെതിരെയുള്ള പ്രധാന സാഹചര്യത്തെളിവായതും. മൃതദേഹം കണ്ട കാട് ഇവരുടെ താവളമാണെന്ന് പൊലീസ് എളുപ്പത്തില്‍ സ്ഥിരീകരിച്ചു.
കൊലനടന്ന മാര്‍ച്ച് 14നും ഇവര്‍ ഈ കാടിന്റെ ഭാഗത്തുള്ള മൊബൈല്‍ ടവറിന്റെ പരിധിയിലുള്ളതായും കണ്ടെത്തി. കസ്റ്റഡിയിലെടുത്തുള്ള ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ ഇരുവരും പറഞ്ഞ മൊഴികള്‍ കളവെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ രണ്ടാം പ്രതിയായ ഉദയന്‍ കുറ്റം ഏറ്റുപറഞ്ഞ് തുടങ്ങി. കൂടാതെ കാട്ടില്‍ നിന്ന് കണ്ടെടുത്ത വിരലടയാളങ്ങളും മുടിയിഴകളും ഇവരുടേതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ അറസ്റ്റിനും വഴിയൊരുങ്ങി.

ഐ.ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കമ്മീഷണര്‍ പി. പ്രകാശ്, ഡി.സി.പിമാരായ ജി.ജയദേവ്, അജിത്, എ.സിപിമാരായ ദിനില്‍, സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ 25 അംഗസംഘമായിരുന്നു അന്വേഷണത്തിന് പിന്നില്‍.