കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപികമാര്‍ക്ക് സ്വീകരണമൊരുക്കി കൊല്ലം ട്രിനിറ്റി സ്‌കൂള്‍ അധികൃതര്‍. അന്വേഷണത്തിന്റെ ഭാഗമായി മാറ്റിനിര്‍ത്തിയിരുന്ന ഇവരെ തിരിച്ചെടുത്തതാണ് സ്‌കൂള്‍ അധികൃതര്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. അധ്യാപികമാരായ ക്രസന്റ്, സിന്ധു എന്നിവരെ കേക്ക് മുറിച്ച് സ്വീകരിക്കുന്ന ചിത്രങ്ങളാണ് പറത്തുവന്നത്.

വെല്‍ക്കം ബാക്ക് ക്രസന്റ് ആന്റ് സിന്ധു എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഗൗരിയുടെ ആത്മഹത്യയില്‍ പ്രതികശളായ ഇവര്‍ ഹൈക്കോടതി ജാമ്യത്തിലാണ് കഴിയുന്നത്. ഇരുവരും എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിബന്ധനയുണ്ട്. അതിനിടെയാണ് ഇരുവരെയും സ്‌കൂള്‍ ആഘോഷമായി തിരിച്ചെടുത്തത്. കുട്ടികളെ സ്വാധീനിച്ച് അനുകൂലമായ സാക്ഷിമൊഴി സൃഷ്ടിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാര്‍ പറഞ്ഞു.

സ്‌കൂളിലെ പ്രധാനാധ്യാപകന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം നടന്നത്. ഇത് വേദനയുണ്ടാക്കിയെന്നും പ്രസന്നകുമാര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്നതിന്റെ തെളിവാണ് ആഘോഷമെന്നും പ്രസന്നകുമാര്‍ പറഞ്ഞു.